സ്റ്റാലിന്‍ ഭാഷയുടെ പേരില്‍ വിഷം പടര്‍ത്തുന്നു, ഭാഷ വിവാദം അഴിമതി മറച്ചുവെക്കാനുള്ള മറ- അമിത് ഷാ

ന്യൂഡൽഹി: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ ഭാഷയുടെ പേരില്‍ വിഷം പടര്‍ത്തുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്രം തമിഴ്‌നാട്ടിലേക്ക് ഹിന്ദിഭാഷ അടിച്ചേല്‍പ്പിക്കുന്നുവെന്ന ആരോപണങ്ങൾക്കാണ് രാജ്യസഭയിൽ അമിത് ഷായുടെ മറുപടി. അഴിമതി മറച്ചുവെക്കാനുള്ള മറയായി ഭാഷാ വിവാദം ഡി.എ.കെ വലിച്ചിഴക്കുകയായണെന്നും ഷാ ആരോപിച്ചു.
അഴിമതി മറച്ചുവെക്കാനായി ഭാഷയുടെ കടകള്‍ നടത്തുകയാണ് അവര്‍. രാജ്യത്തിന്റെ ആഭരണമാണ് ഓരോ ഭാഷയും. കിഴക്കന്‍ ഭാഷകളോട് കേന്ദ്രത്തിന് എതിര്‍പ്പാണെന്നാണോ അവര്‍ കരുതുന്നത്? ഭാഷയുടെ പേരില്‍ രാഷ്ട്രീയം നടത്തുന്നവര്‍ക്ക് അവരുടേതായ മറ്റ് ഉദ്ദേശങ്ങളുണ്ട്, അമിത് ഷാ പറഞ്ഞു.
ഭാഷയുടെ പേരില്‍ ഡിഎംകെ രാജ്യത്തെ ഭിന്നിപ്പിക്കുകയായണെന്നും ആഭ്യന്തര മന്ത്രി ആരോപിച്ചു. നിങ്ങളുടെ ചെയ്തികളെ ലോകത്തിനു മുന്നില്‍ വെളിവാക്കാന്‍ ഓരോ ഗ്രാമങ്ങളും കയറിയിറങ്ങുമെന്നും രാജ്യസഭ ചര്‍ച്ചക്കിടെ അമിത് ഷാ പറഞ്ഞു.
പുതിയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ നയം നടപ്പാക്കുന്നതില്‍ കേന്ദ്രവും തമിഴ്‌നാട് സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷം കടുക്കുന്ന പശ്ചാത്തില്‍ ഹിന്ദി ഭാഷ സംസ്ഥാനത്തിനു മേല്‍ അടിച്ചേല്‍പ്പിക്കുന്നെന്ന് ആരോപിച്ച് കേന്ദ്രത്തെ വിമര്‍ശിച്ചുകൊണ്ട് തമിഴ്മാട്ടില്‍ നിന്നുള്ള രാജ്യസഭാ എംപിമാരും രംഗത്തുവന്നിരുന്നു.
ഔദ്യോഗിക ഭാഷാ വകുപ്പിന് കീഴില്‍, നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരു ഇന്ത്യന്‍ ഭാഷാ വിഭാഗം രൂപീകരിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, മറാത്തി, ഗുജറാത്തി, പഞ്ചാബി, അസമീസ്, ബംഗാളി തുടങ്ങി എല്ലാ ഇന്ത്യന്‍ ഭാഷകളുടെയും ഉപയോഗം വര്‍ധിപ്പിക്കുന്നതിനായി വിഭാഗം പ്രവര്‍ത്തിക്കും’ ആഭ്യന്തരമന്ത്രി പറഞ്ഞു.