പാരീസോ ജപ്പാനോ അല്ല ഇത് നമ്മുടെ ഇന്ത്യയാണ് , ചെറി ബ്ലോസം വിസ്മയം തീർക്കുന്ന ആ നഗരം ഇതാ

അതിമനോഹരമായ ചെറി പുഷ്പങ്ങള്‍ വിടര്‍ന്ന് പിങ്കും വെളുപ്പും ഇടകലര്‍ന്ന മായാലോകം. ചെറി ബ്ലോസം പെയ്തിറങ്ങുന്ന ഈ പ്രദേശം വാഷിംഗ്ടണെ പാരീസോ ജപ്പാനോ അല്ല, നമ്മുടെ ഇന്ത്യയാണ്. വടക്കു കിഴക്കന്‍ സംസ്ഥാനമായ മേഘാലയയിലെ ഷില്ലോംഗില്‍ നിന്നുള്ള വര്‍ണക്കാഴ്ചയാണിത്.

കൊവിഡ് മഹാമാരി ഇല്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ സഞ്ചാരികളുടെ പറുദീസയായി മാറുമായിരുന്നു ഷില്ലോംഗ്. പ്രകൃതി വിരിച്ച അതിമനോഹരമായ ഈ കാഴ്ച ഇപ്പോള്‍ ആളും ആരവവുമില്ലാതെ കടന്നുപോവുകയാണ്.

ജപ്പാനിലെയും പാരീസിലെയും ചെറി ബ്ലോസം കാണാന്‍ സാധിക്കാത്തവര്‍ ചെറിപ്പൂക്കള്‍ വീണുകിടക്കുന്ന ഷില്ലോഗിലെ വീഥികളിലേക്കാണ് ഓടിയെത്തുന്നത്. എല്ലാ വര്‍ഷവും ചെറി ബ്ലോസം സീസണില്‍ ഷില്ലോംഗില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ ചെറി ബ്ലോസം ഫെസ്റ്റിവല്‍ നടത്തുമായിരുന്നു. കൊവിഡായതിനാല്‍ ഇത്തവണ അത് മാറ്റിവച്ചു.
കൊവിഡ് മനുഷ്യരുടെ വരവ് തടഞ്ഞെങ്കിലും പ്രകൃതിയൊരുക്കിയ വര്‍ണവസന്തത്തെ തടയാനായില്ല. നവംബര്‍ അവസാനം വരെ ചെറിപ്പൂക്കള്‍ പൂത്തുനില്ക്കുമെന്നാണ് കരുതുന്നത്. ജപ്പാനേക്കാളും ഷില്ലോംഗിലെ ചെറി ബ്ലോസം കാണാനാണ് ഭംഗിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഹിമാലയത്തിന്റെ സമ്മാനമെന്നറിയപ്പെടുന്ന ഈ ചെറിപ്പൂക്കള്‍ വടക്ക് കിഴക്കന്‍ ഖാസി കുന്നുകളെ പിങ്ക് കടലാക്കി മാറ്റുന്നു. ജപ്പാനിലും പാരീസിലും നടത്തേണ്ടിയിരുന്ന ചെറി ബ്ലോസം ഫെസ്റ്റിവലുകളും ഈ വര്‍ഷം മാറ്റിവച്ചിരുന്നു. ജപ്പാനില്‍ ഏപ്രില്‍ മുതലുള്ള വസന്തകാലത്തിലാണ് ചെറി ബ്ലോസം സീസണ്‍. എന്നാല്‍ വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ നവംബര്‍ മാസത്തിലാണ് ചെറിപ്പൂക്കള്‍ പൂത്തുലയുന്നത്.

