KSDLIVENEWS

Real news for everyone

ഗ്രീഷ്മയ്ക്ക് പരമാവധി പ്രതീക്ഷിച്ചത് ജീവപര്യന്തം വരെ; വധശിക്ഷയില്‍ ഞെട്ടി പ്രതിഭാഗം

SHARE THIS ON

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍രാജ് കൊലക്കേസില്‍ സെഷന്‍സ് കോടതി പ്രതി ഗ്രീഷ്മയ്ക്കു വധശിക്ഷ വിധിച്ചത് അക്ഷരാര്‍ഥത്തില്‍ പ്രതിഭാഗത്തെ ഞെട്ടിച്ചു. സാഹചര്യത്തെളിവുകളും ഡിജിറ്റല്‍ തെളിവുകളുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. നേരിട്ടുള്ള തെളിവുകളില്ലാത്തതിനാല്‍ പരമാവധി ജീവപര്യന്തം വരെയാണ് പ്രതിഭാഗം പ്രതീക്ഷിച്ചിരുന്നത്.

ഷാരോണിന്റെ ശരീരത്തിലെ വിഷത്തിന്റെ അംശം അടക്കമുള്ള തെളിവുകള്‍ ഹാജരാക്കാനും അന്വേഷണസംഘത്തിനായിരുന്നില്ല. മാത്രമല്ല, സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ വധശിക്ഷ വിധിക്കരുതെന്ന് മേല്‍ക്കോടതികള്‍ പലപ്പോഴും നിര്‍ദേശിച്ചിരുന്നു.

ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത 24 വയസ്സുള്ള ഒരു പെണ്‍കുട്ടിയാണെന്നതും പ്രതിക്ക് അനുകൂല ഘടകമായിരുന്നു. ജയിലില്‍നിന്നു പുറത്തിറങ്ങിയാല്‍ സമൂഹത്തില്‍ വീണ്ടും പ്രശ്‌നമായി മാറുന്ന പ്രതികള്‍ക്കാണ് സാധാരണ വധശിക്ഷ വിധിക്കുന്നത്. പക്ഷേ, ഇതൊന്നും പരിഗണിക്കാതെയാണ് കോടതി പരമാവധി ശിക്ഷ വിധിച്ചതെന്നാണ് പ്രതിഭാഗത്തിന്റെ പരാതി.

തുടക്കത്തില്‍ ഗ്രീഷ്മ കുറ്റം ചെയ്തിട്ടില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍, ഗ്രീഷ്മ കുറ്റക്കാരിയാണെന്നു കണ്ടെത്തിയതോടെ കൊല്ലപ്പെട്ട ഷാരോണിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിഭാഗം കോടതിയിലെത്തി. ഇവര്‍ ഒരുമിച്ചുണ്ടായിരുന്നപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ഷാരോണ്‍രാജ് ഗ്രീഷ്മയെ നിരന്തരം ബ്ലാക്‌മെയില്‍ ചെയ്യുകയായിരുന്നുവെന്നും ഗത്യന്തരമില്ലാതെ സംഭവിച്ച കൊലപാതകമായിരുന്നുവെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചിരുന്നു.

ഗ്രീഷ്മയുമായിട്ടുള്ള സ്വകാര്യ ചിത്രങ്ങള്‍ ഷാരോണ്‍ മൊബൈലില്‍ ചിത്രീകരിച്ചു സൂക്ഷിച്ചിരുന്നു. ഇതൊക്കെ ചിത്രീകരിച്ച് സൂക്ഷിച്ചത് ഷാരോണിന്റെ സ്വഭാവദൂഷ്യമായി കണക്കാക്കാന്‍ തയ്യാറായില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു.

അറസ്റ്റിലായ സമയത്ത് നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍ െവച്ച് ആത്മഹത്യക്കു ശ്രമിച്ചപ്പോള്‍ മജിസ്ട്രേറ്റ് ഗ്രീഷ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിലും ഷാരോണ്‍ തന്നെ ബ്ലാക്മെയില്‍ ചെയ്തിരുന്നതായി ഗ്രീഷ്മ പറഞ്ഞിരുന്നു. ഇതൊന്നും കോടതി പരിഗണിച്ചില്ലെന്നാണ് പ്രതിഭാഗത്തിന്റെ പരാതി. വിധി നിയമപരമായ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്നതല്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു. പ്രതിഭാഗത്തിനായി അഭിഭാഷകന്‍ ശാസ്തമംഗലം അജിത്താണ് ഹാജരായത്. വധശിക്ഷ ഹൈക്കോടതിയുടെ രണ്ടംഗ െബഞ്ച് പരിശോധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!