പോരാട്ടം നമ്മള് തമ്മിലാണ്, അതിലേക്ക് എന്റെ മാതാപിതാക്കളെ വലിച്ചിഴയ്ക്കരുത്- മോദിയോട് കെജ്രിവാള്

ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രശ്നങ്ങളിലേക്ക് തന്റെ മാതാപിതാക്കളെ വലിച്ചിഴയ്ക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ബൈഭവ് കുമാറില്‍നിന്ന് അതിക്രമം നേരിട്ടെന്ന എ.എ.പി. രാജ്യസഭാ എം.പി. സ്വാതി മലിവാളിന്റെ പരാതിയുമായി ബന്ധപ്പെട്ട് കെജ്രിവാളിന്റെ മാതാപിതാക്കളെ ചോദ്യംചെയ്യാന്‍ ഡല്‍ഹി പോലീസ് തീരുമാനിച്ചതിന് പിന്നാലെയായിരുന്നു കെജ്രിവാളിന്റെ അപേക്ഷ.
‘നിങ്ങളുടെ പോരാട്ടം എനിക്കെതിരെയാണ്. അതിന്റെ പേരില്‍ എന്റെ പ്രായമായ, സുഖമില്ലാത്ത മാതാപിതാക്കളെ ഉപദ്രവിക്കരുത്. ദൈവം ഇതെല്ലാം കാണുന്നുണ്ട്. അതുകൊണ്ട്, നരേന്ദ്രമോദിയോടുള്ള എന്റെ അപേക്ഷ ഇതാണ്.. പ്രധാനമന്ത്രി, എന്നെ ഇല്ലാതാക്കാന്‍ നിങ്ങള്‍ പലവഴികളിലൂടെയും ശ്രമിച്ചു. നിങ്ങളെന്നെ അറസ്റ്റ് ചെയ്യിച്ചു, തിഹാര്‍ ജയിലില്‍വെച്ച് പലവിധത്തില്‍ പീഡിപ്പിച്ചു. എന്നാല്‍, അതിലൊന്നും ഞാന്‍ തളര്‍ന്നില്ല.
പക്ഷേ, ഇന്ന് നിങ്ങള്‍ മര്യാദയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചു. നിങ്ങള്‍ എന്റെ മാതാപിതാക്കളെ ഇതിലേക്ക് വലിച്ചിഴച്ചു. എന്റെ അമ്മ സുഖമില്ലാതിരിക്കുകയാണ്. മാര്‍ച്ച് 21-ന് അവര്‍ ആശുപത്രിയില്‍നിന്ന് വീട്ടിലെത്തിയ ദിവസമാണ് നിങ്ങളെന്നെ അറസ്റ്റ് ചെയ്തത്. എന്റെ അച്ഛന് 85 വയസുണ്ട്. അദ്ദേഹത്തിന് കേള്‍വിക്കുറവുണ്ട്. അവര്‍ എന്ത് തെറ്റുചെയ്തെന്നാണ് നിങ്ങള്‍ പറയുന്നത്? അവരെ എന്തിനാണ് പോലീസ് ചോദ്യം ചെയ്യുന്നത്?’, കെജ്രിവാള് ചോദിച്ചു.
ഞാന്‍ എന്റെ മാതാപിതാക്കള്‍ക്കും ഭാര്യക്കുമൊപ്പം പോലീസ് എത്താനായി കാത്തിരിക്കുകയാണ്. ഇന്നലെ, മെയ് 22-ന് ഡല്‍ഹി പോലീസ് എന്റെ മാതാപിതാക്കളെ ഫോണില്‍ ബന്ധപ്പെടുകയും ചോദ്യംചെയ്യലിനായി സമയം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, പിന്നീട് പോലീസ് ഞങ്ങളെ ബന്ധപ്പെടുകയോ എപ്പോഴാണ് ചോദ്യംചെയ്യലിനായി എത്തുകയെന്ന് അറിയിക്കുകയോ ചെയ്തിട്ടില്ല, കെജ്രിവാള് പറയുന്നു.
അതേസമയം, ചോദ്യംചെയ്യല്‍ അടുത്ത ദിവസത്തേക്ക് മാറ്റിവെച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പോലീസ് മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയായിരിക്കും ചോദ്യം ചെയ്യുക.
മെയ് 13-ന് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാനായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ എത്തിയ സ്വാതി മലിവാളിന് കെജ്രിവാളിന്റെ അടുത്ത അനുയായിയായ ബൈഭവ് കുമാറില്‍നിന്ന് അതിക്രമം നേരിട്ടെന്നാണ് പരാതി. സംഭവസമയത്ത് കെജ്രിവാളിന്റെ വീട്ടിലുണ്ടായിരുന്ന എല്ലാവരേയും ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ മാതാപിതാക്കളേയും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
സംഭവം നടക്കുമ്പോള്‍ കെജ്രിവാളിന്റെ മാതാപിതാക്കളും ഭാര്യയും വീട്ടിലുണ്ടായിരുന്നുവെന്ന് സ്വാതി മജിസ്ട്രേറ്റിന് മുന്നില്‍ മൊഴിനല്കിയിട്ടുള്ളതായി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

