KSDLIVENEWS

Real news for everyone

കാന്തപുരത്തിന്റെ കേരള യാത്ര പ്രഖ്യാപനത്തിന് പിന്നാലെ ജിഫ്രി മുത്തുക്കോയ തങ്ങളും കേരളയാത്രയ്ക്ക് ഒരുങ്ങുന്നു; സമസ്തയിലെ ലീഗനുകൂലികൾക്ക് മുറു മുറുപ്പ്

SHARE THIS ON

കോഴിക്കോട്: സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കേരളയാത്രയ്ക്ക് ഒരുങ്ങുന്നു. സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തിന്റെ മുന്നോടിയായാണ് യാത്ര. ഡിസംബര്‍ 18-ന് തുടങ്ങുന്ന യാത്ര പത്ത് ദിവസം നീളും. ആദ്യമായാണ് സമസ്ത പ്രസിഡണ്ട് ഇത്തരമൊരു യാത്ര നടത്തുന്നത്. തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകരെ കൂടി പങ്കാളികളാക്കാനാണ് കന്യാകുമാരിയില്‍നിന്ന് തുടങ്ങി മംഗലാപുരത്ത് അവസാനിപ്പിക്കുന്നതെന്ന് എസ്.വൈ.എസ് നേതാവ് മുസ്തഫ മുണ്ടുപാറ പറഞ്ഞു. സമസ്ത നൂറാം വാര്‍ഷിക സമ്മേളനം വരുന്ന ഫിബ്രവരിയില്‍ കാസര്‍കോട്ടാണ് നടക്കുന്നത്.

പാണക്കാട് സാദിഖലി തങ്ങള്‍- സമസ്ത തര്‍ക്കം രൂക്ഷമായി നിലനില്‍ക്കെയാണ് ജിഫ്രി തങ്ങളുടെ കേരള യാത്രയെന്നത് ശ്രദ്ധേയമാണ്. നൂറാം വാര്‍ഷിക സമ്മേളനത്തില്‍ സമസ്തയിലെ ലീഗ് അനുകൂല പക്ഷത്തിന്റെ പ്രാതിനിധ്യം നാമമാത്രമാണ്. സമാന്തരമായി എസ്.എം.എഫിന്റെ ബാനറില്‍ ലീഗ് പക്ഷം മറ്റുപരിപാടികള്‍ നടത്തുകയാണ്. സാദിഖലി തങ്ങളെ സമുദായ നേതൃത്വമായി പ്രഖ്യാപിച്ചാണ് ഈ വിഭാഗത്തിന്റെ നീക്കം. കഴിഞ്ഞ ദിവസം എസ്.എം.എഫ് വടകരയില്‍ സംഘടിപ്പിച്ച സാദിഖലി തങ്ങളുടെ ഖാസി സ്ഥാനാരോഹണ പരിപാടിയില്‍ സമസ്ത മുശാവറ അംഗത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി നാസര്‍ ഫൈസി കൂടത്തായി രംഗത്തെത്തിയത് ഈ വിഭാഗീയതുടെ ഭാഗമായിരുന്നു. സമുദായം സാദിഖലി തങ്ങള്‍ക്കൊപ്പമാണെന്നും നാസര്‍ ഫൈസി അവിടെ പ്രഖ്യാപിച്ചു.

കേരള യാത്രക്ക് ജിഫ്രി തങ്ങള്‍ നേതൃത്വം നല്‍കുന്നതോടെ സുന്നി സമൂഹത്തിന്റെ പിന്തുണ കൂടുതല്‍ ശക്തമാകുമെന്നു സമസ്ത വൃത്തങ്ങള്‍ കരുതുന്നു. നേരത്തെ സമസ്‌ക എ.പി വിഭാഗം നേതാവ് കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ കേരള യാത്ര നടത്തി ശ്രദ്ധേയമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!