ചെന്നൈയില്‍ തെക്കിന്റെ താക്കീത്; മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ രാഷ്ട്രപതിയെ ആശങ്ക അറിയിക്കും; സ്റ്റാലിൻ വിളിച്ച യോഗം ആരംഭിച്ചു

ചെന്നൈ: ജനസംഖ്യാടിസ്ഥാനത്തില്‍ ലോക്സഭാ മണ്ഡല പുനർനിർണയം നടത്തുന്നതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി തമിഴ്നാട്ടില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വിളിച്ച മുഖ്യമന്ത്രിമാരുടെയും രാഷ്ട്രീയ പാർട്ടി നേതാക്കളുടേയും യോഗം ആരംഭിച്ചു.
ജനാധിപത്യവും ഫെഡറല്‍ സംവിധാനവും സംരക്ഷിക്കാനുമുള്ള പോരാട്ടമാണിതെന്ന് യോഗത്തില്‍ സംസാരിക്കവെ സ്റ്റാലിൻ വ്യക്തമാക്കി.
സംസ്ഥാനങ്ങള്‍ ഒന്നിച്ചു വളർന്നാലേ ഫെഡറലിസം നടപ്പാക്കാനാകൂ. ഇന്ത്യയുടെ ശക്തി വൈവിധ്യമാണ്. മണ്ഡല പുനർനിർണയം നമ്മുടെ പ്രാതിനിധ്യത്തെ ബാധിക്കും. അതുകൊണ്ടാണ് ഒന്നിച്ച് എതിർക്കുന്നത്. മണ്ഡല പുനർനിർണായത്തിന് എതിരല്ലെന്നും എന്നാല്‍ നടപടി ഏകപക്ഷീയം ആകാൻ പാടില്ലെന്നും സ്റ്റാലിൻ പറഞ്ഞു. നിലവിലെ സ്ഥിതിയില്‍ തമിഴ്നാട്ടിന് എട്ട് സീറ്റ് നഷ്ടമാകുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
ഇതൊരു ചരിത്ര നിമിഷമാണെന്നും ഫെഡറല്‍ ഘടന സംരക്ഷിക്കാനുള്ള ഈ ഒത്തുചേരല്‍ ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നും സ്റ്റാലിൻ എക്സില്‍ കുറിച്ചു. രാജ്യത്തിന്റെ വികസനത്തിന് സംഭാവന നല്‍കിയ സംസ്ഥാനങ്ങളാണ് പ്രതിഷേധത്തില്‍ ഒരുമിക്കുന്നത്. ന്യായമായ അതിർത്തി നിർണയം ഐക്യത്തോടെ നേടിയെടുക്കുമെന്നും സ്റ്റാലിൻ ട്വീറ്റില്‍ പറഞ്ഞു.
മണ്ഡലപുനർ നിർണായത്തില്‍ സംസ്ഥാനങ്ങളുടെ ആശങ്ക നീക്കണമെന്ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഏത് മാനദണ്ഡപ്രകാരം നടപടി എന്ന് വ്യക്തമാക്കണം. ഭാഷാ- സാംസ്‌കാരിക വൈവിധ്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാന മുഖ്യമന്ത്രിമാർ രാഷ്ട്രപതിയെ കണ്ട് ആശങ്ക അറിയിക്കാനും യോഗത്തില്‍ തീരുമാനമായി. എംപിമാരുടെ കോർ കമ്മിറ്റി രൂപീകരിക്കും. ആവശ്യമായ ഭരണഘടനാ ഭേദഗതിക്ക് നിർദേശിക്കും. പാർലമെന്റില്‍ കേന്ദ്ര നീക്കം ചെറുക്കാനും യോഗം തീരുമാനിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ എന്നിവരും അണിനിരക്കുന്ന യോഗത്തില്‍ കേരളത്തിലെയടക്കം പ്രധാന രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കെടുക്കുന്നുണ്ട്.
ടിആർഎസ് വർക്കിങ് പ്രസിഡന്റും മുൻ തെലങ്കാന മന്ത്രിയുമായ കെ.ടി രാമറാവു, ബിജെഡി നേതാവും മുൻ ഒഡിഷ മന്ത്രിയുമായ സഞ്ചയ് കുമാർ ദാസ് ബുർമ, ശിരോമണി അകാലിദള്‍ നേതാവും മുൻ എംപിയുമായ സർദാർ ബല്‍വീന്ദർ സിങ് ഭുൻഡാർ, കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, ആർഎസ്പി അധ്യക്ഷനും എംപിയുമായ എൻ.കെ പ്രേമചന്ദ്രൻ, എഐഎംഐഎം നേതാവ് ഇംതിയാസ് ജലീല്‍, കേരളാ കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി, കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവും എം.പിയുമായ അഡ്വ. ഫ്രാൻസിസ് ജോർജ് തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുന്ന മറ്റ് നേതാക്കള്‍.