KSDLIVENEWS

Real news for everyone

മക്കയുടെ പുലരികളെ ധന്യമാക്കിയ ആ ബാങ്കൊലി മാഞ്ഞു; ഹറം മുഅദ്ദിൻ ശൈഖ് ഇബ്രാഹിം അൽ മദനി അന്തരിച്ചു

SHARE THIS ON

റിയാദ്: വിശുദ്ധ മസ്ജിദുൽ ഹറാമിലെ പ്രമുഖ മുഅദ്ദിൻ ശൈഖ് ഇബ്രാഹിം ആദിൽ അൽ മദനി (51) തിങ്കളാഴ്ച വിടവാങ്ങി. വിനയവും മനോഹര ശബ്ദവും കൊണ്ട് വിശ്വാസികളുടെ മനസ്സിൽ ഇടംനേടിയ അദ്ദേഹത്തിെൻറ വിയോഗവാർത്ത തീവ്രമായ നോവോടെയാണ് ഇസ്‌ലാമിക ലോകം ശ്രവിച്ചത്.

മസ്ജിദുൽ ഹറാമിലെ 24 അംഗ മുഅദ്ദിൻ സംഘത്തിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന ശൈഖ് ഇബ്രാഹിം, ദിനേനയുള്ള അഞ്ചുനേരത്തെ നമസ്കാരങ്ങൾക്കും പ്രഭാതത്തിലെ ഒന്നാം ഫജ്‌ർ ബാങ്കിനുമായി മാറിമാറി സേവനമനുഷ്ഠിക്കുന്ന ആറുപേരിൽ ഒരാളായിരുന്നു.

പുലർച്ചെയുള്ള ഫജ്‌ർ (സുബഹി) ബാങ്കിലൂടെയും ഹൃദയസ്പർശിയായ തക്ബീറുകളിലൂടെയുമാണ് അദ്ദേഹം ഏറെ പ്രശസ്തനായത്. കൂടാതെ, നമസ്കാരവേളയിൽ ഇമാമിെൻറ തക്ബീറുകൾ ‘മുകബ്ബരിയ്യ’യിൽ നിന്ന് ഏറ്റുവിളിച്ച് പള്ളിയിലുള്ള മുഴുവൻ തീർത്ഥാടകരിലേക്കും ശബ്ദപ്രചാരണം നടത്തുന്ന ‘തബ്ലീഗ്’ ദൗത്യത്തിലും അദ്ദേഹം സജീവമായിരുന്നു.

മരണത്തിനും കൃത്യം ഒരു മാസം മുമ്പാണ് അദ്ദേഹം അവസാനമായി ബാങ്ക് വിളിച്ചത്. ജീവിതത്തിലെ അവസാനത്തെ ആ ബാങ്ക് വിളി ആഗസ്റ്റ് 24 (റബീഉൽ അവ്വൽ 11) തിങ്കളാഴ്ച പുലർച്ചെയായിരുന്നു. അന്ന് അദ്ദേഹം നിർവഹിച്ച ബാങ്കും തുടർന്നുള്ള ഫജ്‌ർ നമസ്കാരത്തിനുള്ള ഇഖാമത്തുമാണ് ആ ശബ്ദത്തിൽ റെക്കോർഡ് ചെയ്യപ്പെട്ട അവസാന പ്രാർത്ഥനാ വചനങ്ങൾ. അത് ഇപ്പോൾ സമൂഹ മാധ്യമ ഉപയോക്താക്കൾ ഒട്ടൊരു നൊമ്പരത്തോടെ പങ്കുവെക്കാൻ തുടങ്ങിയതോടെ വൈറലായിരിക്കുകയാണ്.

മക്ക, മദീന ബാങ്ക് വിളി ശൈലികളെക്കുറിച്ച് മുൻപ് ‘അഷ്‌റഖത്’ പോഡ്‌കാസ്റ്റിൽ നൽകിയ അഭിമുഖത്തിൽ അദ്ദേഹം സംസാരിച്ചിരുന്നു. മസ്ജിദുൽ ഹറാമിൽ ആദ്യമായി ബാങ്ക് വിളിച്ചപ്പോൾ തെൻറ ശബ്ദം കേട്ട് കഅ്ബയ്ക്ക് ചുറ്റും ത്വവാഫ് ചെയ്യുന്ന തീർത്ഥാടകരെ കണ്ട് കരഞ്ഞുപോയതും, ‘ഈ വിശുദ്ധ ഭൂമിയിൽ എെൻറ ശബ്ദം ഉയരാൻ മാത്രം ഞാൻ ആരാണ്?’ എന്ന് ആത്മഗതം ചെയ്തതും അദ്ദേഹം അന്ന് ഓർത്തെടുത്തിരുന്നു.

ശൈഖ് ഇബ്രാഹിമിെൻറ നിര്യാണത്തിൽ ഹറം കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രമുഖരും വിശ്വാസികളും സമൂഹ മാധ്യമങ്ങളിലൂടെ അനുശോചിച്ചു. അദ്ദേഹം നിർവഹിച്ച ബാങ്ക് വിളികളുടെയും തക്ബീറുകളുടെയും ദൃശ്യങ്ങൾ പങ്കുവെച്ചാണ് പ്രിയ മുഅദ്ദിന് ലോകം വിട നൽകുന്നത്.

1976ൽ മദീനയിലാണ് ജനനം. മതപരമായ ഒരു ചുറ്റുപാടിലാണ് അദ്ദേഹം വളർന്നത്. ഖുർആൻ സ്റ്റഡീസിൽ ഉപരിപഠനം നടത്തി. മദീനയിലെ ഒരു പള്ളിയിൽ തന്റെ പതിനഞ്ചാമത്തെ വയസ്സിൽ അദ്ദേഹം ബാങ്ക് വിളി ആരംഭിച്ചു. തുടർന്ന് 2007 ൽ മദീനയിലെ ‘മദാഹ്’ പള്ളിയിൽ ബാങ്ക് വിളിക്കാൻ തുടങ്ങി. പിന്നീട് 2017ൽ മക്ക ഹറമിലെ ഔദ്യോഗിക ‘മുഅദ്ദിനാ’യി അദ്ദേഹം നിയമിക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!