തൃണമൂല്‍ ദേശീയ നേതാക്കളെ പാണക്കാട്ടെത്തിച്ച് പി.വി. അന്‍വര്‍; സൗഹൃദ സന്ദര്‍ശനമെന്ന് സാദിഖലി തങ്ങള്‍

മലപ്പുറം: തൃണമൂല്‍ ദേശീയ നേതാക്കളായ മഹുവ മൊയ്ത്രയും ഡെറിക് ഒബ്രിയാനും മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോര്‍ഡിനേറ്റര്‍ പി.വി. അന്‍വറിനൊപ്പമാണ് നേതാക്കള്‍ പാണക്കാടെത്തിയത്. എല്‍.ഡി.എഫ്. വിട്ടതിന് പിന്നാലെ എം.എല്‍.എ. സ്ഥാനം രാജിവെച്ച് യു.ഡി.എഫ്. പ്രവേശനം കാത്ത് കഴിയുന്ന അന്‍വറിന്റെ രാഷ്ട്രീയനീക്കത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. തൃണമൂല്‍ നേതാക്കള്‍ സാദിഖലി തങ്ങളുമായി ചര്‍ച്ചകള്‍ നടത്തി. ഈ മാസം 27-ന് യു.ഡി.എഫ്. യോഗം നടക്കുന്ന സാഹചര്യത്തില്‍ അന്‍വറിന്റെയും തൃണമൂലിന്റെയും മുന്നണി പ്രവേശം ചര്‍ച്ച ആയതായാണ് വിവരം.
‘തൃണമൂല്‍ എം.പിമാര്‍ കേരളത്തില്‍ അവരുടെ പാര്‍ട്ടി പരിപാടിക്കായി വന്നതായിരുന്നു. മലപ്പുറത്തെത്തിയപ്പോള്‍ പാണക്കാട് എത്താന്‍ അവര്‍ ആഗ്രഹം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം.’ സാദിഖലി തങ്ങള്‍ പ്രതികരിച്ചു. രാഷ്ട്രീയ പ്രധാന്യമുള്ള വിഷയങ്ങള്‍ സംസാരിച്ചിട്ടില്ലെന്നും സൗഹൃദ സന്ദര്‍ശനമായിരുന്നെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. എം.എല്‍.എ. സ്ഥാനം രാജിവെച്ച ശേഷം ഇത് രണ്ടാം തവണയാണ് അന്‍വര്‍ പാണക്കാട് എത്തുന്നത്. ഞായറാഴ്ച മഞ്ചേരിയില്‍ തൃണമൂലിന്റെ പ്രതിനിധി സമ്മേളനം നടക്കുന്നുണ്ട്.

