സർക്കാരിന്റെ നേട്ടങ്ങൾ ജനമറിയുന്നില്ല, പിആർ ശക്തമാക്കണം; ചിലർ അധികാരകേന്ദ്രമായെന്നും സി.പി.എം വിലയിരുത്തൽ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വേണ്ടവിധത്തില്‍ ജനങ്ങളിലേക്കെത്തുന്നില്ലെന്ന് സിപിഎം വിലയിരുത്തിയതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഇത് മറികടക്കുന്നതിനായി പി.ആര്‍. സംവിധാനമടക്കം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങളിലേക്കിറങ്ങുമെന്നും എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി. സ്വയം അധികാരകേന്ദ്രങ്ങളായി മാറുന്ന ചിലയിടങ്ങളിലുണ്ട്. അത് ഇല്ലായ്മ ചെയ്യുന്നതിനുള്ള ഫലപ്രദമായ നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്ന് പാര്‍ട്ടി വിലയിരുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടര വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തി. കേന്ദ്ര സര്‍ക്കാര്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടും നല്ല രീതിയില്‍ മുന്നോട്ട് പോയ സര്‍ക്കാരാണിതെന്നാണ് വിലയിരുത്തിയത്. മാറ്റങ്ങളും അതിന്റെ ഭാഗമായി വരും. സര്‍ക്കാര്‍ നല്ല പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടും ജനങ്ങള്‍ അറിയുന്നില്ല. അതിനായിട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങളെ കാണാന്‍ പോകുന്നത്. ജനങ്ങളിലേക്കെത്താതിരിക്കാന്‍ കാരണം മാധ്യമങ്ങളാണെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പിആര്‍ സംവിധാനവും നവമാധ്യമ സംവിധാനവും ശക്തിപ്പെടുത്താന്‍ സിപിഎം തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. അധികാര കേന്ദ്രമാകാനുള്ള ചില നീക്കങ്ങള്‍ പലമേഖലയിലും നടക്കുന്നുണ്ട്. അത് ഒഴിവാക്കേണ്ടതാണ്. അത് ഉദ്യോഗസ്ഥ തലത്തിലെന്നോ പാര്‍ട്ടി തലത്തിലെന്നോ പറയുന്നില്ലെന്നും സിപിഎ സംസ്ഥാന സെക്രട്ടറി പറഞ്ഞു. കരുവന്നൂരില്‍ സഹകരണ വകുപ്പ് ഫലപ്രദമായി ഇടപെട്ടിട്ടുണ്ട്. പിരിച്ചെടുക്കാനുള്ള കോടികള്‍ പിടിച്ചെടുത്തിട്ടുണ്ട്. നൂറിലധികം കോടി ആളുകള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. അപൂര്‍വ്വ സഹകരണ ബാങ്കുകളില്‍ മാത്രമേ പ്രശ്‌നങ്ങളുള്ളൂ. ഭൂരിപക്ഷം സ്ഥാപനങ്ങളിലും തട്ടിപ്പ് നടക്കുന്നുവെന്ന പ്രചാരണം കേരളത്തിന്റെ ഭാവിക്ക് ദോഷം ചെയ്യും. നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി സിപിഎമ്മിന് ഒന്നും മറച്ചുവെക്കാനില്ല. എസി മൊയ്തീനെയും പി.കെ.ബിജുവിനെയും പ്രതിയാക്കാനുള്ള ശ്രമമാണ് ഇ.ഡി നടത്തുന്നത്. അതിനായി പലരേയും ഭീഷണിപ്പെടുത്തുന്നു. ഇ.ഡി.യുടെ ഈ നിലപാടിന് കീഴടങ്ങാനാകില്ല. അതിനെ ശക്തിയായി എതിര്‍ക്കുക തന്നെ ചെയ്യുമെന്നും ഗോവിന്ദന്‍ പറഞ്ഞു. കേരളത്തിലെ യുഡിഎഫില്‍ വലിയ രീതിയിലുള്ള തര്‍ക്കമാണ് രൂപപ്പെട്ടുവരുന്നത്. ഉമ്മന്‍ചാണ്ടിയുടെ ആത്മകഥ ചൂണ്ടിക്കാട്ടി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വലിയ അമര്‍ഷമാണ് ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയിട്ടുള്ളത്. ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണയുണ്ടായിട്ടും ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കിയില്ല എന്ന അമര്‍ഷമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. സമ്മര്‍ദ്ദം കൊണ്ടായിരിക്കാം പിന്നീട് ഇന്‍സ്റ്റയില്‍ നിന്ന് അദ്ദേഹം അത് പിന്‍വലിച്ചു. കെ. മുരളീധരനും തന്നെ തഴയുന്നുവെന്ന് പറയുന്നു. സുധാകരനും സതീശനും മൈക്കിന് വേണ്ടി പിടിവലി നടത്തിയതും ഇപ്പോള്‍ പുറത്തുവന്നു. അതെല്ലാം ജനങ്ങള്‍ വിലയിരുത്തുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.