KSDLIVENEWS

Real news for everyone

ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചൊല്ലി; ലീഗ് അംഗം എത്താൻ 50 മിനുട്ട് വൈകി

SHARE THIS ON

കാസർഗോഡ് : ഓരോ നാടിന്റെയും വികസനത്തില്‍ നാഴികക്കല്ലായ പ്രാദേശിക ഭരണകൂടങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് ആഹ്ലാദപൂരിതവും ആവേശകരവുമായി. ഗ്രാമപഞ്ചായത്തുകളിലേക്കും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും തിരഞ്ഞെടുക്കപ്പെട്ട 877 അംഗങ്ങളാണ് ജില്ലയില്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ബാബുവിന്റെ മേല്‍നോട്ടത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. വിവിധ കക്ഷിനേതാക്കളടക്കം നിരവധി പേര്‍ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷികളാവാന്‍ എത്തിയിരുന്നു. മുതിര്‍ന്ന അംഗം ഉദുമ ഡിവിനില്‍ നിന്ന് വിജയിച്ച ഗീതാ കൃഷ്ണനാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്. തുടര്‍ന്ന് ഡിവിഷന്‍ ക്രമപ്രകാരം അംഗങ്ങള്‍ സത്യപ്രതിജ്ഞ ചൊല്ലി. ഇവര്‍ക്ക് ഗീതാകൃഷ്ണനാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. പി.ബി ഷഫീഖ്, ജമീല സിദ്ദിഖ് എന്നിവര്‍ ഇംഗ്ലീഷിലും കമലാക്ഷി, നാരായണ നായക്, എം ഷൈലജ ഭട്ട് എന്നിവര്‍ കന്നഡയിലുമാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. മറ്റു അംഗങ്ങളായ ഷാനവാസ് പാദൂര്‍, ഷിനോജ് ചാക്കോ, ജോമോന്‍ ജോസ്, കെ. ശകുന്ദള, എം. മനു, ബേബി ബാലകൃഷ്ണന്‍, ഫാത്തിമത്ത് ഷംന ബി.എച്ച്, ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം, അഡ്വ. എസ്. സരിത, സി.കെ സജിത്, ഗോള്‍ഡന്‍ അബ്ദുല്‍ റഹ്‌മാന്‍ എന്നിവര്‍ മലയാളത്തിലും പ്രതിജ്ഞ ചൊല്ലി. പത്തരയോടെയാണ് ചടങ്ങ് ആരംഭിച്ചത്. ഗതാഗതക്കുരുക്കില്‍ കുടുങ്ങിയതിനാല്‍ മഞ്ചേശ്വരം ഡിവിഷനിലെ അംഗം ഗോള്‍ഡന്‍ റഹ്‌മാന്‍ എത്താന്‍ 50 മിനിട്ട് വൈകി. മറ്റു അംഗങ്ങളുടെ പ്രതിജ്ഞ കഴിഞ്ഞിട്ടും റഹ്‌മാനായി 10 മിനിട്ടോളം കാത്തിരിക്കേണ്ടി വന്നു. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് പ്രകടനമായാണ് എല്‍.ഡി.എഫ് അംഗങ്ങള്‍ എത്തിയത്. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി. കരുണാകരന്‍, ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, സംസ്ഥാന സമിതിയംഗം സി.എച്ച് കുഞ്ഞമ്പു, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല, ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.ശ്രീകാന്ത് തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!