ബഫർസോണില്‍ തെറ്റിദ്ധാരണ പരത്താന്‍ശ്രമം; ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കും- മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി സങ്കേതങ്ങൾ ദേശീയോദ്യാനങ്ങൾ എന്നിവയ്ക്ക് ചുറ്റും ബഫർസോൺ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ചില ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഇത്തരം പ്രദേശങ്ങളിൽ ജീവിക്കുന്ന ജനങ്ങളുടെ ജീവിതത്തേയും ജീവനോപാധിയേയും ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ഉറപ്പു നൽകി. ബഫർസോണ്‍ സംബന്ധിച്ച് കേന്ദ്രത്തിന് നല്‍കിയ കരട് ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘സംസ്ഥാനത്തെ നിലപാട് ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്കകൾ ഉൾക്കൊണ്ടുകൊണ്ട് ഉള്ളതാണ്. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾ, ദേശീയ പാർക്കുകൾ, ഇവയുടെ പരിധിയിൽ വരുന്ന ജനവാസമേഖലകൾ, കൃഷിയിടങ്ങൾ എന്നിവയെ ബഫർസോൺ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ഉറച്ച നിലപാട്. മറിച്ചുള്ള എല്ലാ പ്രചാരണങ്ങളും തെറ്റിദ്ധാരണാജനകമാണ്. ഈ മേഖലകളിലെ എല്ലാ ജനങ്ങളുടേയും അഭിപ്രായങ്ങളും നിർദേശങ്ങളും പരിശോധിച്ച് എല്ലാ കെട്ടിടങ്ങളും നിർമ്മാണങ്ങളും ചേർത്ത് മാത്രമേ അന്തിമ റിപ്പോർട്ട് സുപ്രീം കോടതിയിൽ നൽകുകയുള്ളൂ. സുപ്രീം കോടതി നിശ്ചയിച്ച ബഫർസോൺ പ്രദേശങ്ങൾ കേരളത്തിലെ ജനസാന്ദ്രത കൂടിയ മേഖലകളാണ് എന്ന് കോടതി മുമ്പാകെ തെളിയിക്കുന്നതിനാണ് എല്ലാ നിർമ്മാണങ്ങളും ചേർത്ത് റിപ്പോർട്ട് തയ്യാറാക്കി കോടതിയിൽ സമർപ്പിക്കുന്നത്.
ബഫർസോണായി കോടതി നിശ്ചയിച്ച സ്ഥലങ്ങളിലെ താമസക്കാർക്കും കർഷകർക്കും യാതൊരു വിധത്തിലുള്ള ആശങ്കയും ഉണ്ടാകേണ്ടതില്ല. ഈ പ്രദേശങ്ങൾ ബഫർസോണാക്കാൻ പ്രായോഗികമായ പ്രയാസങ്ങൾ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തും. ജനവാസ പ്രദേശങ്ങൾ വ്യക്തമാക്കി നിർമ്മാണങ്ങളുടേയും കെട്ടിടങ്ങളുടേയും കണക്കുകളും ഭൂപടം അടക്കമുള്ള തെളിവുകളും ഹാജരാക്കും. സുപ്രീം കോടതിയിൽ കേരളം നൽകിയ പുനഃപരിശോധനാ ഹർജി വാദത്തിനെത്തുമ്പോൾ ഈ തെളിവുകൾ പൂർണതോതിൽ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബഫർസോൺ വിഷയത്തിൽ കോൺഗ്രസിനെ വിമർശിച്ച മുഖ്യമന്ത്രി, സർക്കാർ എന്തൊക്കെ നിയമപോരാട്ടങ്ങൾ നടത്തി എന്ന കാര്യങ്ങൾ നാൾവഴികളിലൂടെ എടുത്തുപറയുകയും ചെയ്തു.

