KSDLIVENEWS

Real news for everyone

ജില്ലാ ആശുപത്രി പൂർവസ്ഥിതിയിലാക്കുമെന്ന തീരുമാനം ; കർമസമിതി നിരാഹാരം നിർത്തി

SHARE THIS ON

കാഞ്ഞങ്ങാട്: ജില്ലാ ആസ്പത്രി പൂർവസ്ഥിതിയിലാക്കാൻ തീരുമാനിച്ചതിനാൽ ജനകീയ കർമസമിതി ഡി.എം.ഒ. ഓഫീസിനു മുമ്പിൽ നടത്തുന്ന നിരാഹാരസമരം നിർത്തി.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി.രാംദാസുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് സമരം നിർത്തിയത്. നവംബർ രണ്ടുമുതൽ തുടങ്ങിയ അനിശ്ചിതകാല സത്യാഗ്രഹസമരം കഴിഞ്ഞദിവസം മുതൽ രാപകൽ നിരാഹാരസമരമാക്കിയിരുന്നു.

സിസ്റ്റർ ജയ ആന്റോ മംഗലത്താണ് നിരാഹാരമനുഷ്ഠിച്ചത്. ജില്ലാ ആസ്പത്രി കോവിഡ് ആസ്പത്രിയാക്കിയതിൽ പ്രതിഷേധിച്ചും ടാറ്റ ആസ്പത്രിയിൽ അത്യാധുനിക സജ്ജീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുമാണ് സമരം തുടങ്ങിയത്. ഡിസംബർ ഒന്നു മുതൽ ജില്ലാ ആസ്പത്രി പൂർവ സ്ഥിതിയിലാക്കുമെന്നും അതിനു മുന്നോടിയായി കോവിഡ് രോഗികളെ പൂർണമായും മാറ്റുമെന്നും നേരത്തെ ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിന്റെ അറിയിപ്പുമുണ്ടായിരുന്നു. ഇക്കാര്യം ഡി.എം.ഒ. സമരസമിതി നേതാക്കളായ അമ്പലത്തറ കുഞ്ഞിക്കൃഷ്ണനെയും ടി.മുഹമ്മദ് അസ്‌ലമിനെയും അറിയിച്ചു.

തുടർന്ന് ചെയർമാൻ സി.യുസഫ് ഹാജിയുടെ അധ്യക്ഷതയിൽ കർമസമിതി യോഗം ചേർന്ന് സമരം നിർത്താൻ തീരുമാനിക്കുകയായിരുന്നു. വ്യാപാരിവ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ്, മുനീസ അമ്പലത്തറ, കുഞ്ഞിക്കണ്ണൻ കക്കാണത്ത്, കെ.പി.രാമചന്ദ്രൻ, പവിത്രൻ തോയമ്മൽ, ഫൈസൽ ചേരക്കാടത്ത്, നാസർ കൊട്ടിലങ്ങാട് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!