ഒഴുകിയെത്തിയത് 50 ലക്ഷം പേര്‍: നീലക്കടലായി ബ്യൂണസ് ഐറിസ്, മെസ്സിയെ ‘രക്ഷിച്ചത്’ ഹെലികോപ്ടറില്‍

ബ്യൂണസ് ഐറിസ്: 36 വര്‍ഷത്തെ സ്വപ്നം. ഇക്കാലമത്രയും ഉള്ളില്‍ അടിഞ്ഞുകൂടിയ നിരാശയും കണ്ണീരും എല്ലാം അടങ്ങി ആഹ്ലാദം അണപൊട്ടിയൊഴുകിയ നിമിഷങ്ങള്‍. ഒരു രാജ്യം ഒന്നാകെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലേക്ക് ഒഴുകുകയായിരുന്നു. രാജ്യം കിരീടമണിഞ്ഞ നിമിഷം മുതല്‍ തുടങ്ങിയ നിലയ്ക്കാത്ത ആഘോഷം. എങ്ങനെ സന്തോഷം പ്രകടിപ്പിക്കണമെന്ന കണ്‍ഫ്യൂഷനിലായിരുന്നു പലരും. ചിലര്‍ പോസ്റ്റില്‍ വലിഞ്ഞുകയറി. ചിലര്‍ തുള്ളിച്ചാടി. ചില നൃത്തംവച്ചു. സന്തോഷത്താല്‍ ചിലര്‍ പൊട്ടിക്കരഞ്ഞു. പാടാനറിയാത്തവരും പാടിത്തകർത്തു. ഇടവേളയില്ലാതെ അത് രണ്ട് ദിവസം തുടര്‍ന്നു.
ഒടുവില്‍ മെസ്സിയും സംഘവും കപ്പുമായി പുലര്‍ച്ചെ രണ്ടരയോടെ വിമാനമിറങ്ങുന്നു. ആഹ്ലാദം അതിന്റെ പരകോടിയിലെത്തി. ഇങ്ങനെയൊരു കാഴ്ച മൂന്നര പതിറ്റാണ്ടായി ആ രാജ്യം മോഹിക്കുന്നു. കരഘോഷത്തോടെ താരങ്ങളെ രാജ്യം വരവേറ്റു. പിന്നീട് നടന്നത് ഒരു പക്ഷേ ലോകത്തെ ഏറ്റവും വലിയ മഹാസമ്മേളനമായിരുന്നു.
അവിസ്മരണീയ കാഴ്ച. ഒരു രാജ്യത്തിന്റെ അഭിമാനവും ഐക്യവും, എന്തിന് ഒരു നാട് തന്നെ ഒരു പന്തിലേക്ക് ചുരുങ്ങുന്ന അപൂര്‍വ്വ പ്രതിഭാസം. എന്തുകൊണ്ട് അര്‍ജന്റീനയും അവരുടെ ഫുട്‌ബോളും ലോകം മുഴുവന്‍ ലഹരിയായി പടര്‍ന്നുവെന്നും ആരാധകരെ സൃഷ്ടിച്ചതിന്റെ കാരണവും ഒഴുകിയെത്തിയ ജനസഞ്ചയത്തിലുണ്ടായിരുന്നു

