കാലൊടിഞ്ഞ വേദനയിൽ ആസ്യയെത്തി; മൊബൈൽ വെട്ടത്തിൽ സത്യപ്രതിജ്ഞ

പൊയിനാച്ചി: ചെമ്മനാട് പഞ്ചായത്തിലെ ഏഴാംവാർഡംഗമായ എം.ആസ്യയെ സത്യപ്രതിജ്ഞയ്ക്കെത്തിച്ചത് മറ്റുള്ളവർ ചേർന്ന് താങ്ങിയെടുത്ത്. വാർഡിലെ
വോട്ടർമാർക്ക് സത്യപ്രതിജ്ഞക്കുമുൻപ് നന്ദിയറിയിക്കാനുള്ള ഓട്ടത്തിലായിരുന്നു അവർ. ഞായറാഴ്ച ഒരു ഓട്ടോറിക്ഷയിൽ നാടാകെ പോയി. ഒടുവിൽ ഒരു കുന്നിറങ്ങി നടക്കുന്നതിനിടയിൽ തെന്നിവീണു. വേദനകൊണ്ട് പുളഞ്ഞ ആസ്യയെ ചെങ്കളയിലെ സഹകരണ ആസ്പത്രിയിലെത്തിച്ച് എക്സ്റേ എടുത്തപ്പോൾ വലതുകാലിന്റെ എല്ലൊടിഞ്ഞതായി വ്യക്തമായി. ശസ്ത്രക്രിയ ചെയ്ത് സ്റ്റീൽ ഇടണമെന്നായിരുന്നു ഡോക്ടറുടെ നിർദേശം. സത്യപ്രതിജ്ഞ കഴിഞ്ഞ് ശസ്ത്രക്രിയ നടത്താമെന്നേറ്റ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഇളയമകൾ ഷീനത്തിനും സഹോദരപുത്രൻ അബ്ദുൽറഹീമിനും പാർട്ടി പ്രവർത്തകർക്കുമൊപ്പം ഊന്നുവടിയുടെ സഹായത്തോടെ കാറിൽ പഞ്ചായത്ത് കാര്യാലയത്തിലെത്തുമ്പോൾ മുകൾനിലയിലെ ഹാളിൽ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.
താങ്ങിയെടുത്ത് അവരെ പഞ്ചായത്ത് ഓഫീസിൽ കൊണ്ടിരുത്തി. മറ്റു 22 അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തശേഷം മുതിർന്ന അംഗം മൂന്നാം വാർഡായ പെരുമ്പളയിൽനിന്നുള്ള കെ.കൃഷ്ണൻ (സി.പി.ഐ.) താഴെ വന്ന് ആസ്യക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. വേദന കടിച്ചമർത്തി വലതുകാൽ കസേരയിൽ കയറ്റി നീട്ടിയിരുന്നായിരുന്നു സത്യപ്രതിജ്ഞ നടന്നത്. വൈദ്യുതി നിലച്ചതിനാൽ മൊബൈൽ വെളിച്ചത്തിലാണ് പ്രതിജ്ഞ വായിച്ചത്. വരണാധികാരിയായ സഹകരണസംഘം അസി. രജിസ്ട്രാർ (ജനറൽ) എം.അനന്തൻ, ചെമ്മനാട് പഞ്ചായത്ത് സെക്രട്ടറി പി.ദേവദാസ് എന്നിവർ ചേർന്ന് പിന്നീട് നടപടികൾ പൂർത്തിയാക്കി. മൂന്നാംതവണയാണ് ആസ്യ യു.ഡി.എഫ്. ടിക്കറ്റിൽ ചെമ്മനാട് പഞ്ചായത്തംഗമാവുന്നത്. രണ്ടായിരത്തിലും ഇപ്രാവശ്യവും തെക്കിലിൽനിന്നും കഴിഞ്ഞ പ്രാവശ്യം ആറാംവാർഡായ ബന്താടുനിന്നും.
സത്യപ്രതിജ്ഞയ്ക്കുശേഷം ആസ്യയെ കാസർകോട്ടെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.