മരിയാന ട്രഞ്ചിലും മനുഷ്യസ്പർശം , ഭൂമിയിലെ ഏറ്റവും ആഴമേറിയ ഭാഗത്ത് മനുഷ്യരെ എത്തിച്ച് ചൈന

ബീജിംഗ്: ഭൂമിയിലെ ഏറ്റവും ആഴമേറിയ കടല്‍ഭാഗമായ മരിയാന ട്രഞ്ചിനടിയിലേയ്ക്ക് മനുഷ്യരെ എത്തിച്ച് ചൈന. ഗവേഷണത്തിനായി തയ്യാറാക്കിയ പ്രത്യേക പേടകമായ ഫെന്‍ഡൗസെ കടലിന്റെ അടിത്തട്ടിലെത്തുന്നതിന്റെ വീഡിയോ ചൈന കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. മൂന്ന് ഗവേഷകര്‍ പേടകത്തിനുള്ളില്‍ ഉണ്ടായിരുന്നെന്നാണ് വിവരം. കഠിനാധ്വാനി എന്നാണ് ഫെന്‍ഡൗസെ എന്ന വാക്കിനര്‍ത്ഥം.
വെള്ളയും പച്ചയും നിറത്തിലുള്ള അന്തര്‍വാഹിനി പ്രകാശം പോലും എത്താത്ത പ്രദേശങ്ങളിലൂടെ സഞ്ചരിച്ചാണ് ലക്ഷ്യ സ്ഥാനത്തെത്തിയത്.
റോബോട്ടിക് കൈകളും സോണാര്‍ കണ്ണുകളുമുള്ള പേടകത്തിന്റെ ലക്ഷ്യം കടലിന്റെ അടിത്തട്ടിലെ പര്യവേഷണമാണ്. കടലിനടിയില്‍ നിന്ന് ബയോളജിക്കല്‍ സാമ്ബിളുകള്‍ ശേഖരിക്കാനായാണ് പേടകത്തിലെ റോബോട്ടിക് കൈകള്‍. ചുറ്റുമുള്ള വസ്തുക്കളെ കാണാനും തിരിച്ചറിയാനുമായാണ് പേടകത്തിന് ചുറ്റും സോണാറുകള്‍ ഘടിപ്പിച്ചിട്ടുള്ളത്. പേടകത്തിന്റെ ശേഷി പരിശോധിക്കാനായാണ് നിരന്തരമായി പരീക്ഷണങ്ങള്‍ നടത്തുന്നത്.
കടലിന്റെ അടിത്തട്ടിലുള്ള വിവിധ ജീവികളെയും മറ്റും കണ്ടെത്തിയതായി ചൈനീസ് അക്കാദമി ഒഫ് സയന്‍സിലെ ഗവേഷകര്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പഠനത്തിനായി ഇവയുടെ സാമ്ബിളുകള്‍ ശേഖരിക്കുമെന്നും പരീക്ഷണം വിജയമാകുന്നതിനു മുന്‍പ് രണ്ട് ട്രയലുകള്‍ നടത്തേണ്ടി വന്നതായും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.
ഈ മാസം ആദ്യം 10,909 മീറ്റര്‍ വരെ ആഴത്തിലെത്താന്‍ ഫെന്‍ഡോസെ പേടകത്തിന് കഴിഞ്ഞിരുന്നു. 2019ല്‍ അമേരിക്കന്‍ പര്യവേഷകര്‍ സൃഷ്ടിച്ച 10,927 മീറ്ററാണ് ലോകറെക്കോഡ്.

