KSDLIVENEWS

Real news for everyone

1992 മാര്‍ച്ച് 27: കോണ്‍വെന്റിലെ കിണറ്റില്‍ കന്യാസ്ത്രീയുടെ മൃതദേഹം; പിന്നീട് സംഭവിച്ചത്‌

SHARE THIS ON

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റർ അഭയ കൊലക്കേസിൽ ഒടുവിൽ വിചാരണ കോടതി വിധി പ്രസ്താവിച്ചിരിക്കുന്നു. വർഷങ്ങൾ നീണ്ട അന്വേഷണങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിലാണ് കേസിന്റെ വിധി. ഏഴ് അന്വേഷണ ഉദ്യോഗസ്ഥരടക്കം 49 സാക്ഷികളെയാണ് കോടതിയിൽ വിസ്തരിച്ചത്.

ഏറെ കോളിളക്കം സൃഷ്ടിച്ച കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിൽ നിന്ന് 1993-ലാണ് സിബിഐ ഏറ്റെടുത്തത്. സിസ്റ്റർ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. എന്നാൽ സിബിഐ അന്വേഷണത്തിൽ ഇത് കൊലപാതകമാണെന്ന് കണ്ടെത്തുകയും 2008-ൽ ആരോപണ വിധേയരായ ഫാ. തോമസ് എം. കോട്ടൂർ, ഫാ. പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നീട് ഫാ. പൂതൃക്കയിലെ കോടതി പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി.

ഏറെ വിവാദമായ കേസിൽ നിരവധി സാക്ഷികൾ പ്രതിഭാഗത്തിന് അനുസൃതമായി കൂറുമാറിയതും വാർത്തകളായിരുന്നു. വിചാരണ വേളകൾ പലപ്പോഴും നാടകീയത നിറഞ്ഞതായിരുന്നു. നിരവധി നിയമ യുദ്ധത്തിന് ശേഷമാണ് കേസിൽ കൃത്യമായ അന്വേഷണം നടന്നത്. 28 വർഷം നീണ്ട നിയമ പോരാട്ടങ്ങൾക്കാണ് ഇതോടെ തീരുമാനമായത്. വിചാരണകോടതി വിധിക്കെതിരെ മേൽ കോടതികളിലെ അപ്പീലുകളുമായി നിയമ പോരാട്ടം ഇനിയും നീളാനാണ് സാധ്യത.

കേസിന്റെ നാൾവഴി ഇങ്ങനെ

* 1992 മാർച്ച് 27 കോട്ടയം പയസ് ടെൻത് കോൺവെന്റ് അന്തേവാസിനിയും ബി.സി.എം. കോളേജ് പ്രീഡിഗ്രി വിദ്യാർഥിനിയുമായ സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെന്റിലെ കിണറ്റിൽ കണ്ടെത്തി.

*1992 മാർച്ച് 31 ജോമോൻ പുത്തൻപുരയ്ക്കൽ കൺവീനറായി ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു.

*1993 ജനുവരി 30 സിസ്റ്റർ അഭയയുടെ മരണം ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ച്.

*1993 ഏപ്രിൽ 30 ഡിവൈ.എസ്.പി. വർഗീസ് പി.തോമസിന്റെ നേതൃത്വത്തിൽ സി.ബി.ഐ. കേസ് അന്വേഷണം ഏറ്റു.

*1993 ഡിസംബർ 30 വർഗീസ് പി.തോമസ് രാജിവെച്ചു.

*1994 മാർച്ച് 27 സി.ബി.ഐ. എസ്.പി. കേസ് ആത്മഹത്യയാക്കണമെന്നാവശ്യപ്പെട്ട് തനിക്കുമേൽ സമ്മർദ്ദം ചെലുത്തിയെന്ന് വർഗീസ് പി.തോമസ് വെളിപ്പെടുത്തി.

*1994 ജൂൺ 2 സി.ബി.ഐ. പ്രത്യേക സംഘത്തിന് അന്വേഷണച്ചുമതല.

*1996 ഡിസംബർ 6 തുമ്പുണ്ടാക്കാൻ കഴിയില്ലെന്നും അന്വേഷണം അവസാനിപ്പിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് സി.ബി.ഐ. എറണാകുളം സി.ജെ.എം. കോടതിയിൽ റിപ്പോർട്ട് നൽകി.

*1997 ജനുവരി 18 സി.ബി.ഐ. റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് അഭയയുടെ പിതാവ് ഹർജി നൽകി.

*1997 മാർച്ച് 20 പുനരന്വേഷിക്കാൻ എറണാകുളം സി.ജെ.എം. കോടതി ഉത്തരവിട്ടു.

*1999 ജൂലായ് 12 അഭയയെ കൊലപ്പെടുത്തിയതെന്ന് സി.ബി.ഐ. റിപ്പോർട്ട്. തെളിവുകൾ നശിപ്പിക്കപ്പെട്ടതിനാൽ പ്രതികളെ പിടികൂടാനാകുന്നില്ലെന്നും സി.ബി.ഐ.

*2000 ജൂൺ 23 സി.ബി.ഐ. ഹർജി എറണാകുളം സി.ജെ.എം. കോടതി തള്ളി. സത്യം പുറത്തുകൊണ്ടുവരണമെന്ന ആഗ്രഹത്തോടെയായിരുന്നില്ല സി.ബി.ഐ. അന്വേഷണമെന്നും കോടതി.

*2001 മേയ് 18 കേസിൽ കൂടുതൽ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം.

*2005 ഓഗസ്റ്റ് 21 കേസ് അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി സി.ബി.ഐ. മൂന്നാം തവണയും അപേക്ഷ നൽകി.

*2006 ഓഗസ്റ്റ് 30 സി.ബി.ഐ. ആവശ്യം കോടതി നിരസിച്ചു.

* 2007 ഏപ്രിൽ: അഭയ കേസിലെ ആന്തരികാവയവ പരിശോധനാ റിപ്പോർട്ടിൽ തിരുത്തൽ നടന്നുവെന്ന വെളിപ്പെടുത്തലോടെ കേസ് വീണ്ടും സജീവമാകുന്നു. കോട്ടയം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരുന്ന രജിസ്റ്ററിൽ നിന്ന് അഭയയുടെ റിപ്പോർട്ട് കാണാതായെന്നു കോടതിയിൽ പോലീസ് സർജന്റെ റിപ്പോർട്ട്.

* 2007 മേയ് 22: ഫൊറൻസിക് റിപ്പോർട്ടിൽ തിരുത്തൽ നടന്നതായി തിരുവനന്തപുരം സിജെഎം കോടതി വ്യക്തമാക്കുന്നു.

*2007 ജൂൺ 11 കേസ് അന്വേഷണം പുതിയ സി.ബി.ഐ. സംഘത്തിന്.

*2007 ജൂലായ് 6 കേസിൽ ആരോപണവിധേയരായവരെയും മുൻ എ.എസ്.ഐ.യെയും നാർകോ അനാലിസിസിന് വിധേയരാക്കാൻ കോടതി ഉത്തരവ്.

*2007 ഓഗസ്റ്റ് 3 നാർകോ പരിശോധന.

*2007 ഡിസംബർ 11 സി.ബി.ഐ. ഇടക്കാല റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.


*2008 ജനുവരി 21 പരിശോധനാ റിപ്പോർട്ട് സി.ബി.ഐ. സമർപ്പിച്ചു.

*2008 നവംബർ 18 ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പുതൃക്കയിൽ, സിസ്റ്റർ സ്റ്റെഫി എന്നീ പ്രതികളെ സി.ബി.ഐ. സംഘം അറസ്റ്റ് ചെയ്തു.

* 2008 നവംബർ 24: സിസ്റ്റർ അഭയയുടെ കൊലപാതകക്കേസ് അന്വേഷിച്ച മുൻ എ.എസ്.ഐ വി.വി. അഗസ്റ്റിൻ ആത്മഹത്യ ചെയ്തു. ആത്മഹത്യക്കുറിപ്പിൽ സി.ബി.ഐ. മർദ്ദിച്ചതായുള്ള ആരോപണം.

* 2008 ഡിസംബർ 29: പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കളയുന്നു.

* 2009 ജനുവരി 2: കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ഹേമ പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുന്നു.

* 2009 ജനുവരി 14: കേസിന്റെ മേൽനോട്ടം കേരള ഹൈക്കോടതിയുടെ ഒരു ഡിവിഷൻ ബെഞ്ച് ഏറ്റെടുക്കുന്നു.

*2018 ജനുവരി 22: കേസിലെ നിർണായക തെളിവുകളായിരുന്ന അഭയയുടെ ഡയറിയും വസ്ത്രങ്ങളും നശിപ്പിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ക്രൈം ബ്രാഞ്ച് മുൻ എസ്.പി. കെ.ടി. മൈക്കിളിനെ കോടതി നാലാം പ്രതിയാക്കി

*2018 മാർച്ച് 7: ഫാ. ജോസ് പൂതൃക്കയിലെ കേസിലെ പ്രതിസ്ഥാനത്തുനിന്ന് കോടതി ഒഴിവാക്കി.

* 2019 ഓഗസ്റ്റ് 26: സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് 27 വർഷങ്ങൾക്ക് ശേഷം കേസിൽ വിചാരണ ആരംഭിച്ചു

* 2020 ഡിസംബർ 22: കേസിൽ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധി പ്രസ്താവിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!