തദ്ദേശസ്ഥാപനങ്ങള്‍ ലൈഫ് പദ്ധതി നടപ്പാക്കിയതില്‍ വന്‍ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾ ലൈഫ് പദ്ധതി നടപ്പാക്കിയ രീതിയിൽ ക്രമക്കേട് കണ്ടെത്തി സംസ്ഥാന ഓഡിറ്റ് വകുപ്പ്. മറ്റ് പദ്ധതികളിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ വീടുപണികൾക്കും ചെയ്യാത്ത ലൈഫ് പദ്ധതികൾക്കും പണം നൽകി എന്നാണ് റിപ്പോർട്ടിലുള്ളത്. ലൈഫ് മിഷൻ ഭവന പദ്ധതി നടത്തിപ്പിലെ ക്രമക്കേട് കണ്ടെത്തിയ ഓഡിറ്റ് റിപ്പോർട്ട് പരിഗണനയിലിക്കെയാണ് സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങളുടെ ഓഡിറ്റിങ് നിർത്തിവെച്ചത്. നിയമസഭ ലോക്കൽ ഫണ്ട്സ് അക്കൗണ്ട് കമ്മിറ്റിക്ക് നൽകിയ 2018-19 വർഷത്തിലെ ഓഡിറ്റ് റിപ്പോർട്ടിലാണ് ക്രമക്കേട് വ്യക്തമാകുന്നത്. പഞ്ചായത്തുകൾ ലൈഫ് ഭവന പദ്ധതികൾ നിർവ്വഹിച്ചതു സർക്കാർ മാർഗ്ഗനിർദേശങ്ങൾ പാലിക്കാതെയെന്നാണ് റിപ്പോർട്ടിൽ തുടക്കത്തിൽ തന്നെ കുറ്റപ്പെടുത്തുന്നുണ്ട്. മുൻ ഭവന പദ്ധതികളിൽ തുക അനുവദിച്ച് പൂർത്തീരിച്ച പദ്ധതികൾക്ക് ലൈഫിലും തുക നൽകിയെന്നാണ് ഗുരുതര കണ്ടെത്തൽ. വയനാട് ജില്ലയിലാണ് ഇഎംഎസ്, ഐഎവൈ ഭവന പദ്ധതികളിൽ പൂർത്തിയാക്കിയ പദ്ധതികൾക്കും ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചത്. ചെയ്യാത്ത പദ്ധതികൾക്ക് പണം അനുവദിച്ചതാണ് മറ്റൊരു ക്രമക്കേട്.
സ്ഥലപരിശോധനയിൽ നിർദ്ദിഷ്ട പണി പൂർത്തിയാക്കാത്ത വീടുകൾക്കും തുക പൂർണ്ണമായും നൽകി. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെയും പനമരം ബ്ലോക്ക് പഞ്ചായത്തിലെയും പ്രവൃത്തികൾ ഓഡിറ്റിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
അർഹതയില്ലാത്ത ഗുണഭോക്താക്കൾക്കും ലൈഫ് പദ്ധതിയുട ആനുകൂല്യം തദ്ദേശ സ്ഥാപനങ്ങൾ നൽകിയെന്നും ആരോപണമുണ്ട്. കൽപറ്റ ബ്ലോക്ക് പഞ്ചായത്തിൽ മറ്റ് പദ്ധതികളിൽ പണം കൈപറ്റിയവരെും ലൈഫ് ഗണഭോക്താക്കളായി പരിഗണിച്ച് വൻതുക നൽകിയെന്ന കണ്ടെത്തലുമുണ്ട്. കൃത്യമായ പരിശോധന നടത്താതെ എസ്റ്റിമേറ്റ് തയ്യാറാക്കിയതാണ് മറ്റൊരു ക്രമക്കേട്. ഈ കണ്ടെത്തലുകളുള്ള ഓഡിറ്റ് റിപ്പോർട്ട് ആണ് ഗ്രാന്റിന്റെ കാരണം പറഞ്ഞ് ധനവകുപ്പ് നിർത്തിവെച്ചത്.

