KSDLIVENEWS

Real news for everyone

ഐ.പി.എൽ ആദ്യമത്സരത്തിൽ കൊൽക്കത്തയെ തകർത്ത് ബെംഗളൂരു: ആർ.സി.ബി-യുടെ ജയം 7 വിക്കറ്റിന്; കോലിക്ക് അർധ സെഞ്ചുറി

SHARE THIS ON

കൊല്‍ക്കത്ത: ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ടാറ്റാ ഐപിഎല്‍) ആദ്യമത്സരത്തില്‍ ആതിഥേയരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഏഴ് വിക്കറ്റിനാണ് ആര്‍സിബിയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം 22 പന്തുകൾ ബാക്കി നില്‍ക്കെ ആര്‍സിബി മറികടന്നു.

വിരാട് കോലിയുടേയും ഫില്‍ സാള്‍ട്ടിന്റേയും അര്‍ധശതകങ്ങളാണ് ബെംഗളൂരുവിന്റെ വിജയത്തിന് നെടുംതൂണായത്. നാല് ഫോറും മൂന്ന് സിക്സറുകളുമായി 30 പന്തുകളിലാണ് കോലി അർധ ശതകം നേടിയത്. 25 പന്തിൽ എട്ട് ഫോറും രണ്ട് സിക്സുമുൾപ്പെടെയാണ് സാൾട്ടിന്റെ 50 റൺസ് നേട്ടം.

ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത ബാറ്റിങ് തുടങ്ങിയത് പതര്‍ച്ചയോടെയായിരുന്നെങ്കിലും പിന്നീട് നില വീണ്ടെടുക്കുകയായിരുന്നു. പത്താം ഓവറിൽ നൂറ് കടന്നെങ്കിലും മൂന്ന് വിക്കറ്റുകൾ അതിനകം നഷ്ടമായിരുന്നു. അജിങ്ക്യ രഹാനെ-സുനിൽ നരെയ്ൻ കൂട്ടുകെട്ടാണ് കൊല്‍ക്കത്തയെ മുന്നോട്ട് നയിച്ചത്. രഹാനെ അർധസെഞ്ചുറി നേടി.

അഞ്ചാം പന്തില്‍ ക്വിന്റണ്‍ ഡി കോക്കിന്റെ (4) വിക്കറ്റാണ് കൊൽക്കത്തയ്ക്ക് ആദ്യം നഷ്ടമായത്. ജോഷ് ഹേസല്‍വുഡാണ് ഡി കോക്കിന്റെ വിക്കറ്റ് വീഴ്ത്തിയത്. സുനില്‍ നരെയ്ന്‍ (44), അജങ്ക്യ രഹാനെ (56), വെങ്കടേഷ് അയ്യര്‍ (6), അങ്ക്രിഷ് രഘുവംശി (30), റിങ്കു സിങ് (12), ആന്ദ്രെ റസല്‍ (4), ഹര്‍ഷിത് റാണ (5) എന്നിവരുടെ വിക്കറ്റുകളാണ് പിന്നീട് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്

31 പന്തിൽ 56 റൺസാണ് അജിങ്ക്യ രഹാനെ നേടിയത്. ആറ് ഫോറുകളും നാല് സിക്സറുകളുമാണ് രഹാനെ അടിച്ചുകൂട്ടിയത്. ക്രുനാൽ പാണ്ഡ്യയുടെ പന്തിൽ റാസിഖ് സലാമിന്റെ കൈകളിലൂടെയാണ് രഹാനെ പുറത്തായത്.

ആർസിബിക്കായി ക്രുനാൽ പാണ്ഡ്യ മൂന്ന് വിക്കറ്റും ജോഷ് ഹേസല്‍വുഡ് രണ്ട് വിക്കറ്റും യാഷ് ദയാൽ, റാസിക് സലാം, സുയാഷ് ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ എന്നിവരാണ് കൊല്‍ക്കത്തയ്ക്കായി വിക്കറ്റുകള്‍ വീഴ്ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!