KSDLIVENEWS

Real news for everyone

കനത്ത സുരക്ഷയുമായി പോലീസ്; കാസർകോട് ജില്ലയിൽ ഏഴിടത്ത് മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചു

SHARE THIS ON

കാസർകോട് ∙ ജില്ലയിൽ മുഖ്യമന്ത്രിക്കു കനത്ത സുരക്ഷയുമായി പൊലീസ്. അതു ലംഘിച്ച് കരിങ്കൊടി പ്രയോഗിക്കാൻ യൂത്ത് കോൺ‌ഗ്രസും. ഒപ്പം യുവ മോർച്ചയും യൂത്ത് ലീഗും ചേർന്നതോടെ ജില്ല സാക്ഷ്യം വഹിച്ചത് പ്രതിഷേധത്തിന്റെ ദിനം. കരിങ്കൊടിയുമായി എത്തിയവരെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ നിന്ന് പൊലീസുകാർ ലാത്തിവീശിയാണ് ഓടിച്ചത്.

ജില്ലയിൽ 7 ഇടങ്ങളിൽ യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, യുവമോർച്ച പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.പടന്നക്കാട് 2 സ്ഥലങ്ങളിലും ചിത്താരി, പള്ളിക്കര കല്ലിങ്കാൽ, കാസർകോട്, പൊയ്നാച്ചി, മാവുങ്കാൽ എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുയർന്നത്.

രാവിലെ ചീമേനിയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ സന്ദീപിനെ കരിങ്കൊടി കാട്ടാനുള്ള ശ്രമത്തിനിടെ പൊലീസ്  കസ്റ്റഡിയിലെടുത്തു.

∙നിലേശ്വരം

മുഖ്യമന്ത്രി എത്തുന്നതിന് തൊട്ടു മുൻപ് 11.40 നു മാർക്കറ്റ് ജംക്‌ഷനിൽ എത്തുന്നതിനു തൊട്ടുമുൻപ് ഇവിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഭാരതീയ ദലിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സഞ്ജീവൻ മടിവയൽ, ജില്ലാ വൈസ് പ്രസിഡന്റ് കെ.കുഞ്ഞിക്കൃഷ്ണൻ മട്ടലായി, ചെറുവത്തൂർ മണ്ഡലം വൈസ് പ്രസിഡന്റ് കെ.മോഹനൻ എന്നിവരെ നീലേശ്വരം പൊലീസ് കസ്റ്റഡിലെടുത്തു.

∙പടന്നക്കാട് 

ഉച്ചയ്ക്ക് 3.5ന് പടന്നക്കാട് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ്‌ ഷിബിൻ ഉപ്പിലക്കൈ, മണ്ഡലം സെക്രട്ടറി എച്ച്.ആർ.വിനീത് എന്നിവരുടെ നേതൃത്വത്തിൽ കരിങ്കൊടി വീശി.3.5ന് തന്നെ പടന്നക്കാട് മേൽപ്പാലത്തിനു താഴെ ശരത് മരക്കാപ്പ്, തസ്റീന, ദിവ്യ, ലിജിന എന്നിവരും കരിങ്കൊടി കാട്ടി.

∙ചിത്താരി

4.10ന് ചിത്താരിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ഇസ്മായിൽ ചിത്താരി, രാജേഷ് തമ്പാൻ, ജോബിൻ ബാബു, ജോബിൻ പറമ്പ എന്നിവരുടെ നേതൃത്വത്തിലും കരിങ്കൊടി കാട്ടി.

∙പള്ളിക്കര

 4.15ന്പള്ളിക്കര കല്ലിങ്കാലിൽ പള്ളിക്കര മണ്ഡലം പ്രസിഡന്റ്‌ മഹേഷ്‌ തച്ചങ്ങാടിന്റെ നേതൃത്വത്തിൽ റാഷിദ്‌, സുജിത് എന്നിവരും കരിങ്കൊടി കാണിച്ചു. 

∙കാസർകോട്

4.30ന് കാസർകോട് പ്രസ് ക്ലബ്‌ ജംക്‌ഷനിൽ ജില്ലാ പ്രസിഡന്റ്‌ ബി.പി.പ്രദീപ്‌ കുമാർ, കാഞ്ഞങ്ങാട് ബ്ലോക്ക്‌ പ്രസിഡന്റ്‌ രാഹുൽ രാം നഗറും മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടിയുമായി പാഞ്ഞടുത്തു. ഇരുവരെയും പൊലീസ് ബലം പ്രയോഗിച്ചു നീക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ സന്ദർശനത്തെ തുടർന്നു ഒട്ടേറെ യൂത്ത് കോൺഗ്രസ്‌ നേതാക്കളെയാണ് പൊലീസ് കരുതൽ തടങ്കലിൽ ആക്കിയത്. യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ മനാഫ് നുള്ളിപ്പാടി, അജാനൂർ മണ്ഡലം പ്രസിഡന്റ്‌ ഉമേശൻ കാട്ടുകുളങ്ങര എന്നിവരെ രാവിലെ തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. 

∙പൊയ്നാച്ചി

മുഖ്യമന്ത്രി മടങ്ങുന്ന വഴി പൊയിനാച്ചിയിൽ ചെമ്മനാട് മണ്ഡലം പ്രസിഡന്റ് പ്രദീപ്, രാകേഷ് കരിച്ചേരി എന്നിവർ കരിങ്കൊടി കാണിച്ചു.

∙മാവുങ്കാൽ 

 മുഖ്യമന്ത്രി കണ്ണൂരിലേക്ക് മടങ്ങും വഴി മാവുങ്കാലിൽ യുവമോർച്ച പ്രവർത്തകരും കരിങ്കൊടി കാട്ടി. അജാനൂർ മണ്ഡലം പ്രസിഡന്റ് വൈശാഖ് മാവുങ്കാൽ, കനക രാജ് എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാട്ടിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പുതിയകോട്ടയിൽ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടാൻ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി ടിബി റോഡ് വഴി പോയതിനാൽ പദ്ധതി പാളി. 

∙കാഞ്ഞങ്ങാട് 

മുഖ്യമന്ത്രി പിണറായി വിജയനു നേരെ കരിങ്കൊടി കാണിക്കാൻ പോകുന്നതിനിടെ യൂത്ത് ലീഗ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.പി.നൗഷാദ്, മണ്ഡലം ജനറൽ സെക്രട്ടറി റമീസ് ആറങ്ങാടി എന്നിവരെയാണ് പുതിയ കോട്ട ലീഗ് ഓഫിസിന് അരികിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് 2.30ന് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!