KSDLIVENEWS

Real news for everyone

പെരിയ ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതിയായ സി.പി.എം നേതാവിന് ചട്ടം ലംഘിച്ച് ആയുര്‍വേദ ചികിത്സ

SHARE THIS ON

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതിയായ സി.പി.എം നേതാവിന് ചട്ടം ലംഘിച്ച് ആയുര്‍വേദ ചികിത്സ. ഒന്നാം പ്രതി പീതാംബരനാണ് കോടതി അനുമതി ഇല്ലാതെ സെന്‍ട്രല്‍ ജയില്‍ മെഡിക്കല്‍ ബോര്‍ഡ് 40 ദിവസത്തെ ആയുര്‍വേദ ചികിത്സയ്ക്ക് നിര്‍ദേശിച്ചത്. സംഭവത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ കൊച്ചിയിലെ സി.ബി.ഐ കോടതി ഉത്തരവിട്ടു. ജയില്‍ സൂപ്രണ്ട് നാളെ ഹാജരാകണമെന്നാണ് നിര്‍ദേശം.

കഴിഞ്ഞ ഒക്ടോബര്‍ 19 നാണ് പീതാംബരന് വിദഗ്ധ ചികിത്സ വേണമെന്ന് നിര്‍ദേശിച്ച് ജയില്‍ ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഉടന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു. ഇത് ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നെന്ന് സി.ബി.ഐ വിചാരണ കോടതിയെ അറിയിച്ചു.നിലവില്‍ കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണ് പീതാംബരന്‍. പെരിയ ഇരട്ട കൊലക്കേസിലെ വിചാരണ നടപടികള്‍ പ്രത്യേക സി.ബി.ഐ കോടതിയില്‍ നടന്നുവരികെയാണ് ചട്ടം ലംഘിച്ച് പ്രതിക്ക് ചികത്സ നല്‍കിയത് സംബന്ധിച്ച് പരാതി ഉയര്‍ന്നത്. കേസില്‍ 24 പ്രതികളാണുള്ളത്. കേസില്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എം.എല്‍.എയുമായ കെ.വി കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍ എന്നിവര്‍ യഥാക്രമം 19, 13 പ്രതികളാണ്. 2019 ഫെബ്രുവരി 17 ന് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!