KSDLIVENEWS

Real news for everyone

പ്രസംഗങ്ങളില്‍ മിതത്വം പാലിക്കണം; ബി.ജെ.പിക്കും കോണ്‍ഗ്രസിനും കത്തയച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍

SHARE THIS ON

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളില്‍ മിതത്വം പാലിക്കണമെന്ന് ബി.ജെ.പിക്കും കോണ്‍ഗ്രസിനും കത്തയച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. നരേന്ദ്രമോദിയുടെ പ്രസംഗങ്ങള്‍ക്കെതിരെ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ക്കെതിരെ ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയതിന് പിന്നാലെയാണ് ഇരുപാര്‍ട്ടിയുടെയും അധ്യക്ഷന്മാര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കത്തയച്ചത്.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയ്ക്കുമാണ് ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രത്യേകം തയ്യാറാക്കിയ നിര്‍ദേശങ്ങള്‍ നല്‍കിയത്. തിരഞ്ഞെടുപ്പിന്റെ പേരില്‍ രാജ്യത്തിന്റെ സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലത്തിന് ദോഷം വരുന്ന തരത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകുന്നത് അനുവദിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പരസ്പരം മത്സരിക്കാനും വിജയിക്കാനും വേണ്ടി മാത്രമുള്ള സംവിധാനമല്ല തിരഞ്ഞെടുപ്പ്. ജനങ്ങള്‍ക്ക് മുന്നില്‍ നിങ്ങള്‍ രാജ്യത്തിനുവേണ്ടി ചെയ്ത നല്ല കാര്യങ്ങള്‍ എടുത്ത് കാണിക്കാനുള്ള അവസരമാണത്. അതിലൂടെ ജനങ്ങളില്‍ നിങ്ങളോടുള്ള വിശ്വാസം ഉണ്ടാക്കിയെടുക്കുകയും ജനങ്ങളെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന തരത്തിലായിരിക്കണം പ്രചാരണ പരിപാടികള്‍ നടത്തേണ്ടത്, തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു.

ജനാധിപത്യം ഏറ്റവും നന്നായി നടക്കുന്ന രാജ്യമാണ് നമ്മുടേത്. അതിന്റെ അടിസ്ഥാനമാണ് രാജ്യത്തെ തിരഞ്ഞെടുപ്പ്. പരസ്പരം കൊമ്പുകോര്‍ത്ത് തിരഞ്ഞെടുപ്പിനും രാജ്യത്തിന്റെ സാമൂഹിക സന്തുലിതാവസ്ഥയ്ക്കും കോട്ടംതട്ടുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ നിങ്ങളുടെ പാര്‍ട്ടികൾക്കടക്കം ആര്‍ക്കും അനുവാദമില്ല, കോണ്‍ഗ്രസ് അധ്യക്ഷനും ബി.ജെ.പി. അധ്യക്ഷനും വെവ്വേറ അയച്ച കത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

ഇടവിട്ടുള്ള കാലയളവില്‍ നടക്കുന്ന സംഭവമാണ് തിരഞ്ഞെടുപ്പ്, എന്നാല്‍ നിങ്ങളുടെ പാര്‍ട്ടികള്‍ അങ്ങനെയല്ല. അവ കാലാകാലം നിലനില്‍ക്കും. രാജ്യത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ പൈതൃകം കാത്തുസൂക്ഷിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ഭാവിയില്‍ രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ പ്രാപ്തരായ നേതാക്കളെ നല്‍കുന്നതിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വലിയ പങ്കുണ്ട്. വളര്‍ന്നുവരുന്ന നേതാക്കളില്‍ അച്ചടക്കവും പരസ്പര ബഹുമാനവും വളര്‍ത്തിയെടുക്കേണ്ടത് മുതിര്‍ന്ന നേതാക്കളുടെ ഉത്തരവാദിത്വമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചൂണ്ടിക്കാട്ടി.
ഇരുപാര്‍ട്ടികളും നല്‍കിയ പരാതികള്‍ പരിഗണിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇരുകൂട്ടരോടും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി നേതാക്കള്‍ നല്‍കിയ വിശദീകരണം തള്ളിക്കൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കോണ്‍ഗ്രസ്, ബി.ജെ.പി. അധ്യക്ഷന്മാര്‍ക്ക് പ്രചാരണ പരിപാടികളില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കത്തയച്ചത്.

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ ബി.ജെ.പി. തങ്ങള്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളില്‍ ഊന്നി വേണം പ്രചാരണം നടത്താന്‍. പ്രത്യേകിച്ച് പ്രസംഗങ്ങളില്‍. ബി.ജെ.പിയുടെ പ്രധാനപ്പെട്ട നേതാക്കളെയെല്ലാം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളെപ്പറ്റി ബോധവാന്മാരാക്കണം. സമൂഹത്തില്‍ ജനങ്ങള്‍ തമ്മില്‍ വേര്‍തിരിവുണ്ടാകുന്ന തരത്തിലുള്ള പ്രസംഗങ്ങളോ പ്രസ്താവനകളോ പാടില്ല. ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ല. ഇക്കാര്യങ്ങളെല്ലാം പാര്‍ട്ടി അധ്യക്ഷന്‍ പ്രചാരണ പരിപാടിക്ക് ഇറങ്ങുന്ന നേതാക്കളെ ബോധ്യപ്പെടുത്തണം. ഇക്കാര്യങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിക്കുന്നു.

രാജ്യത്തിനുവേണ്ടി ചെയ്യാന്‍ ഉദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ ഊന്നിവേണം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെയ്ക്ക് അയച്ച കത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിക്കുന്നത്. ഭരണഘടന ഇല്ലാതാക്കും എന്നതടക്കമുള്ള വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പറയുന്നത് ശരിയല്ല. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നത് അനുവദിക്കാന്‍ കഴിയില്ല. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നില്‍ക്കുന്ന എല്ലാ കോണ്‍ഗ്രസ് നേതാക്കളേയും ഇക്കാര്യം ബോധ്യപ്പെടുത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!