KSDLIVENEWS

Real news for everyone

രജനീകാന്തുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമം, അമിത് ഷാ ചെന്നൈയില്‍

SHARE THIS ON

ചെന്നൈ : രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം വേഗത്തിലാക്കാനുള്ള ഇടപെടലുമായി ബിജെപി. നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ ചെന്നൈയിലെത്തുന്ന കേന്ദ്ര മന്ത്രി അമിത് ഷാ രജനിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നുണ്ട്. സർക്കാർ പദ്ധതികളുടെ ഉദ്ഘാടനത്തിനും ബിജെപി നേതൃയോഗത്തിൽ പങ്കെടുക്കാനുമായി അമിത് ഷാ ഇന്ന് ചെന്നൈയിലെത്തും.

അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിൽ ശക്തി വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. അണ്ണാ ഡിഎംകെയോടൊത്തുള്ള സഖ്യത്തിൽ പരമാവധി സീറ്റുകളിൽ മത്സരിക്കാനാണ് ശ്രമം. എന്നാൽ നാല് ശതമാനത്തിനടുത്ത് മാത്രം വോട്ടുള്ള ബിജെപിയ്ക്ക് സഖ്യത്തിൽ കൂടുതൽ സീറ്റുകൾ നേടിയെടുക്കുക വിഷമവുമാണ്. ഈ ഘട്ടത്തിലാണ് അമിത് ഷായുടെ വരവ് ശ്രദ്ധായാകർഷിക്കുന്നത്.

ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്ര രൂപീകരണം കൂടിയാണ് ഷായുടെ വരവിന്റെ ലക്ഷ്യം. ഹിന്ദു വോട്ട് ലക്ഷ്യം വെച്ചുള്ള വെട്രിവേൽ യാത്രയ്ക്ക് സർക്കാർ അനുമതി നിഷേധിച്ചത് ബിജെപിയ്ക്ക് തിരിച്ചടിയായിരുന്നു. ഈ ഘട്ടത്തിൽ പാർട്ടിയുടെ വളർച്ചയ്ക്കായി മറ്റ് വഴികൾ കൂടി തേടുകയാണ് ബിജെപി. പാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിന്തിരിഞ്ഞേക്കും എന്ന് സൂചന നൽകിയ രജനീകാന്തിനെ അമിത് ഷാ നേരിട്ട് കണ്ട് സംസാരിക്കാൻ സാധ്യതയുണ്ട്. എന്നാൽ രജനി ഇതുവരെ കൂടിക്കാഴ്ചയ്ക്ക് സമ്മതം മൂളിയിട്ടില്ല. പല രംഗങ്ങളിലായി കഴിവു തെളിയിച്ച നിരവധി പ്രമുഖരെ പാർട്ടിയിലേക്ക് ക്ഷണിച്ചു കൊണ്ട് ബിജെപി സമീപിച്ചിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ചെന്നൈയിലെത്തുന്ന അമിത് ഷാ വൈകീട്ട് ചെന്നൈ മെട്രോയുടെ രണ്ടാംഘട്ട പ്രവർത്തി ഉൾപ്പെടെ എട്ട് പദ്ധതികൾ ഉദ്ഘാടനം ചെയ്യും. അതിന് ശേഷം ബിജെപി നേതൃയോഗത്തിൽ പങ്കെടുക്കും. ഞായറാഴ്ച രാവിലെ ഡൽഹിയിലേക്ക് മടങ്ങും.

“ആരോഗ്യ പ്രശ്നങ്ങളുണ്ട്. രാഷ്ട്രീയപ്പാർട്ടി പ്രഖ്യാപനത്തെക്കുറിച്ച് ആരാധക സംഘടനാ നേതാക്കളുമായി സംസാരിച്ച് തീരുമാനം എടുക്കും”, തന്റെ പാർട്ടിക്കായി കാത്തിരിക്കുന്നവർക്ക് രജനി ഒടുവിൽ നൽകിയ വിശദീകരണം ഇതാണ്. കോവിഡ് സാഹചര്യത്തിൽ ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ച് രജനീകാന്ത് രാഷ്ട്രീയപ്പാർട്ടി പ്രഖ്യാപനം ഉപേക്ഷിക്കുന്നു എന്ന വിലയിരുത്തൽ ഈ പ്രസ്താവനയെത്തുടർന്ന് ഉണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ രജനിയുടെ പാർട്ടി പ്രഖ്യാപനം നടത്താൻ ഇടപെടൽ നടത്തുന്നത് ബിജെപിയാണ്. രജനി പാർട്ടിയുമായെത്തി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ എൻഡിഎയ്ക്കെതിരായ ഭരണ വിരുദ്ധ വോട്ടുകളിൽ വിള്ളൽ വീഴ്ത്താം എന്ന് ബിജെപി കരുതുന്നു. പൂർണമായും ഡിഎംകെ സഖ്യത്തിലേക്ക് പോകാൻ സാധ്യതയുള്ള ഈ വോട്ടുകളിൽ കുറച്ച് രജനിയും കമലും ചേർന്ന് പിടിച്ചാൽ ഭരണം നിലനിർത്താം എന്നാണ് ബിജെപി വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!