കനത്ത മഴയിൽ മുങ്ങി മുംബൈ നഗരം.
ഇന്നും നാളെയും നഗരത്തിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
മുംബൈ| കനത്ത മഴയിൽ മുങ്ങി മുംബൈ നഗരം. പത്ത് ദിവസത്തെ വിനായക ചതുർഥി ആഘോഷങ്ങൾ നാളെ തുടങ്ങാനിരിക്കെ ഇന്നും നാളെയും നഗരത്തിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഉയർന്ന വേലിയേറ്റത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്. താനെ, മഹാരാഷ്ട്രയുടെ ചില ഭാഗങ്ങൾ, കൊങ്കൺ മേഖല എന്നിവിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ തീവ്ര മഴ ലഭിക്കുമെന്നാണ് പ്രവചനം. ഈ മാസം 24 വരെ പൽഘാറിൽ കനത്തമഴക്ക് സാധ്യതയുണ്ട്. റായ്ഗഡിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയിലേക്ക് വെള്ളമെത്തിക്കുന്ന ഏഴ് ജലസംഭരണികളിൽ ഒന്നായ മൊഡക് സാഗർ അണക്കെട്ട് ചൊവ്വാഴ്ച രാത്രി മുതൽ നിറഞ്ഞൊഴുകാൻ തുടങ്ങി. ഈ മാസം നല്ല മഴ ലഭിച്ചതിനാൽ ഭട്‌സ, അപ്പർ വൈതർന, മിഡിൽ വൈതർന, ടാൻസ, മൊഡക് സാഗർ, വിഹാർ, തുളസി എന്നീ ജലസംഭരണികളിൽ നിലവിൽ 83 ശതമാനം ജലസംഭരണമുണ്ട്.
ഈ മാസം 17 വരെ മഹാരാഷ്ട്രയിൽ സാധാരണ ശരാശരിയേക്കാൽ 16 ശതമാനം കൂടുതൽ മൺസൂൺ മഴ ലഭിച്ചു. ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 17 വരെ ലഭിച്ചത് 826.7 മില്ലിമീറ്റർ മഴയാണ് . സാധാരണ ഇതേ കാലയളിവിൽ 713.7 മില്ലിമീറ്റർ മഴയാണ് ലഭിക്കാറുണ്ടായിരുന്നത്. സംസ്ഥാനത്തെ 36 ജില്ലകളിൽ ആറെണ്ണത്തിൽ കൂടുതൽ മഴ പെയ്തു. എന്നാൽ യവത്മാൽ, ഗോണ്ടിയ, അകോല എന്നിവിടങ്ങളിൽ ജൂൺ ഒന്ന് മുതൽ മഴയുടെ കുറവുണ്ടായതായി ഐ എം ഡി അറിയിച്ചു.