വെസ്റ്റ് കോസ്റ്റ് എക്സപ്രസിന് നീലേശ്വരവും ചെറുവത്തൂരും സ്റ്റോപ്പില്ല

നീലേശ്വരം ∙ കോവിഡിൽ നിർത്തി വച്ച വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് വീണ്ടും ഓടിത്തുടങ്ങുമ്പോൾ നീലേശ്വരവും ചെറുവത്തൂരും നിർത്തില്ല. കണ്ണൂർ ജില്ലയിലെ കണ്ണപുരം സ്റ്റേഷനിലെ സ്റ്റോപ്പും പുതുക്കിയ സമയക്രമത്തിൽ ഒഴിവാക്കിയിട്ടുണ്ട്. ഏപ്രിൽ 8 നാണ് വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് സ്പെഷൽ ട്രെയിൻ ആയി സർവീസ് പുനരാരംഭിക്കുന്നത്. 8 ന് മംഗളൂരുവിൽ നിന്നു ചെന്നൈയിലേക്കും 9 നു ചെന്നൈയിൽ നിന്നു മംഗളൂരുവിലേക്കുള്ള സർവീസും തുടങ്ങും.
നീലേശ്വരത്തെ സ്റ്റോപ്പ് 30 വർഷത്തിൽ അധികം പഴക്കമുള്ളതാണ്. നീലേശ്വരം സ്റ്റോപ് പുന: സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നീലേശ്വരം റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ, നീലേശ്വരം റെയിൽവേ ഡവലപ്മെന്റ് കലക്ടീവ് എന്നിവർ കേന്ദ്ര ആദായനികുതി അഡീഷനൽ ഡയറക്ടർ നീലേശ്വരം സ്വദേശി പി.മനോജ് കുമാർ മുഖേന രാജ്യസഭാ എംപി അൽഫോൻസ് കണ്ണന്താനത്തെ സമീപിച്ചു. സ്റ്റോപ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനു നിവേദനം നൽകിയിട്ടുണ്ട്.
ജില്ലയിൽ യാത്രക്കാരുടെ എണ്ണത്തിലും പ്രതിദിന വരുമാനത്തിലും മൂന്നാം സ്ഥാനത്തുള്ള നീലേശ്വരം റെയിൽവേ സ്റ്റേഷനിലെ സ്റ്റോപ് നീലേശ്വരം നഗരസഭയ്ക്കു പുറമെ മലയോരത്തേതുൾപ്പെടെ 7 സമീപ പഞ്ചായത്തുകളിലെയും യാത്രക്കാർക്ക് ഉപകാരപ്പെടുന്നതാണെന്നു നിവേദനത്തിൽ പറഞ്ഞു.

