വാക്സീൻ വന്നശേഷം പൗരത്വ നിയമം ; ജനത്തിന് മമതയോട് ദേഷ്യം : അമിത് ഷാ

ബിർഭും • ബംഗാളിലെ ജനങ്ങൾക്കു മുഖ്യമന്ത്രി മമത ബാനർജിയോടു ദേഷ്യമാണെന്നു കേന്ദ് അഭ്യന്തര മന്ത്രി അമിത് ഷാ . സംസ്ഥാനത്തു തന്റെ റോഡ് ഷോയിലെ വലിയ ജനപങ്കാളിത്തം ഇതിന്റെ സൂചനയാണ് . ജനം മാറ്റം ആഗ്രഹിക്കുന്നതായും ഷാ പറഞ്ഞു . കോവിഡ് വാക്സസീൻ വന്നശേഷം പൗരത്വനിയമം നടപ്പാക്കും . നിയമത്തിന്റെ ചട്ടങ്ങൾ പൂർണമായിട്ടില്ല . കോവിഡ് മൂലം നടപടികൾ നീണ്ടുപോയി . അവസരം നൽകിയാൽ അഞ്ചുവർഷം കൊണ്ടു സുവർണബംഗാൾ കെട്ടിപ്പടുക്കുമെന്നും ഷാ പറഞ്ഞു എന്റെ ജീവിതത്തിൽ ഇതുപോലൊരു റോഡ് ഷോ കണ്ടിട്ടില്ല . പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ബംഗാളിനുള്ള സ്നേഹവും വിശ്വാസവുമാണിതു തെളിയിക്കുന്നത് . മമത ദീദിയോടു പൊതുജനങ്ങൾക്കുള്ള ദേഷ്യമാണു റോഡ് ഷോയിൽ കാണുന്നത് . ബംഗാളിലെ ജനത്തിനു മാറ്റം ആവശ്യമുണ്ട് . കേവലമൊരു മുഖ്യമന്ത്രി മാറുകയല്ല വേണ്ടത് . വികസനത്തിലും പുരോഗതിയിലും സംസ്ഥാനത്തിന് ആകെയുമുള്ള മാറ്റമാണു വേണ്ടത് . മോദിക്ക് ഒരു അവസരം തരൂ , സമൂലമായി മാറ്റം സൃഷ്ടിക്കാം’- ഷാ പറഞ്ഞു . തൃണമൂൽ കോൺഗ്രസ് കുടുംബ പാർട്ടിയായി മാറിക്കഴിഞ്ഞന്നു വാർത്താ സമ്മേളനത്തിൽ ഷാ കുറ്റപ്പെടുത്തി . ബിജെപി പ്രവർത്തകർക്കെതിരെ നടന്ന ആക്രമണത്തെ അപലപിക്കുന്നു . തൃണമൂലിന്റെ അസ്വസ്ഥതയാണ് ഇതിനുപിന്നിൽ . വരുന്ന തിരഞ്ഞെടുപ്പുകളിൽ തൃണമൂലിനെ ബിജെപി പരാജയപ്പെടുത്തും . ബംഗാളിലെ ആരോഗ്യ സംവിധാനങ്ങൾ ശോചനീയാവസ്ഥയിലാണ് . റോഡുകൾ പൊളിഞ്ഞുകിടക്കുന്നു . വൈദ്യുതി വിതരണം മോശം അവസ്ഥയിലാണ് .
മമത കഴിഞ്ഞാൽ ഏറ്റവും ജനപ്രീതിയുള്ള മുതിർന്ന തൃണമൂൽ നേതാവ് സുവേന്ദു അധികാരിക്കൊപ്പം വിവിധ കക്ഷികളിലെ 9 എംഎൽഎമാരും ഒരു എംപിയും അമിത് ഷായുടെ സാന്നിധ്യത്തിൽ കഴിഞ്ഞദിവസം ബിജെപിയിൽ ചേർന്നിരുന്നു . പശ്ചിമ മിഡ്നാപുരിൽ ബിജെപി സംഘടിപ്പിച്ച് കൂറ്റൻ റാലിയിൽ 5 തൃണമൂൽ എംഎൽഎമാർക്കും ഒരു എംപിക്കുമൊപ്പം 3 സിപിഎം എംഎൽഎമാരും ഒരു കോൺഗ്രസ് എംഎൽഎയുമാണു ബിജെപിയിൽ ചേർന്നത് . വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 200 ലേറെ സീറ്റുകൾ നേടി ബിജെപി ബംഗാളിൽ അധികാരം പിടിക്കുമെന്ന് ഷാ പ്രഖ്യാപിച്ചു . സംസ്ഥാന നിയമസഭയിൽ 294 സീറ്റുകളാണുള്ളത്