KSDLIVENEWS

Real news for everyone

ലോകകപ്പ് അവസാനിച്ചതോടെ പുള്ളാവൂര്‍ പുഴയിലെ മെസിയും നെയ്‌മറും സിആര്‍ 7നും മൈതാനം ഒഴിഞ്ഞു

SHARE THIS ON

കോഴിക്കോട്: പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച ഫുട്ബോള്‍ താരങ്ങളുടെ കട്ടൗട്ടുകള്‍ ആരാധകര്‍ തന്നെ നീക്കി. ലോകകപ്പ് അവസാനിച്ചതോടെ കട്ടൗട്ടുകള്‍ നീക്കാന്‍ കൊടുവള്ളി നഗരസഭ നിര്‍ദ്ദേശിക്കുകയായിരുന്നു. ലോകകപ്പിന് ഒരു മാസം മുന്‍പ് തന്നെ പുള്ളാവൂരിലെ ചെറുപുഴയില്‍ ഉയര്‍ന്ന ഈ കട്ടൗട്ടുകള്‍ ലോക ശ്രദ്ധ നേടിയിരുന്നു. ലിയോണല്‍ മെസി, നെയ്‌മര്‍ ജൂനിയര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ കൂറ്റന്‍ കട്ടൗട്ടുകളാണ് പുള്ളാവൂരില്‍ ഉയര്‍ന്നിരുന്നത്.

ഫിഫ ലോകകപ്പ് തുടങ്ങും മുമ്ബേ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ കോഴിക്കോട് പുള്ളാവൂര്‍ പുഴയിലെ കട്ടൗട്ടുകള്‍ ച‍ര്‍ച്ചയായിരുന്നു. പുഴയുടെ നടുവില്‍ അര്‍ജന്‍റീനന്‍ സൂപ്പര്‍ സ്റ്റാര്‍ ലിയോണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് ആണ് ആദ്യം ഉയര്‍ന്നത്. അര്‍ജന്‍റീനയുടെ ആരാധകരാണ് കട്ടൗട്ട് സ്ഥാപിച്ചത്. മാധ്യമങ്ങളില്‍ മെസിയുടെ കട്ടൗട്ടിനെക്കുറിച്ച്‌ വാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെ അതിനേക്കാള്‍ ഉയരത്തില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്‌മറുടെ കട്ടൗട്ട് ഉയര്‍ന്നതോടെ കട്ടൗട്ട് മത്സരമായി. രാത്രിയും കാണാന്‍ ലൈറ്റ് സംവിധാനങ്ങള്‍ അടക്കം സജ്ജീകരിച്ചാണ് നെയ്മറുടെ കട്ടൗട്ട് സ്ഥാപിച്ചത്. ഇതിന് പിന്നാലെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പടുകൂറ്റന്‍ കട്ടൗട്ടും ഇവിടെ ഉയര്‍ന്നതോടെ ആഗോളമാധ്യമങ്ങളിലടക്കം വലിയ വാര്‍ത്തയായി.

പുള്ളാവൂരിലെ കട്ടൗട്ടുകളെ പ്രശംസിച്ച്‌ ഫിഫ തന്നെ രംഗത്തെത്തിയിരുന്നു. ‘കേരളത്തിലെ ഫുട്ബോള്‍ ജ്വരം, നെയ്‌മറുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ലിയോണല്‍ മെസിയുടേയും കൂറ്റന്‍ കട്ടൗട്ടുകള്‍ പുഴയില്‍ ഉയര്‍ന്നപ്പോള്‍’ എന്ന തലക്കെട്ടോടെയാണ് ചിത്രം ഫിഫ ട്വീറ്റ് ചെയ്തത്. പുഴയിലെ കട്ടൗട്ടുകള്‍ വാര്‍ത്തയായതോടെ പിന്നാലെ വിവാദവുമെത്തി. കട്ടൗട്ടുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുവെന്നാരോപിച്ച്‌ അഭിഭാഷകന്‍ ശ്രീജിത് പെരുമന പഞ്ചായത്തില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കട്ടൗട്ടുകള്‍ എടുത്തുമാറ്റുമെന്ന് അഭ്യൂഹമുയര്‍ന്നെങ്കിലും അങ്ങനെ ചെയ്യില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ ഉറപ്പ് നല്‍കി. ലോകകപ്പ് അവസാനിച്ചതോടെ ഇവിടുത്തെ മൂന്ന് കട്ടൗട്ടുകളും ആരാധകര്‍ തന്നെ നീക്കം ചെയ്‌തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!