KSDLIVENEWS

Real news for everyone

കളിമറന്ന് ഹൈദരാബാദ് മധ്യനിര; അഞ്ചാം ജയം സ്വന്തമാക്കി മുംബൈ

SHARE THIS ON

മുർഗാവ്: ഐ.എസ്.എല്ലിൽ ഹൈദരാബാദ് എഫ്.സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത് മുംബൈ സിറ്റി എഫ്.സി.
38-ാം മിനിറ്റിൽ വിഗ്നേഷ് ദക്ഷിണാമൂർത്തിയും 59-ാം മിനിറ്റിൽ ആദം ലെ ഫോൺഡ്രെയുമാണ് മുംബൈക്കായി സ്കോർ ചെയ്തത്. മികച്ച പ്രകടനം നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പിഴവുകളാണ് ഹൈദരാബാദിന് തിരിച്ചടിയായി. അരിഡാനെ സന്റാനയ്ക്കും ഈ മത്സരത്തിൽ തിളങ്ങാനായില്ല.
കഴിഞ്ഞ മത്സരത്തിൽ കാഴ്ച വെച്ച പ്രകടനം തുടരാൻ ഹൈദരാബാദിന്റെ മധ്യനിരയ്ക്ക് സാധിക്കാതെ പോയതും തിരിച്ചടിയായി.
മത്സരത്തിന്റെ തുടക്കത്തിൽ പന്തടക്കത്തിൽ ആധിപത്യം മുംബൈക്കായിരുന്നു. ഇതിനിടെ 38-ാം മിനിറ്റിൽ വിഗ്നേഷ് ദക്ഷിണാമൂർത്തിയുടെ ഗോളിൽ മുംബൈ ലീഡ് നേടി. അഹമ്മദ് ജാഹു പോസ്റ്റിലേക്ക് ക്രോസ് ചെയ്ത പന്ത് ബിപിൻ സിങ് നേരിച്ച് വിഗ്നേഷിന് മറിക്കുകയായിരുന്നു. കിടിലൻ വോളിയിലൂടെ വിഗ്നേഷ് പന്ത് വലയിലാക്കി.
ഇതിനിടെ 44-ാം മിനിറ്റിൽ സമനില ഗോൾ നേടാനുള്ള സുവർണാവസരം യാസിർ നഷ്ടപ്പെടുത്തുകയും ചെയ്തു. ആകാശ് മിശ്ര നൽകിയ ക്രോസ് പോസ്റ്റിന് തൊട്ടുമുന്നിൽ നിന്നിരുന്ന യാസിറിന് വലയിലെത്തിക്കാൻ സാധിച്ചില്ല. ഗോളി മാത്രം മുന്നിൽ നിൽക്കെ യാസിറിന്റെ ഹെഡർ പുറത്തേക്ക് പോയി.
59-ാം മിനിറ്റിൽ ഹൈദരാബാദിന്റെ പ്രതിരോധ പിഴവിലാണ് മുംബൈ രണ്ടാം ഗോൾ നേടിയത്. റൗളിൻ ബോർഗസിന്റെ പാസ് ലഭിക്കുമ്പോൾ ബോക്സിൽ ആദം ലെ ഫോൺഡ്രെയെ മാർക്ക് ചെയ്യാനുണ്ടായിരുന്നത് ഒരാൾ മാത്രം. ഫോൺഡ്രെയുടെ ഷോട്ട് സുബ്രതാ പോളിന്റെ കൈയിൽ തട്ടി വലയിലേക്ക്.
സൗവിക് ചക്രബർത്തി, നിഖിൽ പൂജാരി, ഹാളിചരൺ നർസാരി, ജാവോ വിക്ടർ എന്നിവരടങ്ങിയ ഹൈദരാബാദ് മധ്യനിര നിറം മങ്ങിയതും മികച്ച മുന്നേറ്റങ്ങൾക്ക് കെൽപ്പുള്ള ലിസ്റ്റൻ കൊളാസോയെ മുംബൈ വിദഗ്ദമായി പൂട്ടിയതും അവർക്ക് തിരിച്ചടിയായി.

ജയത്തോടെ ഒന്നാം സ്ഥാനത്ത് മുംബൈക്ക് 16 പോയന്റായി. ഹൈദരാബാദ് ആറാം സ്ഥാനത്ത് തന്നെ തുടരുന്നു.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!