സ്പെഷൽ ഡ്രൈവ്: ജില്ലയിൽ പിടികൂടിയത് 1745 ലീറ്റർ മദ്യം

കാസർകോട് ∙ ഓണക്കാലത്തെ അനധികൃത മദ്യവിൽപന തടയാനായി എക്സൈസ് വകുപ്പ് നടത്തിയ സ്പെഷൽ ഡ്രൈവിൽ ജില്ലയിൽ നിന്നു പിടികൂടിയത് 1745 ലീറ്റർ കർണാടക മദ്യം. 102 അബ്കാരി കേസുകളും മയക്കുമരുന്ന് കടത്തിയ 7 കേസുകളും ഈ കാലയളവിൽ റജിസ്റ്റർ ചെയ്തു. എഴുപതിലേറെ പേർക്കെതിരെയാണ് കേസെടുത്തത്. ഇതിൽ 10 പേരെ കിട്ടാനുണ്ട്. ലഹരി വസ്തുക്കൾ കടത്താനുപയോഗിച്ച 6 കാറുകളും 2 ഓട്ടോറിക്ഷകളും 3 ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു. ഇതിനു പുറമേ 38 ലീറ്റർ ചാരായവും 27 ലീറ്റർ ഗോവ മദ്യവും 220 ലീറ്റർ കേരള മദ്യവും 33 ലീറ്റർ കർണാടക ബീയറും 25 ലീറ്റർ കേരള ബീയറും പിടികൂടി. 900 ലീറ്റർ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു. 312 ഗ്രാം കഞ്ചാവും 100 കിലോയിലേറെ പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തവയിൽപ്പെടുന്നു. കഴിഞ്ഞ മാസം 25 നാണ് ഒരു മാസം നീണ്ട സ്പെഷൽ ഡ്രൈവ് ആരംഭിച്ചത്. പൊലീസ്, വനംവകുപ്പ്, റെയിൽവേ പൊലീസ്, തീരദേശ പൊലീസ്, കർണാടക എക്സൈസ് എന്നിവയുമായി സഹകരിച്ച് സംയുക്ത പരിശോധനകളും നടത്തി. 30 ഓളം സംയുക്ത പരിശോധനകളാണ് വിവിധ ഭാഗങ്ങളിൽ നടത്തിയത്. ജില്ലയിലേക്ക് അധികവും മദ്യമൊഴുകുന്നത് കർണാടകയിൽ നിന്നായതിനാൽ അവിടത്തെ എക്സൈസ് ഉന്നതരുമായി ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ വിനോദ് ബി.നായരുടെ നേതൃത്വത്തിൽ ഓൺലൈൻ യോഗം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ജില്ലാ അതിർത്തികളിൽ സംയുക്ത പരിശോധന നടത്തുകയും സ്ഥിരം കുറ്റവാളികളുടെ പട്ടിക പരസ്പരം കൈമാറുകയും ചെയ്തു. ഇത് മദ്യക്കടത്ത് പിടികൂടാൻ എളുപ്പമായതായി അധികൃതർ വ്യക്തമാക്കി. കാറിൽ കടത്തിയ 345 ലീറ്റർ വിദേശമദ്യം പിടികൂടി കാഞ്ഞങ്ങാട് ∙ കാറിൽ കടത്തുകയായിരുന്ന 345 ലീറ്റർ വിദേശമദ്യം എക്സൈസ് പിടികൂടി. ഇന്നലെ പുലർച്ചെ ദേശീയ പാതയിൽ ബല്ല കൊഴക്കുണ്ടിലാണ് സംഭവം. പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ സംശയം തോന്നി പിന്തുടരുകയായിരുന്നു. കൊഴക്കുണ്ടില് എത്തിയപ്പോൾ ഡ്രൈവർ കാർ നിർത്തി ഓടി രക്ഷപ്പെട്ടു. ഹൊസ്ദുർഗ് റേഞ്ച് ഇൻസ്പെക്ടർ വി.വി.പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ മദ്യവും കാറും കസ്റ്റഡിയിൽ എടുത്തു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.

