ധീരമായ തീരുമാനങ്ങളെടുക്കാൻ ഒറ്റയ്ക്കു ഭൂരിപക്ഷമുള്ള സർക്കാർ വേണം, വനിത ബിൽ യാഥാർഥ്യമായി
ന്യൂഡൽഹി∙ കഴിഞ്ഞ രണ്ടു ദിവസങ്ങളായി ചരിത്രം രചിക്കപ്പെടുന്നതിന് സാക്ഷിയായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിൽ വനിതകൾക്കു 33 ശതമാനം സംവരണം നൽകുന്ന ബിൽ പാസായതിനു പിന്നാലെ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ഥിരതയുള്ള ഒരു സർക്കാരുള്ളതു കൊണ്ടാണ് വനിത ബിൽ യാഥാർഥ്യമായത്. ഭൂരിപക്ഷമുള്ള ഒരു സർക്കാരിന് എങ്ങനെ പ്രവർത്തിക്കാനാകുമെന്ന് ഇരുസഭകളിലും ബിൽ പാസായതിലൂടെ വ്യക്തമായെന്നും മോദി പറഞ്ഞു. ബിജെപി ആസ്ഥാനത്ത് എത്തിയ മോദിക്ക് വൻ സ്വീകരണമാണ് പാർട്ടിയിലെ വനിത വിഭാഗം ഒരുക്കിയത്. ആയിരക്കണക്കിന് സ്ത്രീകളാണ് മോദിക്ക് അഭിവാദ്യം അർപ്പിക്കാൻ ബിജെപി ആസ്ഥാനത്തെത്തിയത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, വനിത കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, സ്മൃതി ഇറാനി, കേരളത്തിൽനിന്നുള്ള രാജ്യസഭ എംപി പി.ടി.ഉഷ എന്നിവരും സന്നിഹിതരായിരുന്നു. മോദിയുടെ വാക്കുകൾ ഇങ്ങനെ: വനിതാ സംവരണ ബിൽ ഒരു സാധാരണ ബില്ലല്ല, അത് പുതിയ ഇന്ത്യയുടെ പുതിയ ജനാധിപത്യ പ്രതിബദ്ധതയാണ്. പുതുയുഗത്തിൽ വനിതകൾ നയിക്കുന്ന വികസനം സാധ്യമാകുമെന്ന എന്റെ ഉറപ്പ് നിറവേറ്റുക കൂടിയാണ് ഇതിലൂടെ ചെയ്തിരിക്കുന്നത്. സ്ത്രീകൾക്ക് സുരക്ഷയും ബഹുമാനവും സമൃദ്ധിയും നൽകുന്നതിനായുള്ള എല്ലാ പദ്ധതികളും ഈ സർക്കാർ നടപ്പാക്കുന്നുണ്ട്. സ്ഥിരതയുള്ള ശക്തരായ ഒരു സർക്കാരിനെ മികച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്തതു കൊണ്ടാണ് വനിത സംവരണ ബിൽ യാഥാർഥ്യമായത്. ധീരമായ തീരുമാനങ്ങൾ കൈക്കൊണ്ട് രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാൻ ഒറ്റയ്ക്കു ഭൂരിപക്ഷമുള്ള ഒരു സർക്കാർ വേണമെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുന്നു. ഒരുസമയത്ത് പാർലമെന്റിൽ വനിതാ ബിൽ കീറിയെറിഞ്ഞവർ വരെ ഇന്ന് അതിനെ പിന്തുണച്ചിരിക്കുന്നു. സ്ത്രീ ശക്തിയുടെ മുന്നേറ്റമാണ് അതിന് കാരണം. വനിതാ ബിൽ യാഥാർഥ്യമാക്കുന്നതിനു മുന്നിൽ ആരുടെയും സ്വാർഥ താൽപര്യങ്ങൾ ഒരു തടസ്സമായി വരാൻ ഞങ്ങൾ അനുവദിച്ചില്ല. മുൻപ് എപ്പോഴൊക്കെ ഈ ബിൽ പാർലമെന്റിന്റെ പരിഗണനയ്ക്ക് വന്നോ അപ്പോഴൊക്കെ വെള്ളപൂശല്‍ മാത്രമാണ് നടന്നിട്ടുള്ളത്, ഇത് യാഥാർഥ്യമാക്കാൻ ഒരു ആത്മാർഥമായ നടപടിയും ഉണ്ടായിട്ടില്ല. ജനങ്ങൾ ബില്ലിനു വേണ്ടി വോട്ട് ചെയ്തു, എന്നാൽ എന്തുകൊണ്ടാണ് ‘നാരി ശക്തി വന്ദൻ’ എന്ന വാക്കു കൊണ്ടുവന്നതെന്ന് പലരും സംശയിച്ചു. ഈ രാജ്യത്തെ സ്ത്രീകൾക്ക് ആദരവ് നൽകേണ്ടതല്ലേ? സ്ഥിരതയുള്ള ഒരു സർക്കാർ വന്നപ്പോൾ ബില്ലും യാഥാർഥ്യമായി.