കല്ലക്കട്ട മജ്മഅ് സിൽവർ ഇയർ പ്രഖ്യാപന സമ്മേളം നാളെ: സന്ദേശ യാത്രക്ക് പ്രൗഡ തുടക്കം

വിദ്യാനഗർ: വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിൽ രണ്ടര പതിറ്റാണ്ടിലേക്ക് കടക്കുന്ന കല്ലക്കട്ട മജ്മഉൽ ഹിഖ്‌മത്തിൽ ഐദറൂസിയ സ്ഥാപന സമുച്ചയത്തിന്റെ സിൽവർ ഇയർ പ്രഖ്യാപനസമ്മേളനം ഈ മാസം 24നു കല്ലക്കട്ടയിൽ നടക്കും.
വൈകിട്ട് 5നു ആരംഭിക്കുന്ന സമ്മേളനം ചെയർമാൻ സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങളുടെ അധ്യക്ഷതയിൽ എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ അംഗം സഅദുൽ ഉലമ എ പി അബ്ദുല്ല മുസ്‌ലിയാർ ആമുഖപ്രഭാഷണം നടത്തും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീർ അഹദൽ തങ്ങൾ സിൽവർ ജൂബിലി പ്രഖ്യാപനം നടത്തും. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ബദ്രിയ അബ്ദുൽ ഖാദർ ലോഗോ പ്രകാശനം ചെയ്യും.
സമസ്ത സെക്രട്ടറി പേരോട് അബ്ദു റഹ്മാൻ സഖാഫി മുഖ്യപ്രഭാഷണവും അബ്ദു റഷീദ് സൈനി കക്കിഞ്ച സന്ദേശ പ്രഭാഷണവും നടത്തും. ഒരു വർഷത്തെ കർമ്മ പദ്ധതി സമ്മേളനത്തിൽ പ്രഖ്യാപിക്കും. സ്വാഗതസംഘം ഭാരവാഹി പ്രഖ്യാപനവും സംഗമത്തിൽ നടക്കും. മൂന്നു മണിക്ക് നടക്കുന്ന സിയാറത്തിന് സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ നേതൃത്വം നൽകും. പള്ളംകോട് അബ്ദുൽ ഖാദർ മദനി പതാക ഉയർത്തും. പരിപാടിയുടെ പ്രചരണ ഭാഗമായി നടക്കുന്ന സന്ദേശ യാത്ര തളങ്കര മാലിക് ദീനാറിൽ നിന്ന് ആരംഭിച്ചു. കല്ലക്കട്ട മജ്മഅ് ചെയർമാൻ സയ്യിദ് മുഹമ്മദ് ഇബ്റാഹിം പൂക്കുഞ്ഞി തങ്ങൾ യാത്ര നായകൻ സയ്യിദ് ആരിഫ് തങ്ങൾക്ക് പതാക കയ്മാറി.

