കായിക ലോകത്തെ എക്കാലത്തെയും ഇതിഹാസങ്ങളിലൊരാളായി വാഴ്ത്തപ്പെട്ട ജപ്പാന്‍ താരം ഷിംഗോ കുനീദ ടെന്നിസ് കോര്‍ട്ട് വിടുന്നു

കായിക ലോകത്തെ എക്കാലത്തെയും ഇതിഹാസങ്ങളിലൊരാളായി വാഴ്ത്തപ്പെട്ട ജപ്പാന്‍ താരം ഷിംഗോ കുനീദ ടെന്നിസ് കോര്‍ട്ട് വിടുന്നു.വീല്‍ചെയറിലിരുന്ന് 50 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും നാല് പാരാലിമ്ബിക് സ്വര്‍ണവുമുള്‍പ്പെടെ എണ്ണമറ്റ നേട്ടങ്ങളിലേക്ക് റാക്കറ്റ് പായിച്ചാണ് സുവര്‍ണ താരത്തിന്റെ മടക്കം. വിരമിക്കുമ്ബോഴും ലോക ഒന്നാം നമ്ബര്‍ പദവിക്കാരനെന്ന അപൂര്‍വ ചരിത്രവും ഷിംഗോക്കൊപ്പം.
”വേണ്ടതൊക്കെയും പൂര്‍ത്തിയാക്കിക്കഴിഞ്ഞുവെന്ന് കരുതുന്നു. ആഗ്രഹിച്ചതൊക്കെയും നേടുകയും ചെയ്തു”- ഷിംഗോ കുനീദ പറഞ്ഞു. ആസ്ട്രേലിയന്‍ ഓപണില്‍ മാത്രം 11 സിംഗിള്‍സ് കിരീടങ്ങളുടെ അവകാശിയാണ് ഷിംഗോ. കഴിഞ്ഞ വര്‍ഷം ആസ്ട്രേലിയന്‍ ഓപണു പുറമെ ഫ്രഞ്ച് ഓപണ്‍, വിംബിള്‍ഡണ്‍ എന്നിവയിലും സിംഗിള്‍സ് കിരീടം താരത്തിനായിരുന്നു. ഫ്രഞ്ച് ഓപണിലും യു.എസ് ഓപണിലും എട്ടു തവണ ചാമ്ബ്യനായിട്ടുണ്ട്.
വിംബിള്‍ഡണ്‍ ജയത്തോടെ കരിയര്‍ ഗോള്‍ഡന്‍ സ്ലാമും കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കി. ഡബ്ള്‍സില്‍ 22 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയതും അപൂര്‍വ ചരിത്രം. ടോകിയോ പാരാലിമ്ബിക്സില്‍ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതോടെ വിരമിക്കല്‍ തീരുമാനത്തിലേക്ക് മനസ്സു മാറിയിരുന്നതായും വിംബിള്‍ഡണിലും ജയിച്ചതോടെ ഇനിയൊട്ടും കളിക്കാനാകില്ലെന്നു വന്നതായും ഷിംഗോ പറയുന്നു.
ആസ്ട്രേലിയന്‍ ഓപണില്‍ വീല്‍ചെയര്‍ ടൂര്‍ണമെന്റ് ചൊവ്വാഴ്ച ആരംഭിക്കാനിരിക്കെയാണ് 38കാരന്റെ വിരമിക്കല്‍ പ്രഖ്യാപനം. അതോടെ, ബ്രിട്ടീഷ് താരം ആല്‍ഫി ഹ്യുവെറ്റ് ആകും ലോക ഒന്നാം നമ്ബറും ഒന്നാം സീഡും.
കുഞ്ഞുനാളിലേ ട്യൂമര്‍ ചലനംമുടക്കിയവന്‍; എന്നിട്ടും കീഴടങ്ങാത്ത പോരാളി
നട്ടെല്ലിന് ട്യൂമര്‍ കണ്ടെത്തി രണ്ടു വര്‍ഷം കഴിഞ്ഞ് 11ാം വയസ്സില്‍ റാക്കറ്റു പിടിച്ചാണ് ഷിംഗോയുടെ ടെന്നിസ് ജീവിതത്തിന് തുടക്കം. പിന്നീടെല്ലാം അതിവേഗത്തിലായിരുന്നു. കരിയറില്‍ 117 സിംഗിള്‍സ് കിരീടങ്ങള്‍. ഡബ്ള്‍സില്‍ 83ഉം. വീല്‍ചെയറില്‍ ലോക ഒന്നാംനമ്ബറായി വാണത് നീണ്ട 582 ആഴ്ച. പുരുഷ ടെന്നിസില്‍ ലോക റെക്കോഡുകാരനായ നൊവാക് ദ്യോകോവിച്ചിന്റെത് 373 ആഴ്ചയാണെന്നറിയണം.
ഏറെ വൈകി കൈമുട്ടിന് ശസ്ത്രക്രിയ നടന്നപ്പോഴും അവന്‍ തിരിച്ചുവന്നത് സമീപ കാല ചരിത്രം. അതിനു ശേഷം 2021ലായിരുന്നു ടോകിയോ പാരാലിമ്ബിക് ഗെയിംസില്‍ ഷിംഗോ ലോകം ജയിച്ചത്. ചടങ്ങില്‍ അത്‍ലറ്റുകള്‍ക്കായുള്ള പ്രതിജ്ഞ ചൊല്ലിയതും താരമായിരുന്നു.
താരത്തിന്റെ ചുവടുപിടിച്ച് നിരവധി പേരാണ് ജപ്പാനില്‍നിന്ന് പാരാലിമ്ബിക് ടെന്നിസില്‍ സാന്നിധ്യമായുള്ളത്. ആദ്യ 12 പേരില്‍ നാലുപേര്‍ നിലവില്‍ ജപ്പാനില്‍നിന്നുണ്ട്.

