കാഞ്ഞങ്ങാട് മത്സ്യ മാര്‍ക്കറ്റും അടച്ചിടുന്നു
കോട്ടച്ചേരി മത്സ്യ മാർക്കറ്റിലെ മത്സ്യത്തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റില്‍ മത്സ്യതൊഴിലാളികള്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മത്സ്യ മാര്‍ക്കറ്റും പരിസര പ്രദേശത്തെയും കച്ചവട സ്ഥാപനങ്ങളും മത്സ്യവില്‍പ്പനയും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിക്കാനും സ്ഥാപനങ്ങള്‍ അടച്ചിടാനും നഗരസഭ തീരുമാനിച്ചു. കാഞ്ഞങ്ങാടും പരിസരത്തും പോസിറ്റീവ് കേസ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും വരും ദിവസങ്ങളിലെ സാഹചര്യം നോക്കി തീരുമാനമെടുക്കാന്‍ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. മത്സ്യ മാര്‍ക്കറ്റിന് പരിസര പ്രദേശത്ത് ആള്‍ക്കൂട്ടമൊഴിവാക്കണമെന്നും ഉള്‍പ്രദേശങ്ങളില്‍ മത്സ്യവില്‍പന നടത്തുന്നവരുടെ കൈവശം കോവിഡ് നെഗറ്റിവായവരുടെ സര്‍ട്ടിഫിക്കറ്റ് ഉണ്ടാവണമെന്നും നിര്‍ദേശം നല്‍കി. യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി ജാഫര്‍, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എം.പി വിനോദ്, നഗരസഭ സെക്രട്ടറി എം.കെ. ഗിരിഷ് എന്നിവര്‍ സംബന്ധിച്ചു.