KSDLIVENEWS

Real news for everyone

അറ്റകുറ്റപ്പണി പൂർത്തിയാക്കിയ പള്ളിക്കര പാലം നവീകരണം അന്തിമഘട്ടത്തിൽ: ഒക്ടോബർ 5ന് തുറക്കും

SHARE THIS ON

ഉദുമ: അറ്റകുറ്റപ്പണി പൂർത്തിയാക്കിയ പള്ളിക്കര റെയിൽവേ മേൽപ്പാലം ഒക്ടോബർ അഞ്ചിന് തുറക്കും. 10 വരെ അടച്ചിടുമെന്നാണ് അറിയിച്ചത്‌. പ്രതീക്ഷിച്ചതിലും നേരത്തേ അറ്റകുറ്റപ്പണി പൂർത്തിയായി. കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ പള്ളിക്കര മേൽപ്പാലത്തിന്റെ എക്സ്പാൻഷൻ ജോയിന്റുകൾ മാറ്റിസ്ഥാപിക്കുന്നതിന് സെപ്റ്റംബർ ഒന്നിനാണ് പാലം അടച്ചത്.

പാലത്തിൽ ഘടിപ്പിച്ചിരുന്ന, 15 വർഷം പഴക്കമുള്ള ആറ് എക്സ്പാൻഷൻ ജോയിന്റുകൾ മാറ്റി പുതിയവ സ്ഥാപിച്ച് കോൺക്രീറ്റ് ചെയ്തുകഴിഞ്ഞു. കോൺക്രീറ്റ് സെറ്റാകാൻ (ക്യൂറിങ്) 28 ദിവസം നനച്ചുകൊടുക്കണം. അതാണിപ്പോൾ നടക്കുന്നത്‌. പണി പൂർത്തിയായാൽ എക്സ്‌പാൻഷൻ ജോയിന്റുകൾ 15 വർഷത്തേക്ക് സുരക്ഷിതമായിരിക്കുമെന്നാണ് പറയുന്നത്. മാറ്റിയ ജോയിന്റുകൾക്കിടയിൽ നെടുനീളത്തിൽ റബ്ബർബുഷ് ഇട്ടിട്ടുണ്ട്. 2020-ൽ പാലം നിർമിച്ചപ്പോൾ ഘടിപ്പിച്ച എക്‌സ്പാൻഷൻ ജോയിന്റുകളാണ് ഇപ്പോൾ മാറ്റിയത്. പാലത്തിനും വശങ്ങളിലുള്ള നടപ്പാതയ്ക്കും പുതിയ ചായംപൂശി ഭംഗിയാക്കിയിട്ടുണ്ട്. ഈ ജോലി പൊതുമരാമത്ത് വകുപ്പ് (പാലം വിഭാഗം) ചെർക്കളയിലെ കമ്പനിക്കാണ് കരാർ നൽകിയത്. ഇതിനൊപ്പം തന്നെ മേൽപ്പാലം ടാറിങ് ചെയ്യാനുള്ള കരാർ എടുത്തിരിക്കുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി 29-ന് പണി തുടങ്ങുമെന്നാണ് സൂചന. ടാറിങ് പൂർത്തിയാക്കി, കോൺക്രീറ്റിന്റെ ക്യൂറിങ് സമയം കഴിയുകയും ചെയ്യുന്ന മുറയ്ക്ക് 40 ദിവസത്തേക്ക് അറ്റകുറ്റപ്പണിക്ക് ഏറ്റെടുത്ത പാലം നേരത്തേതന്നെ വകുപ്പിന് കൈമാറുമെന്ന് കരാറുകാരൻ പറഞ്ഞു.

എക്സ്പാൻഷൻ ജോയിന്റുകൾ

കോൺക്രീറ്റും സ്റ്റീലും ചൂടിൽ വികസിക്കുകയും തണുപ്പിൽ ചുരുങ്ങുകയും ചെയ്യുന്നുണ്ട്. സ്പാനുകൾക്കുണ്ടാകുന്ന ഈ വികാസ-സങ്കോചം മൂലം പാലം പൊട്ടാതിരിക്കാനാണ്‌ വിടവ്‌ കൊടുക്കുന്നത്‌. ഈ വിടവിലൂടെ വെള്ളം ഇറങ്ങാതിരിക്കാനും വാഹനങ്ങൾ തട്ടാതെ പോകാനും ഒരുക്കുന്ന സുരക്ഷാസംവിധാനമാണ് എക്സ്പാൻഷൻ ജോയിന്റുകൾ.

ബേക്കൽ പാലത്തിലെ നിയന്ത്രണം നീളും

പള്ളിക്കര പാലത്തിന്റെ തൊട്ടപ്പുറമുള്ള ബേക്കൽ പാലത്തിലെ ഗതാഗതനിയന്ത്രണം നീളും. ഈ പാലത്തിന്റെ ഇരുവശത്തും മണ്ണ് അമർന്ന് കുഴി രൂപപ്പെടുന്നുണ്ട്. പലതവണ പലതരം പണികൾ ചെയ്തിട്ടും ഈ തകരാർ പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല. ഏറ്റവും അവസാനം കൊരുപ്പുകട്ടകൾ നിരത്തി ഇവിടെ റോഡ് ഉണ്ടാക്കിയെങ്കിലും ഫലം കണ്ടില്ല. പാലത്തിന്റെ കോൺക്രീറ്റ് സ്ലാബും കൊരുപ്പുകട്ട പാകിയ റോഡും തമ്മിൽ അരയടിയുടെ ഉയരവ്യത്യാസം വന്നിരുന്നു. ഇതേതുടർന്ന് പാലത്തിന്റെ ഇരുവശത്തും 12 മീറ്റർ നീളത്തിൽ കോൺക്രീറ്റ് റോഡാക്കുന്നുണ്ട്. ഉരുക്കുകമ്പികൾ ഇട്ടിട്ടുള്ള കോൺക്രീറ്റാണ് ചെയ്യുന്നത്. ഈ കോൺക്രീറ്റ് സെറ്റാകാൻ 21 ദിവസം വേണം. പാലം രണ്ടായി പകുത്ത് കിഴക്കുഭാഗം കോൺക്രീറ്റ് ചെയ്ത് നനച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ പണി നടക്കാത്ത പടിഞ്ഞാറ് ഭാഗത്തുകൂടി മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഇതിനായി പാലത്തിന്റെ ഇരുവശത്തും തൊഴിലാളികളുണ്ട്. ക്യൂറിങ് സമയം പൂർത്തിയായി കിഴക്കുഭാഗം തുറന്നുകൊടുത്തിട്ടുവേണം മറുവശം കോൺക്രീറ്റ് ചെയ്യാൻ. അവിടെയും കോൺക്രീറ്റ് സെറ്റാകാൻ 21 ദിവസം വേണം. അതുവരെ സംസ്ഥാനപാതയിലെ ബേക്കൽ പാലത്തിലെ ഗതാഗതനിയന്ത്രണം തുടരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!