ഇഞ്ചോടിഞ്ച് പോരാടി വെയ്ല്‍സും യുഎസ്എയും; മത്സരം സമനിലയില്‍

ദോഹ: ആദ്യ പകുതിയില്‍ നിറഞ്ഞ് കളിച്ച് യുഎസ്എ. രണ്ടാം പകുതി സ്വന്തമാക്കി വെയ്ല്‍സ്. ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ബിയില്‍ നടന്ന യുഎസ്എ – വെയ്ല്‍സ് മത്സരത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. തിമോത്തി വിയയുടെ ഗോളിന് ഒരു പെനാല്‍റ്റിയിലൂടെ ഗാരെത് ബെയ്ല്‍ മറുപടി നല്‍കിയപ്പോള്‍ മത്സരം സമനിലയില്‍ (1-1) കലാശിച്ചു.
ആദ്യ പകുതിയില്‍ വെയ്ല്‍സിനെ നിലംതൊടീക്കാതെയായിരുന്നു യുഎസ് മുന്നേറ്റങ്ങള്‍. ഇതോടെ 64 വര്‍ഷങ്ങള്‍ക്കു ശേഷം ലോകകപ്പില്‍ പന്തു തട്ടാനെത്തിയ വെയ്ല്‍സ് താരങ്ങള്‍ ആദ്യ പകുതിയില്‍ പന്ത് കിട്ടാതെ വലഞ്ഞു. മത്സരത്തിന്റെ തുടക്കം മുതല്‍ പന്തിന്‍മേല്‍ ഉണ്ടായിരുന്ന ആധിപത്യം യുഎസ്എ ആദ്യ പകുതിയിലുടനീളം തുടര്‍ന്നു. ലെഫ്റ്റ് ബാക്ക് ആന്റണി റോബിന്‍സണായിരുന്നു യുഎസ് നിരയില്‍ ഏറ്റവും അപകടകാരി. വെയ്ല്‍സ് പ്രതിരോധത്തെ കബളിപ്പിച്ച് താരം നിരന്തരം ബോക്‌സിലേക്ക് പന്തെത്തിച്ചുകൊണ്ടിരുന്നു. ഇതിനിടെ 10-ാം മിനിറ്റില്‍ ജോഷ് സര്‍ജന്റിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങുകയും ചെയ്തു.

