വോളി മത്സരത്തിന്റെ ആവേശത്തിൽ ചെർക്കള: അഖിലേന്ത്യ ഇൻവിറ്റേഷൻ കപ്പ് ടൂർണമെന്റ് കാണാൻ ഇരച്ചെത്തി നാട്

ചെർക്കള: വോളി മത്സരത്തിന്റെ ആവേശം കടലിരമ്പി ചെർക്കളയിലെ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയം. ദേശീയ ഇൻവിറ്റേഷൻ കപ്പ് വോളിബോൾ ടൂർണമെന്റിൽ കൊമ്പന്മാർ നേരിടാനിറങ്ങിയപ്പോൾ താരങ്ങളുടെ ഓരോ പ്രകടനത്തിനും കയ്യടിച്ചും ശബ്ദമുണ്ടാക്കിയും കാണികൾ പ്രോത്സാഹിപ്പിച്ചു. നാലായിരം പേർക്ക് ഇരിക്കാവുന്ന ഗാലറി ആദ്യദിനം തന്നെ നിറഞ്ഞു കവിഞ്ഞു. വോളിബോൾ ആവേശം എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കുന്നതായിരുന്നു ജനസഞ്ചയം. ഇന്ത്യൻ എയർഫോഴ്സിനാണ് ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ വിജയം. ആദ്യ സെറ്റിൽ പരാജയപ്പെട്ടശേഷം മത്സരത്തിലേക്കു തിരിച്ചുവന്ന എയർഫോഴ്സ് 3–1നാണ് വൻ താരനിരയുമായി എത്തിയ ബിപിസിഎൽ കൊച്ചിനെ പരാജയപ്പെടുത്തിയത്.
ചെർക്കളയിൽ നടക്കുന്ന ദേശീയ ഇൻവിറ്റേഷൻ കപ്പ് വോളിബോൾ ടൂർണമെന്റ് കാണാനെത്തിയവർ.
രണ്ടാം സെറ്റ് ഇഞ്ചോടിഞ്ചു പോരാടി പിടിച്ചെടുത്ത എയർഫോഴ്സ് പിന്നീടുള്ള 2 സെറ്റുകളും അനായാസം നേടി. എയർഫോഴ്സിനു വേണ്ടി ക്യാപ്റ്റൻ എ.ഷമീമുദ്ദീൻ, അറ്റാക്കർ വിപിൻ ജോ, വികാസ് മാൻ എന്നിവർ തിളങ്ങി. മുൻ ഇന്ത്യൻ നായകൻ ജെറോം വിനീതിന്റെ ഒറ്റയാൾ പ്രകടനത്തിനും ബിപിസിഎലിനെ രക്ഷിക്കാനായില്ല.രണ്ടാം മത്സരത്തിൽ കേരള പൊലീസ് ഏകപക്ഷീയമായ 3 സെറ്റുകൾക്കാണ് മുംബൈ സ്പൈക്കേഴ്സിനെ പരാജയപ്പെടുത്തിയത്. പ്രൈംവോളി ലീഗിൽ കൊൽക്കത്ത തണ്ടർ ബോൾട്സിനു വേണ്ടി കളിക്കുന്ന കെ.രാഹുലിന്റെ മിന്നും പ്രകടനത്തിന്റെ കരുത്തിലാണ് കേരള പൊലീസിന്റെ വിജയം.
ശക്തമായ സർവീസുകളിലൂടെയും സ്മാഷുകളിലൂടെയൂം രാഹുൽ മുംബൈയുടെ ഉറക്കം കെടുത്തി. ക്യാപ്റ്റൻ പി.വി.ജിഷ്ണു, ദേശീയതാരം കെ.പി.എറിൻ വർഗീസ് എന്നിവരും പൊലീസ് ടീമിനു വേണ്ടി കളംനിറഞ്ഞു കളിച്ചു. മറുവശത്ത് സെറ്റർ മുഹമ്മദ് ഹാരിസിന്റെ (സുറുമി) തന്ത്രങ്ങൾ മുംബൈയ്ക്ക് ഇടയ്ക്കിടെ വെല്ലുവിളി ഉയർത്തിയെങ്കിലും പൊലീസ് അനായാസം മറികടന്നു. മുൻ സർവീസസ് താരം ഷെഫീഖ് റഹ്മാൻ, കേരള യൂണിവേഴ്സിറ്റി താര അഭിഷേക് തുടങ്ങിയവരാണ് മുംബൈക്കായി കളിക്കാനിറങ്ങിയത്.
ഇന്ത്യൻ എയർഫോഴ്സും കേരള പൊലീസും സെമിയിൽ
ടൂർണമെന്റിൽ ഇന്ത്യൻ എയർഫോഴ്സും കേരള പൊലീസും സെമിഫൈനലിൽ കടന്നു. ഇന്നു നടക്കുന്ന ആദ്യ സെമിഫൈനലിൽ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടും. സെമി ഫൈനലിനു മുൻപ് സെന്റ് സ്റ്റീഫൻസ് കോളജ് പാല–ഡിഐഎസ്ടി കോളജ് അങ്കമാലി ടീമുകൾ തമ്മിലുള്ള മത്സരവുമുണ്ട്. ഇന്നലെ നടന്ന ഇന്ത്യൻ ആർമി–വെസ്റ്റേൺ കമാൻഡ് പഞ്ചാബ്, കൊച്ചിൻ കസ്റ്റംസ്–കെഎസ്ഇബി ടീമുകൾ തമ്മിലുള്ള മത്സരത്തിലെ വിജയികൾ തമ്മിലാണ് നാളെ രണ്ടാം സെമിഫൈനൽ. സിഎംഎസ് കോളജ് കോട്ടയം–സെന്റ് സ്റ്റീഫൻ കോളജ് പത്തനാപുരം ടീമുകളും നാളെ കളത്തിലിറങ്ങും. 23 നാണ് ഫൈനൽ. രാത്രി 8.30 ന് മത്സരങ്ങൾ ആരംഭിക്കും.
ഇന്നത്തെ മത്സരം
രാത്രി 8.30 :സെന്റ് സ്റ്റീഫൻസ് കോളജ് പാല–ഡിഐഎസ്ടി കോളജ് അങ്കമാലി.
രാത്രി 10: ആദ്യ സെമിഫൈനൽ: ഇന്ത്യൻ എയർഫോഴ്സ്– കേരള പൊലീസ്.


