KSDLIVENEWS

Real news for everyone

യുപിയിൽ നിന്ന് പേടിച്ച് ഓടിയതല്ല , ഞാൻ ജനിച്ച മണ്ണാണ് ; തിരിച്ചുവരുമെന്ന് ഡോ . കഫീൽ ഖാൻ

SHARE THIS ON

ജയ്പൂര്‍: താന്‍ പേടിച്ചോടിയതല്ലെന്നും ഉത്തര്‍പ്രദേശിലേക്ക് തിരിച്ചുവരുമെന്നും ഡോ. കഫീല്‍ ഖാന്‍. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ജയ്പൂരിലേക്ക് പോയതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കഫീല്‍ ഖാന്റെ തുറന്നു പറച്ചില്‍.

2018 ല്‍ ഒരു ജില്ലാ ആശുപത്രിയില്‍ “പ്രശ്നമുണ്ടാക്കിയതിന്” ബഹ്‌റൈച്ച്‌ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഈ വര്‍ഷം ജനുവരി 29 ന് അലിഗഡില്‍ നടന്ന സി‌എ‌എ വിരുദ്ധ പ്രതിഷേധത്തില്‍ പ്രസംഗിച്ചതിന്റെ പേരില്‍ അദ്ദേഹത്തെ ദേശീയ സുരക്ഷാ നിയമം ചുമത്തി പൊലീസ് അറസ്റ്റു ചെയ്തു. സെപ്റ്റംബറില്‍ ഖാന്‍ ജയില്‍ മോചിതനായി. അതിനുശേഷം ഭാര്യ, മക്കള്‍, അമ്മ എന്നിവരോടൊപ്പം ജയ്പൂരിലാണ് അദ്ദേഹമിപ്പോള്‍.”കഴിഞ്ഞ മൂന്ന് വര്‍ഷമായി വളരെ ശക്തമായാണ് എന്റെ അമ്മ പിടിച്ചു നിന്നത്. എന്നാല്‍ മാനസികമായി അവര്‍ക്ക് ഏറെ വേദനകള്‍ ഉണ്ടായിരുന്നു. ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ ‘മതിയാക്ക്’ എന്നാണ് അമ്മ പറഞ്ഞത്. ഞാന്‍ എന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ തീരുമാനിച്ച്‌ ജയ്പൂരിലേക്ക് മാറിയതാണ്. അല്ലാതെ ഞാന്‍ യുപിയില്‍ നിന്ന് ഓടിപ്പോയതല്ല, എനിക്ക് ഭയമില്ല, ഞാന്‍ തിരികെ പോകും. ഗോരഖ്പൂര്‍ എന്റെ ജന്മസ്ഥലമാണ്, ഞാന്‍ അത് ഉപേക്ഷിക്കില്ല,” ഖാന്‍ പറഞ്ഞു.

ഡോ. കഫീല്‍ ഖാനെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ യു.പി സര്‍ക്കാര്‍ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് കഫീല്‍ ഖാന്റെ പ്രതികരണം. നേരത്തെയും അദ്ദേഹം യു.പിയിലേക്ക് തിരിച്ചുവരുമെന്ന് വ്യക്തമാക്കിയിരുന്നു.

ബി‌ആര്‍‌ഡി ആശുപത്രി ദുരന്തത്തിന് മൂന്ന് വര്‍ഷത്തിന് ശേഷവും, മാതാപിതാക്കള്‍ വിലപിക്കുന്ന ശബ്ദം, കുട്ടികളുടെ മൃതദേഹങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന വെന്റിലേറ്ററുകളുടെ ശബ്ദം, ഓക്സിജന്‍ സിലിണ്ടറുകള്‍ തരപ്പെടുത്തുന്നതിലെ പാകപ്പിഴകള്‍ ഒക്കെ ഓര്‍ക്കുമ്ബോള്‍ ഇപ്പോഴും അദ്ദേഹത്തിന്റെ കണ്ണ് നിറയും. “ഓഗസ്റ്റ് 10-11 തിയതികളിലായിരുന്നു അത് നടന്നത്. മക്കളെ രക്ഷിക്കണം എന്ന് അമ്മമാര്‍ ഞങ്ങളോട് യാചിച്ചു. ചില പരിചാരകര്‍ എന്റെ കോളര്‍ പിടിച്ചു, മറ്റുള്ളവര്‍ നഴ്സുമാരെയും ജോലിക്കാരെയും ആക്രമിച്ചു. മൂന്ന് വയസുള്ള ഒരു പെണ്‍കുട്ടി മാതാപിതാക്കളുടെ കണ്ണുകള്‍ക്ക് മുന്നില്‍ മരിച്ചത് ഞാന്‍ ഓര്‍ക്കുന്നു. ഞങ്ങള്‍ എല്ലാവരും കരഞ്ഞു. ചെയ്തതില്‍ ഞാന്‍ ഖേദിക്കുന്നില്ല. ഒരു ജീവനെങ്കിലും രക്ഷിക്കാന്‍ സാധിച്ചാല്‍ ഇന്ന് വീണ്ടും ഞാനത് ചെയ്യും,” കഫീല്‍ ഖാന്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ഗോരഖ്‌പൂരില്‍ നവജാത ശിശുക്കളടക്കം ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ ഡോ.കഫീല്‍ ഖാനെതിരെ കേസെടുക്കുകയായിരുന്നു. ബാബ രാഘവ് ദാസ് സ്മാരക ആശുപത്രിയില്‍ നടന്ന ദുരന്തത്തിന് പിന്നാലെ ആശുപത്രിയില്‍ ഓക്സിജന്‍ എത്തിക്കാന്‍ പ്രയത്നിച്ച ഡോ.കഫീല്‍ ഖാനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് പൊലീസ് കേസെടുത്തത്. യുപി സര്‍ക്കാര്‍ കഫീല്‍ ഖാനെ മനപൂര്‍വം വേട്ടയാടുന്നതായി ആരോപണമുയര്‍ന്നിരുന്നു.

2017 ഓഗസ്റ്റില്‍ ദുരന്തം വന്‍ വിവാദമായതിന് പിന്നാലെ നടന്ന പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ഗോരഖ്‌പൂരില്‍ നിന്നും ഡോ.കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് രണ്ടാം വാരം സംഭവം നടന്നതിന് പിന്നാലെയാണ് കഫീല്‍ ഖാന്‍ സ്വന്തം പണം ചെലവഴിച്ച്‌ ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചത്. ദേശീയ മാധ്യമങ്ങളടക്കം ഇക്കാര്യം വാര്‍ത്ത നല്‍കിയതിന് പിന്നാലെയാണ് കഫീല്‍ ഖാന്‍ സ്വയം ഹീറോയാകാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് സര്‍ക്കാര്‍ തന്നെ കുറ്റപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!