KSDLIVENEWS

Real news for everyone

ഓണാഘോഷം കോവിഡ് ജാഗ്രതയിലും മാനദണ്ഡം ലംഘിക്കാതെയും ആയിരിക്കണം
മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: കോവിഡ് ജാഗ്രതയില്‍ പാളിച്ചയുണ്ടാകാതെ വേണം ഇത്തവണ ഓണാഘോഷങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തം സൃഷ്ടിച്ച വിഷമങ്ങളില്‍ മനസ്സു പതറാതെ, രോഗവ്യാപനം തടയുന്നതിനാവശ്യമായ ജാഗ്രതയില്‍ യാതൊരു വിധ പാളിച്ചയ്ക്കും ഇടനല്‍കാതെ നമുക്ക് ഈ ഓണം ആഘോഷിക്കാന്‍ സാധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോകം മുഴുവന്‍ പടര്‍ന്ന ഈ മഹാമാരിയുടെ ഇരുണ്ട നാളുകളെ വകഞ്ഞു മാറ്റി, സമൃദ്ധിയും സന്തോഷവും നിറഞ്ഞ പുതിയ കേരളത്തെ പടുത്തുയര്‍ത്താന്‍ ഈ ഓണക്കാലം നമ്മില്‍ പ്രത്യാശയും ആത്മവിശ്വാസവും നിറയ്ക്കട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. മലയാളികള്‍ ഒറ്റക്കെട്ടാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട്, നാടിന്റെ നന്മയ്ക്കായി പ്രയത്നിക്കുമെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് നമുക്ക് ഈ ഓണം ആഘോഷിക്കാമെന്നും എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നതായും പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
ഇന്ന് അത്തം. ജാതിയുടേയും മതത്തിന്റെയും അതിര്‍ വരമ്ബുകള്‍ ഭേദിച്ചുകൊണ്ട് നമ്മള്‍ മലയാളികള്‍ ഒത്തു ചേരുന്ന ഓണാഘോഷത്തിന് ഇന്നു തുടക്കം കുറിക്കുകയാണ്. കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധിയുടെ നിഴലിലാണ് ഇത്തവണത്തെ ഓണം. നിയന്ത്രണങ്ങളോടെയാണെങ്കിലും സമാധാനത്തിന്റെയും മാനവികതയുടേയും സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു നമുക്ക് ഈ ഓണത്തെ വരവേല്‍ക്കാം.
നിലവിലെ സാഹചര്യത്തില്‍ ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിനായി സര്‍ക്കാര്‍ നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഓണ നാളുകളില്‍ ഒരാള്‍ പോലും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുതെന്ന ഉറച്ച തീരുമാനത്തിന്റെ ഭാഗമായി 88 ലക്ഷം കുടുംബങ്ങള്‍ക്കാണ് ഓണക്കിറ്റ് നല്‍കുന്നത്. അതിനു പുറമേ, സാമൂഹ്യക്ഷേമ പെന്‍ഷനുകളുടെ വിതരണം ത്വരിതഗതിയിലാക്കി. സുരക്ഷിതത്വം നിലനിര്‍ത്തുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ട് വിപണി സജീവമാക്കി നിലനിര്‍ത്തുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ വിട്ടു വീഴ്ചയില്ലാതെ മുന്‍പോട്ടു കൊണ്ടു പോകുന്നുണ്ട്. കോവിഡ് പ്രതിസന്ധിയില്‍ തളര്‍ച്ച ബാധിച്ച വ്യവസായ മേഖലയുടെ പുനരുജ്ജീവനത്തിനായി നൂതന പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നു. ഇതിനിടയിലും രോഗപ്രതിരോധമാര്‍ഗങ്ങളും ചികിത്സാ സംവിധാനങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തി മുന്‍പോട്ട് കൊണ്ടുപോകുന്നു.
ദുരന്തം സൃഷ്ടിച്ച വിഷമങ്ങളില്‍ മനസ്സു പതറാതെ, രോഗവ്യാപനം തടയുന്നതിനാവശ്യമായ ജാഗ്രതയില്‍ യാതൊരു വിധ പാളിച്ചയ്ക്കും ഇടനല്‍കാതെ നമുക്ക് ഈ ഓണം ആഘോഷിക്കാന്‍ സാധിക്കണം. ലോകം മുഴുവന്‍ പടര്‍ന്ന ഈ മഹാമാരിയുടെ ഇരുണ്ട നാളുകളെ വകഞ്ഞു മാറ്റി, സമൃദ്ധിയും സന്തോഷവും നിറഞ്ഞ പുതിയ കേരളത്തെ പടുത്തുയര്‍ത്താന്‍ ഈ ഓണക്കാലം നമ്മില്‍ പ്രത്യാശയും ആത്മവിശ്വാസവും നിറയ്ക്കട്ടെ. മലയാളികള്‍ ഒറ്റക്കെട്ടാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട്, നാടിന്റെ നന്മയ്ക്കായി പ്രയത്നിക്കുമെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് നമുക്ക് ഈ ഓണം ആഘോഷിക്കാം.
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!