മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം; അഞ്ച് ദിവസത്തിനുള്ളിൽ നടപടി വേണമെന്ന് ദേശീയ വനിതാ കമ്മിഷന്‍
തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ അഞ്ച് ദിവസത്തിനകം നടപടിയെടുക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഡി ജി പിയോട് നിര്‍ദ്ദേശിച്ചു.
സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കണമെന്നും കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ കേസ് തിരുവനന്തപുരം റേഞ്ച് ഡി ഐ ജി സഞ്ജയ് കുമാര്‍ അന്വേഷിക്കുകയാണ്.
കേസില്‍ പ്രതികളുടെ വിശദാംശങ്ങള്‍ തേടി നേരത്തെ പോലീസ് ഫേസ്ബുക്കിന് കത്തയച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായത് അപകീര്‍ത്തികരവും, മാനഹാനിയുണ്ടാക്കുന്നതുമായ പ്രചരണങ്ങളും ലൈംഗിക ചുവയുള്ളതുമാണെന്ന് ഡി ഐ ജി ഡി ജി പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
മാധ്യമ പ്രവര്‍ത്തകരായ നിഷ പുരുഷോത്തമനും എം ജി കമലേഷിനും പ്രജുലക്കുമെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള അധിക്ഷേപ പ്രചരണം നടന്നിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പരാതി നല്‍കിയത്.