വീര്യം കുറഞ്ഞ മദ്യം: എക്സൈസ് മന്ത്രി മുഖ്യമന്ത്രിയെ കാണും; യുഡിഎഫിലും സമുദായ സംഘടനകളിലും പ്രതിഷേധം

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനിടെ എക്സൈസ് മന്ത്രി എം. ലിജു ഇന്ന് മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തും. എക്സൈസ് വകുപ്പിനോട് ആലോചിക്കാതെയാണ് മദ്യത്തിന്റെ നികുതി സംബന്ധിച്ച തീരുമാനമെടുത്തതെന്ന വാർത്തകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക നീക്കം. ഇന്ന് നിയമസഭ നടക്കുന്നതിനിടയിൽ വെച്ചായിരിക്കും ഈ കൂടിക്കാഴ്ച നടക്കുകയെന്നാണ് സൂചനകൾ.
ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചത് എക്സൈസ് വകുപ്പിനെ അറിയിച്ചിരുന്നില്ല എന്നതാണ് പ്രധാന തർക്കവിഷയം. ധനവകുപ്പ് മാത്രമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നും മറ്റ് കൂടിയാലോചനകൾ നടന്നിട്ടില്ലെന്നും എക്സൈസ് മന്ത്രി നേരത്തെ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കിയിരുന്നു.
നികുതി നിശ്ചയിക്കുന്ന കാര്യം ധനവകുപ്പിന്റെ മാത്രം പരിധിയിൽ വരുന്നതാണെന്നായിരുന്നു മന്ത്രി എം. ലിജുവിന്റെ ആദ്യ പ്രതികരണം. എങ്കിലും വകുപ്പിനെ പൂർണ്ണമായും മാറ്റിനിർത്തിക്കൊണ്ടുള്ള ഇത്തരം പ്രഖ്യാപനങ്ങളിൽ എക്സൈസ് വകുപ്പിന് കടുത്ത അതൃപ്തിയുണ്ട്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഈ അതൃപ്തിയും വകുപ്പിന്റെ വിയോജിപ്പും മന്ത്രി നേരിട്ട് അറിയിക്കുമെന്നാണ് കരുതപ്പെടുന്നത്.
യുഡിഎഫിനുള്ളിൽ തന്നെ ഈ നീക്കത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് തുറന്ന കത്തെഴുതിയിട്ടുണ്ടെന്നാണ് വിവരം. വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകുന്നത് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്ക് വിരുദ്ധമാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഈ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
രാഷ്ട്രീയ എതിർപ്പുകൾക്ക് പുറമെ സമുദായ സംഘടനകളും ക്രൈസ്തവ സഭകളും മദ്യവിരുദ്ധ സമിതികളും ശക്തമായ നിലപാടുമായി രംഗത്തുണ്ട്. വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന സംസ്ഥാനത്ത് മദ്യവ്യാപനത്തിന് വഴിവെക്കുമെന്നും കൂടുതൽ ആളുകളെ മദ്യാസക്തരാക്കുമെന്നുമാണ് ഇവരുടെ ആശങ്ക. മദ്യവിരുദ്ധ സമിതികളുടെ എതിർപ്പ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഈ തീരുമാനവുമായി മുന്നോട്ടു പോകുന്നത് സർക്കാരിന് വലിയ രാഷ്ട്രീയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
Advertisement
2023ൽ എൽഡിഎഫ് സർക്കാർ സമാനമായ രീതിയിൽ അബ്കാരി നയം ഭേദഗതി ചെയ്തപ്പോൾ അതിനെ ഏറ്റവും ശക്തമായി എതിർത്തത് ഇന്നത്തെ മുഖ്യമന്ത്രി വി.ഡി. സതീശനായിരുന്നു. വൻകിട കമ്പനികൾക്ക് തട്ടിപ്പ് നടത്താനും മദ്യം ഒഴുക്കാനുമുള്ള നീക്കമാണിതെന്ന് അന്ന് അദ്ദേഹം ആരോപിച്ചിരുന്നു. എന്നാൽ ഇപ്പോൾ സ്വന്തം സർക്കാരിന്റെ കാലത്ത് നികുതി കുറച്ചു നൽകുന്നതിലൂടെ മദ്യ കമ്പനികൾക്ക് കേരള വിപണിയിലേക്ക് സുഗമമായി എത്താനുള്ള അവസരമാണ് ഒരുങ്ങുന്നത്.
മുന്നണിയിലെയും പാർട്ടിയിലെയും അതൃപ്തിയും സമുദായ സംഘടനകളുടെ എതിർപ്പും കണക്കിലെടുത്ത് മുഖ്യമന്ത്രി ഈ തീരുമാനത്തിൽ നിന്ന് പിന്നോക്കം പോകുമോ എന്നതാണ് അറിയേണ്ടത്. എക്സൈസ് വകുപ്പിന്റെ നിലപാട് കൂടി അറിഞ്ഞ ശേഷം സർക്കാർ എടുക്കുന്ന തീരുമാനം ഈ വിവാദത്തിൽ നിർണ്ണായകമാകും.

