കോവിഡ് പ്രതിരോധം വീടുകളിൽ തീർത്ത് കാസർഗോഡ് വീണ്ടും മാതൃക സൃഷ്ടിച്ചു;
വീടുകളില്‍ ചികിത്സയില്‍ കഴിഞ്ഞ 42 പേര്‍ക്ക് രോഗമുക്തി നേടാൻ കഴിഞ്ഞു

കാസർഗോഡ്: ജില്ലയുടെ അഭിമാനത്തിൽ ഇനി ഒരു പൊൻ തൂവൽ ചേർക്കുന്നു. കോവിഡ് പോസിറ്റീവായി വീടുകളിൽ ചികിത്സയിൽ കഴിഞ്ഞ 42 പേർ രോഗമുക്തി നേടാനായത് ജില്ലയുടെ യശസ്സ് ഉയരാൻ ഇടയാക്കി. കോവിഡ് പ്രതിരോധത്തിന്റെ ഉദാത്ത മാതൃകയായി കാസർഗോഡ്. ആർടിപിസിആർ, ആന്റിജൻ പരിശോധനാഫലം പോസിറ്റീവായ രോഗലക്ഷണം ഇല്ലാത്തവരെയാണ് വീടുകളിൽ കിടത്തി ചികിത്സിക്കുന്നത്. വീടുകളിൽ കിടത്തിച്ചികിത്സ സംസ്ഥാനത്ത് ആദ്യമായി ജില്ലാതലത്തിൽ ആരംഭിച്ചതും കാസർകോടാണ്. ഓഗസ്റ്റ് 12നാണ് ജില്ലയിൽ വീടുകളിൽ നിർത്തിയുള്ള ചികിത്സയ്ക്ക് തുടക്കം കുറിച്ചത്. ഇന്നലെ വരെ 228 പേരാണ് വിവിധ പഞ്ചായത്തുകളിലും നഗരസഭകളിലുമായി വീടുകളിൽ ചികിത്സയിൽ ഉണ്ടായിരുന്നത്. ഇതിൽ 42 പേരാണ് രോഗമുക്തി നേടിയത്. ആരോഗ്യ പ്രവർത്തകരുടെയും ജാഗ്രത സമിതിയുടെയും കൃത്യമായ നിരീക്ഷണം രോഗികൾക്ക് ഉറപ്പുവരുത്താനും ജില്ലാ തലത്തിൽ ഏകോപനം നടത്താനും സാധിച്ചു എന്നതാണ് പദ്ധതിയുടെ വിജയം. രോഗികൾക്ക് സ്വന്തം വീട്ടിൽ നിൽക്കാൻ കഴിയുന്നു എന്നതാണ് അവരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനും അതുവഴി രോഗമുക്തി വേഗത്തിലാക്കാനും വേറെ സഹായിക്കുന്നുവെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ വി രാംദാസ് പറഞ്ഞു. പരിമിതമായ ചികിത്സാ സൗകര്യങ്ങളുള്ള ജില്ലയ്ക്ക് ഏറെ ആശ്വാസമായിരുന്നു വീടുകളിൽ കിടത്തി ചികിത്സിക്കാനുള്ള അനുമതി.