തബ്ലീഗ് ജമാഅത്തിൽ പങ്കെടുത്തവരെ വേട്ടയാടിയ ഭരണകൂടത്തിനും മാധ്യമങ്ങൾക്കുമെതിരെ; മുംബൈ ഹൈക്കോടതി
മുംബൈ: തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്ത വിദേശികളെ മാധ്യമങ്ങളും, സര്‍ക്കാരും വേട്ടയാടുകയായിരുന്നെന്ന് ബോംബെ ഹൈക്കോടതി.
തബ്‌ലീഗ് ജമാഅത്തില്‍ അംഗങ്ങളായ 29 വിദേശികള്‍ക്കെതിരെ സമര്‍പ്പിച്ച എഫ്.ഐ.ആര്‍ റദ്ദാക്കിക്കൊണ്ടാണ് കോടതി നിരീക്ഷണമെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്തോനേഷ്യ, ഘാന, ടാന്‍സാനിയ, ഐവറി കോസ്റ്റ്, എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശികള്‍ സമര്‍പ്പിച്ച മൂന്ന് പ്രത്യേക ഹരജികളാണ് കോടതി പരിഗണിച്ചത്. ലോക്ക്ഡൗണ്‍ ഉത്തരവുകള്‍ ലംഘിച്ച് പ്രാര്‍ത്ഥനകള്‍ നടത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാര്‍ക്കെതിരെ കേസെടുത്തതെന്നാണ് പൊലീസിന്റെ വാദം.
മര്‍ക്കസില്‍ എത്തിയ വിദേശികള്‍ക്കെതിരെ അച്ചടി മാധ്യമങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളും സംഘടിതമായി വലിയതരത്തിലുള്ള പ്രചരണം നടത്തിയെന്നും കൂടാതെ കൊവിഡ് 19 പടരാന്‍ ഈ വിദേശികളാണ് ഉത്തരവാദികളെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം നടന്നതായും കോടതി നിരീക്ഷിച്ചു. വിദേശികള്‍ക്കെതിരെ നടന്നത് വേട്ടയാടലായിരുന്നെന്നും കോടതി നിരീക്ഷിച്ചു.
മഹാമാരികളും, പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ രാഷ്ട്രീയ ഭരണകൂടങ്ങള്‍ ഇത്തരത്തില്‍ ബലിയാടുകളെ സൃഷ്ടിക്കാറുണ്ടെന്നും, സാഹചര്യംവെച്ചു നോക്കുമ്പോള്‍ ഇവിടെ വിദേശികളെ ബലിയാടുകളാക്കിയതാവാനാണ് സാധ്യതയെന്നും കോടതി നിരീക്ഷിച്ചു.
പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തെക്കുറിച്ചും കോടതി പരാമര്‍ശം നടത്തി. വിദേശികള്‍ക്കും മുസ്ലങ്ങള്‍ക്കുമെതിരെ എടുത്തിരിക്കുന്ന നടപടികള്‍ക്ക് പിന്നില്‍ ദുരുദ്ദേശ്യമുണ്ടെന്നും കോടതി സംശയം പ്രകടിപ്പിച്ചു.