KSDLIVENEWS

Real news for everyone

കാസർകോട് രാജപുരം സ്വദേശിയുടെ കൊലപാതകം പ്രതിപ്പട്ടികയില്‍ പതിനാറുകാരനും

SHARE THIS ON

കാസര്‍കോട്: ബംഗളൂരുവില്‍ മലയാളിയായ രാജപുരം സ്വദേശി യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പതിനാറുകാരനെ കൂടി പൊലീസ് പ്രതിചേര്‍ത്തു. അറസ്റ്റിലായ രണ്ട് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. സൗത്ത് ബംഗളൂരുവിലെ ജിഗനിക്ക് സമീപം താമസിക്കുന്ന പുട്ടരാജു(27), ശ്രീനിവാസ് (19) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. പതിനാറുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.

രാജപുരം പൈനിക്കര ചേരുവേലില്‍ സനു തോംസണി(30)നെ കൊലപ്പെടുത്തിയ കേസിലെ മൂന്നുപ്രതികളും അറസ്റ്റിലായതോടെ വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പൊലീസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാനുള്ള ശ്രമം തടഞ്ഞപ്പോള്‍ മൂന്നംഗസംഘം സനുതോംസണിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10.45 മണിയോടെ സൗത്ത് ബംഗളൂരുവിലെ ജിഗനിയില്‍ ബൈക്കിലെത്തിയ പതിനാറുകാരന്‍ അടക്കമുള്ള മൂന്നംഗസംഘം സനുവിന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമം നടത്തുകയായിരുന്നു. ചെറുത്തപ്പോള്‍ സനുവിനെ കുത്തിവീഴ്ത്തി സംഘം കടന്നുകളയുകയാണുണ്ടായത്.

ജിഗനിയിലെ ടാറ്റ അഡ്വാന്‍സ് സിസ്റ്റംസ് ലിമിറ്റഡ് എന്ന കമ്ബനിയിലെ ഉദ്യോഗസ്ഥനായ സനുതോംസണ്‍ രാത്രി ജോലികഴിഞ്ഞ് കമ്ബനിയില്‍ നിന്ന് ഇറങ്ങി സമീപത്തുള്ള താമസസ്ഥലത്തേക്ക് പോകുമ്ബോഴാണ് സംഭവം. അതേസമയം മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാനുള്ള പ്രതികളുടെ ശ്രമം പരാജയപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.

അന്വേഷണം ഊര്‍ജ്ജിതമാക്കണം: കെ.സി.സി

സനു തോംസണിന്റെ കൊലപാതകത്തിന് ഉത്തരവാദികളായ പ്രതികള്‍ക്ക് മതിയായ ശിക്ഷ ഉറപ്പുവരുത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് കെ.സി.സി രാജപുരം യൂണിറ്റ് കേരളകര്‍ണ്ണാടക മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് ഷാജി ചാരാത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോസ് തോമസ് മരുതൂര്‍ സ്വാഗതവും ബോബി ജോസഫ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!