KSDLIVENEWS

Real news for everyone

രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കുന്നതായി ബെൻസേമ; റയലിനായി തുടർന്നും കളിക്കും…

SHARE THIS ON

മഡ്രിഡ് ∙ നിലവിലെ ബലോൻ ദ് ഓർ പുരസ്കാര ജേതാവായ ഫ്രാൻസിന്റെ കരിം ബെൻസേമ രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിച്ചു. ട്വിറ്ററിലൂടെയാണ് മുപ്പത്തഞ്ചുകാരനായ ബെൻസേമ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഖത്തർ ലോകകപ്പിൽ ഫ്രാൻസിന്റെ പ്രധാന പ്രതീക്ഷയായിരുന്ന ബെൻസേമയ്ക്ക്, പരിശീലനത്തിനിടെ പരുക്കേറ്റതോടെ ലോകകപ്പ് പൂർണമായും നഷ്ടമായിരുന്നു. പരിശീലനത്തിനിടെ ഇടതു തുടയിലെ പേശിയിലാണു ബെൻസേമയ്ക്കു പരുക്കേറ്റത്. വേദന മൂലം താരം പരിശീലനം അവസാനിപ്പിക്കുകയായിരുന്നെന്ന് ഫ്രഞ്ച് സോക്കർ ഫെഡറേഷൻ അറിയിക്കുകയായിരുന്നു.


ബെൻസേമയുടെ അഭാവത്തിലും തകർപ്പൻ പ്രകടനവുമായി ഫൈനലിലെത്തിയ ഫ്രാൻസ്, അർജന്റീനയോടു തോറ്റ് രണ്ടാം സ്ഥാനം നേടിയിരുന്നു. അതേസമയം, ഫൈനലിനു തൊട്ടുമുൻപായി പരിശീലനം പുനരാരംഭിച്ച ബെൻസേമ അർജന്റീനയ്‌ക്കെതിരെ കളത്തിലിറങ്ങുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും അത് അഭ്യൂഹമായിത്തന്നെ അവസാനിച്ചു. ഇതിനു പിന്നാലെ, തന്റെ 35–ാം ജന്മദിനത്തിലാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്.


‘എന്റെ അധ്വാനവും ഞാൻ വരുത്തിയ പിഴവുകളുമാണ് എന്നെ ഇന്നത്തെ ഞാനാക്കിയത്. അതിൽ എനിക്ക് അഭിമാനമേയുള്ളൂ. ഞാൻ എന്റെ കഥയെഴുതി. ഞങ്ങളുടേത് ഇവിടെ അവസാനിക്കുന്നു’ – ബെൻസേമ ട്വിറ്ററിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!