ചര്‍ച്ച അമേരിക്കയുമായി മാത്രമാകരുത്, അറബ് മേഖലയുമായുള്ള നേരിട്ടുള്ള ചര്‍ച്ചയ്ക്ക് ഇറാന്‍ തയ്യാറാകണം: യുഎഇ

ന്യൂയോര്‍ക്ക്: അറബ് മേഖലയുമായി ഇറാന്‍ നേരിട്ട് ചര്‍ച്ച നടത്തണമെന്ന് യുഎഇ. എല്ലാ ചര്‍ച്ചയും ഇറാനും അമേരിക്കയും തമ്മില്‍ മാത്രം ആകരുതെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗാര്‍ഗാഷ് പറഞ്ഞു.മേഖലയുടെ ഭാവിയും സ്ഥിരതയും രൂപപ്പെടുത്തുന്നതിന് നയതന്ത്രബന്ധം ശക്തമാക്കുന്നത് ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
യുഎന്‍ ജനറല്‍ അസംബ്ലിയുടെ ഉന്നതതല വാരത്തിന് മുന്നോടിയായി ന്യൂയോര്‍ക്കില്‍ നടന്ന അല്‍ മോണിറ്റര്‍ പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കവേയാണ് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗാര്‍ഗാഷ് ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടത്. ഇറാന്‍ സ്വയം ഒരു പ്രാദേശിക മേധാവിയായി കാണുന്നുവെന്നും ചര്‍ച്ചകള്‍ മുഴുവന്‍ അമേരിക്കയോട് നേരിട്ട് നടത്തുകയാണെന്നും അന്‍വര്‍ ഗാര്‍ഗാഷ് പറഞ്ഞു.ഇറാനുമായുള്ള ബന്ധത്തില്‍ ഒരു പുതിയ മാനസികാവസ്ഥ രൂപപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. നയതന്ത്ര ബന്ധങ്ങള്‍ ശക്തമാക്കാനുള്ള സമയം ആണിത്. മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ എല്ലാം തമ്മില്‍ ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യുഎഇ നേരത്തെ വ്യക്തമാക്കിയിരുന്നു. നയതന്ത്രവും പ്രതിരോധവും ഒരേ നിലയ്ക്ക് കൊണ്ടുപോകുമെന്നാണ് യുഎഇയുടെ നിലപാട്. ഇറാനുമായുള്ള ബന്ധം നിലനിര്‍ത്തുന്നതും വിശ്വാസം പുനഃസ്ഥാപിക്കുന്നതും രണ്ടാണെന്നും യുഎഇ പറയുന്നു.

