KSDLIVENEWS

Real news for everyone

എൽപിജി കണക്‌ഷൻ പരിശോധന കീശ ചോർത്തുന്നതായി പരാതി; വ്യാജന്മാരും രംഗത്ത്

SHARE THIS ON

കാസർകോട്∙ പാചകവാതകത്തിനു വില കുത്തനെ കൂട്ടിയ പ്രഹരത്തിനിടെ പാചകവാതക കമ്പനികളുടെ ഓൺലൈൻ മാൻഡേറ്ററി ഇൻസ്പെക്‌ഷനും ഗുണഭോക്താക്കളുടെ കീശ ചോർത്തുന്നതായി പരാതി. പാചക വാതക സിലിണ്ടർ എടുത്തും പരിശോധന കഴിഞ്ഞും 5 വർഷം പൂർത്തിയായ ഗുണഭോക്താക്കളുടെ സിലിണ്ടർ ഉപയോഗമാണ് കമ്പനിയുടെ പ്രതിനിധികളെത്തി പരിശോധന നടത്തുന്നത്. ജിഎസ്ടി 36 രൂപ ഉൾപ്പെടെ 236 രൂപ ഇതിനു നൽകണം. വീടുകൾ സന്ദർശിക്കുന്ന ചുമതലപ്പെട്ട പ്രതിനിധി ഗ്യാസ് സ്റ്റൗ, റഗുലേറ്റർ, ട്യൂബ് എന്നിവ പരിശോധിച്ച ശേഷം പടം എടുത്ത് കമ്പനിക്ക് അയച്ചു കൊടുക്കുന്നതാണ് പരിശോധന. ഇൻഷുറൻസ് പരിരക്ഷയ്ക്കുൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനാണ് പരിശോധന. പരിശോധനയ്ക്ക് ഗുണഭോക്താക്കൾ അനുവദിക്കുന്നില്ലെങ്കിൽ അവർക്ക് ഇൻഷുറൻസ് പരിരക്ഷ കിട്ടില്ലെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. അതിനിടെ പരിശോധന എന്ന പേരിൽ വ്യാജന്മാരും ഇറങ്ങുന്നത് തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയിലാണ് ഉപയോക്താക്കൾ.  പരിശോധകന്റെ കൈവശം അംഗീകൃത തിരിച്ചറിയൽ കാർഡ് ഉണ്ടാകുമെന്നും മിനിസ്ട്രി ഓഫ് പെട്രോളിയത്തിന്റെ ഉത്തരവ് പ്രകാരമുള്ള സുരക്ഷാ പരിശോധന നിർബന്ധവും നിയമപരവും ആണെന്നും കമ്പനി, ഏജൻസി, സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ പറയുന്നു.  ബിപിഎൽ ഗുണഭോക്താക്കൾ ഉൾപ്പെടെ പരിശോധനാ ഫീസ് നൽകണം. സബ്സിഡി ആനുകൂല്യം റദ്ദാക്കിയതും പാചക വാതകത്തിനു വില കൂട്ടിയതും കാരണം എൽപിജി ചെലവേറിയതിനു പുറമെയാണ് പരിശോധനയുടെ പേരിൽ വലിയ തുക ഈടാക്കി ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!