ജ്വല്ലറി നിക്ഷേപ തട്ടിപ്പ് ; ടി.കെ.പൂക്കോയ തങ്ങളെ തേടി പ്രത്യേക സംഘം കർണാടകയിലേക്ക്

കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ ടി.കെ.പൂക്കോയ തങ്ങളെ തേടി പ്രത്യേക അന്വേഷണസംഘം കർണാടകയിലേക്ക് പോകും.
ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലേക്ക് വെവ്വേറെ ടീമുകളായാണ് പോകുക. മറ്റൊരു പ്രതി എം.സി.ഖമറുദ്ദീൻ എം.എൽ.എ. അറസ്റ്റിലായ ദിവസം പൂക്കോയ തങ്ങളെയും ചോദ്യംചെയ്യാൻ വിളിപ്പിച്ചതാണ്. എന്നാൽ ഹാജരാകാതെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. തങ്ങളുടെ മകനുൾപ്പെടെയുള്ളവർക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളുടെ ഫോൺ അന്നുമുതൽ സ്വിച്ച് ഓഫ് ആണ്.
ഫോൺ പ്രവർത്തിച്ചിരുന്ന സമയത്തെ ടവർ ലൊക്കേഷൻ കർണാടകയിലാണെന്ന വിവരം സൈബർസെല്ലിന്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു.
അതുകൊണ്ടുകൂടിയാണ് ഇയാളെ തിരഞ്ഞ് പോലീസ് കർണാടകയിലേക്ക് പോകുന്നത്. അതിനിടെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന എം.സി.ഖമറുദ്ദീന് ആൻജിയോപ്ലാസ്റ്റി ചെയ്യണമോയെന്നത് തിങ്കളാഴ്ച ചേരുന്ന മെഡിക്കൽ ബോർഡിന്റെ കൂടിയാലോചനയ്ക്കുശേഷം തീരുമാനിക്കും.
ആൻജിയോഗ്രാം ചെയ്തപ്പോൾ രക്തധമനിയിൽ തടസ്സം കണ്ടിരുന്നു. മെഡിക്കൽ കോളേജിലെ തീവ്രപരിചരണവിഭാഗത്തിൽനിന്ന് ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം മുറിയിലേക്ക് മാറ്റിയിരുന്നു.

