KSDLIVENEWS

Real news for everyone

നെഞ്ചിൽ തുളച്ച 20 സെന്റി മീറ്ററുള്ള സ്‌ക്രൂഡ്രൈവർ ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

SHARE THIS ON

മെഡിക്കൽ കോളേജ് (തൃശ്ശൂർ):അറുപതുകാരന്റെ നെഞ്ചിൽ തുളച്ചുകയറിയ 20 സെന്റി മീറ്റർ നീളമുള്ള സ്ക്രൂഡ്രൈവർ ഗവ. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കോണത്തുകുന്ന് പാലപ്രക്കുന്ന് പുതിയകാവിൽ ഓട്ടോ ഡ്രൈവറായ രഘു വെളുത്തേടത്തിന്റെ നെഞ്ചിൽനിന്നാണ് പുറത്തെടുത്തത്. സ്വകാര്യ ആശുപത്രിയിൽനിന്നാണ് രഘുവിനെ ഞായറാഴ്ച രാവിലെ മെഡിക്കൽ കോളേജിലെത്തിച്ചത്.

പരിശോധനയിൽ സുഷുമ്ന നാഡിയും തുളച്ച് ഹൃദയധമനികൾക്കിടയിലൂടെ ശ്വാസകോശത്തിന്റെ ഭാഗം തുളച്ച് കമ്പി ഹൃദയത്തിനടുത്തെത്തിയതായി കണ്ടു. ന്യൂറോ സർജറി വിഭാഗവും കാർഡിയോ തൊറാസിക് വിഭാഗവും ചേർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. വെന്റിലേറ്ററിന്റെ സഹായത്തോടെ ആറ് മണിക്കൂറെടുത്താണ് പൂർത്തിയാക്കിയത്. ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.

ഇത്രയും നീളമുള്ള കമ്പി ശരീരത്തിന്റെ ഈ ഭാഗത്തുനിന്ന് പുറത്തെടുത്തത് ആദ്യമായാണെന്ന് ഡോക്ടർമാർ പറഞ്ഞു. ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. ആർ. ബിജു കൃഷ്ണൻ, കാർഡിയോ തൊറാസിക് വിഭാഗം മേധാവി ഡോ. കൊച്ചു കൃഷ്ണൻ, ഡോക്ടർമാരായ ജിയോ സെനിൽ കിടങ്ങൻ, രഞ്ജിത്ത്, തോമസ്, ആശിഷ്, റിനി, വിജയ്, ഐശ്വര്യ, ഷിജിൻ, നഴ്സുമാരായ ദിവ്യ, സുമി എന്നിവർ ചേർന്നാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്.

പേരക്കുട്ടികളുമായി കളിക്കുന്നതിനിടെ അബദ്ധത്തിൽ സ്ക്രൂഡ്രൈവർ തറച്ചു കയറിയതാണെന്നാണ് രഘു പറഞ്ഞതെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!