KSDLIVENEWS

Real news for everyone

നിപയിൽ ആശങ്ക: പതിനാലുകാരന്റെ രോഗബാധയുടെ ഉറവിടം സ്ഥിരീകരിക്കാനായില്ല; മലപ്പുറത്ത് അതിജാഗ്രത

SHARE THIS ON

പാണ്ടിക്കാട്: നിപ ബാധിച്ച് പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിലെ പതിനാലുകാരൻ മരിച്ചതോടെ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ നിയന്ത്രണം കർശനമാക്കി. കുട്ടിയുടെ വീട് പാണ്ടിക്കാട്ടും പഠിച്ച സ്കൂൾ ആനക്കയം പഞ്ചായത്തിലുമാണ്.


ഈ പഞ്ചായത്തുകളിൽ പോലീസും ആരോഗ്യവകുപ്പും പ്രത്യേകം നിയോഗിച്ച സ്ക്വാഡുകളും പരിശോധന തുടരുകയാണ്. അതിജാഗ്രതയുടെ പശ്ചാത്തലത്തിൽ സുരക്ഷാമുൻകരുതലുകളോട് നാട്ടുകാർ പൂർണമായി സഹകരിക്കുന്നുണ്ട്. പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ വാഹന അനൗൺസ്മെന്റിലൂടെ നിർദേശങ്ങൾ നൽകുന്നുണ്ട്.

ചെമ്പ്രശ്ശേരി മേഖലയിലാണ് പോലീസ് പരിശോധന ഊർജിതം. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരേ പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള നടപടികളും സ്വീകരിച്ചു. വിവാഹസൽക്കാരച്ചടങ്ങുകളിലും നിരീക്ഷണമുണ്ട്. സന്നദ്ധ സംഘടനകളും ക്ലബ്ബുകളും യുവജന കൂട്ടായ്മകളും രോഗവ്യാപനം തടയാൻ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയിലെത്തിക്കാൻ പാണ്ടിക്കാട്ട് പ്രത്യേക സംഘമുണ്ട്.

രോഗബാധയ്ക്കു കാരണം അമ്പഴങ്ങയോ?

പതിനാലുകാരന് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമാകാത്തതാണ് ജനങ്ങൾക്കിടയിൽ ആശങ്ക വർധിപ്പിക്കുന്നത്. രോഗതീവ്രതയെക്കുറിച്ച് പലരും വേണ്ടത്ര ബോധവാന്മാരല്ല എന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സാമൂഹികമാധ്യമങ്ങൾ വഴി ജനങ്ങളെ ബോധവത്കരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.


മലപ്പുറം: പാണ്ടിക്കാട് ചെമ്പ്രശ്ശേരിയില്‍ മരിച്ച പിതനാലുകാരന് രോഗബാധയുണ്ടായതിന്റെ ഉറവിടം വ്യക്തമായില്ലന്ന് മന്ത്രി വീണാ ജോര്‍ജ്.
സുഹൃത്തുക്കള്‍ പറഞ്ഞതുപ്രകാരം അവര്‍ക്കൊപ്പം പോയ സ്ഥലങ്ങള്‍ പരിശോധിച്ചു. ഇവര്‍ അമ്പഴങ്ങ കഴിച്ച ഇടവും പരിശോധിച്ചു. ഇവിടെ വവ്വാലുകളുടെ സന്നിധ്യവുമുണ്ട്. എങ്കിലും അമ്പഴങ്ങ കഴിച്ചതിലൂടെയാണ് രോഗബാധയുണ്ടായതെന്ന് ഉറപ്പിക്കാനായിട്ടില്ല. തിങ്കളാഴ്ച കൂടുതല്‍ പരിശോധനയിലൂടെ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

എവിടെ പ്രോട്ടോക്കോൾ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ നിപ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച രോഗിയുടെ ഒപ്പമെത്തിയവരെ പുറത്തിരുത്തി അധികൃതർ. ഞായറാഴ്ച ഉച്ചയോടെയാണ് പനിബാധിച്ച് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പയ്യനാട് സ്വദേശിയായ അറുപത്തിയെട്ടുകാരനെ നിപ സംശയിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. എന്നാൽ, ഒപ്പമെത്തിയ ഭാര്യയെയും മകനെയും ക്വാറന്റീനിൽ പ്രവേശിപ്പിക്കാതെ പുറത്തിരുത്തി.

രോഗിക്കൊപ്പം വന്നവരെന്നറിയാതെ പലരുംവന്ന് ഇവരോട് സംസാരിക്കുകയും ചെയ്തു. താമസിക്കാൻ എവിടെയെങ്കിലും മുറികിട്ടുമോ തുടങ്ങിയ കാര്യങ്ങളും ഇവർ അന്വേഷിക്കുന്നുണ്ടായിരുന്നു. പുറത്തിരുന്നാണ് ഭക്ഷണം കഴിച്ചതും. സംശയത്തിന്റെ പേരിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ ഫലം വരുന്നവരെ, അടുത്ത സമ്പർക്കമുള്ളവരെ കൃത്യമായി ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരുന്നു. അണുവിട തെറ്റാതെയുള്ള ഇത്തരം പ്രവർത്തനങ്ങളാണ് കൂടുതൽ ആളുകളിലേക്ക് വ്യാപിക്കാതെ പിടിച്ചുനിർത്താൻ സഹായിച്ചിരുന്നതും. ഞായറാഴ്ച രാത്രിയോടെയാണ് അറുപത്തിയെട്ടുകാരന് നിപ നെഗറ്റീവാണെന്ന ഫലം വന്നത്.

പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ നിയന്ത്രണം

മലപ്പുറം: പാണ്ടിക്കാട് പഞ്ചായത്തിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനും രോഗപ്രതിരോധ പ്രവർത്തനം ഊർജിതപ്പെടുത്തുന്നതിനും പാണ്ടിക്കാട്, ആനക്കയം പഞ്ചായത്ത് പരിധികളിൽ കളക്ടർ വി.ആർ. വിനോദ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇരു പഞ്ചായത്തു പരിധികളിൽ നിന്ന് ജില്ലയിലെ മറ്റു സ്കൂളുകളിലേക്കുപോകുന്ന സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്ന വിദ്യാർഥികൾ ഉണ്ടെങ്കിൽ പൊതു ഗതാഗതമാർഗങ്ങൾ ഉപയോഗിക്കരുത്. ഈ വിദ്യാർഥികൾ എൻ95 മാസ്‌ക് ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്.

പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തു പരിധിയിൽ ടർഫുകൾ, ജിംനേഷ്യങ്ങൾ, മറ്റു കായിക വിനോദ കേന്ദ്രങ്ങൾ എന്നിവ പ്രവർത്തിക്കാൻ പാടില്ല.

പ്രവേശനത്തിനായി പോകുന്ന വിദ്യാർഥികളെ ഒരു രക്ഷിതാവ് മാത്രമേ അനുഗമിക്കാൻ പാടുള്ളൂ. പ്രവേശനത്തിനായി പോകുന്ന സമ്പർക്കപ്പട്ടികയിലുള്ള വിദ്യാർഥികളുടെയും അനുഗമിക്കുന്ന രക്ഷിതാക്കളുടെയും വിവരങ്ങൾ കൺട്രോൾ റൂം നമ്പറിൽ അറിയിക്കണം. കൺട്രോൾ റൂം നമ്പർ: 0483 2732010, 0483 2732050.

ഞായറാഴ്ച പരിശോധിച്ച ഏഴുപേര്‍ക്കും നെഗറ്റീവ്

കോഴിക്കോട്/മലപ്പുറം: ആശങ്കകള്‍ക്കിടെ ഞായറാഴ്ച ആശ്വാസവാര്‍ത്തയുമുണ്ട്. മലപ്പുറത്ത് പരിശോധനനടത്തിയ ഏഴുപേരുടെ ഫലവും നെഗറ്റീവാണെന്ന് മന്ത്രി വീണാ ജോര്‍ജ് മലപ്പുറത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.

കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായ സുഹൃത്തുക്കളാണ് നെഗറ്റീവായ ആറുപേര്‍. പനി ബാധിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ നിപലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ പയ്യനാട് സ്വദേശിയായ അറുപത്തെട്ടുകാരനാണ് നെഗറ്റീവായ ഏഴാമത്തെയാള്‍. ഇദ്ദേഹത്തിന് കുട്ടിയുമായി ബന്ധമില്ല.

കുട്ടിക്കൊപ്പമുണ്ടായിരുന്ന മാതാപിതാക്കളെയും അമ്മാവനെയും ശനിയാഴ്ച മെഡിക്കല്‍ കോളേജില്‍ ക്വാറന്റീനിലാക്കിയിരുന്നു. പിതാവിന് ഞായറാഴ്ച രാവിലെമുതല്‍ പനിയുള്ളതിനാല്‍ നിരീക്ഷണത്തിലാണ്. വീട്ടിലെ മറ്റാര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളില്ല.

നാലുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും നിരീക്ഷണത്തിലുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട, മൂന്നുപേര്‍ ഉള്‍പ്പെടെ നാലുപേരുടെ സാംപിളുകള്‍കൂടി പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഫലം തിങ്കളാഴ്ചവരുമെന്ന് മന്ത്രി പറഞ്ഞു. സമ്പര്‍ക്കപ്പട്ടികയില്‍ 330 പേരാണുള്ളത്. ഇതില്‍ 68 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 101 പേര്‍ ഉയര്‍ന്ന സാധ്യതയുള്ള ഇടത്തുനിന്നുള്ളവരും ആറുപേര്‍ നേരിട്ട് സമ്പര്‍ക്കമുള്ളവരുമാണ്. സമ്പര്‍ക്കത്തിലുള്ളവരുടെ സാംപിള്‍ പരിശോധന തുടരും.

error: Content is protected !!