ജ്വല്ലറിയിൽ നിന്നും 3.25 കിലോ സ്വര്‍ണ്ണം കവര്‍ന്നതിലെ വസ്തുത; ദുരൂഹതയുടെ 5 ഘട്ടങ്ങൾ ചൂണ്ടിക്കാണിച്ച് അന്യേഷണ ഉദ്യോഗസ്ഥർ
കയ്പമംഗലം: പെരിഞ്ഞനം മൂന്നുപീടിക സ്വര്‍ണ്ണ കവര്‍ച്ച കേസില്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ടുവോയെന്നതില്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നീങ്ങുന്നു. കുറച്ചു നാളുകളായി അടഞ്ഞു കിടക്കുന്ന ജ്വല്ലറിയില്‍ അറ്റകുറ്റപണി നടക്കുന്നതിനിടയില്‍ മൂന്നേ കാല്‍ കിലോ സ്വര്‍ണ്ണം നഷ്ടപെട്ടോ എന്നത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും സ്ഥിരീകരണമില്ല.
സ്വര്‍ണ്ണം ജ്വല്ലറിയിലോ, രഹസ്യ അറയിലോ ഉണ്ടായിരുന്നില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ഇന്നലെയും ജില്ല റൂറല്‍ എസ്.പി ആര്‍. വിശ്വനാഥ് കയ്പമംഗലം സ്റ്റേഷനിലെത്തി ജ്വല്ലറിയുമായി ബന്ധപെട്ടുള്ളവരുടെ കൂടുതല്‍ മൊഴിയെടുത്തെങ്കിലും ദുരൂഹത തുടരുകയാണെന്നാണ് സൂചന.
ദേശീയപാത 66 പെരിഞ്ഞനം മൂന്നുപീടികയിലെ ഗോള്‍ഡ് ഹാര്‍ട്ട് ജുവലറിയില്‍ നിന്ന് ഭിത്തി കുത്തിത്തുരന്നാണ് മൂന്നേ കാല്‍ കിലോ സ്വര്‍ണ്ണം കവര്‍ന്നത്. തൃശൂര്‍ റൂറല്‍ എസ്.പി ആര്‍. വിശ്വനാഥനടക്കം ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവദിവസം മുതല്‍ സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിരുന്നു. പത്തോളം സി.സി.ടി.വി കാമറയുളള ജ്വല്ലറിയിലും രഹസ്യ അറയിലും ഒന്നു പോലും പ്രവര്‍ത്തിക്കാത്തത് ദുരൂഹമാണ്. അസമയത്ത് ആരെങ്കിലും എത്തിയാല്‍ മുഴങ്ങുന്ന ജാഗ്രത അലാറവും നിശബ്ദമായിരുന്നു. പുറത്തു നിന്ന് ഭിത്തി തുരന്നത് ഗോവണിയുടെ കോണ്‍ക്രീറ്റ് സ്ലാബിലെ സ്റ്റെപ്പിന് മുകളില്‍ വന്നത് അകത്ത് നിന്ന് തുളയുണ്ടാക്കിയതിന്റെ സൂചനയാണെന്നുമാണ് ലഭിക്കുന്ന വിവരം. നിരവധി ലോക്കുകളുള്ള അണ്ടര്‍ ഗ്രൗണ്ട് രഹസ്യ അറ പൊളിക്കാതെ തുറന്നതെങ്ങനെ എന്ന സംശയവും നിലനില്‍ക്കുന്നു. പൊലീസ് നായ അകലേക്കൊന്നും പോകാത്തതും ഈ സംശയങ്ങളെ ബലപ്പെടുത്തുന്നു. അന്വേഷണം നടക്കുന്നുണ്ടെന്നും, പ്രതികളെ എത്രയും പെട്ടെന്നു പിടികൂടാനാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
നീങ്ങണം ദുരൂഹതയുടെ അഞ്ച് പടവുകള്‍
1. മോഷണം അറ്റകുറ്റപണി നടക്കുന്ന വേളയില്‍
2. പത്ത് സിസിടിവി കാമറകള്‍ കണ്ണടച്ചത്
3. അലാറം സംവിധാനം നിശബ്ദമായത്
4. ഭിത്തി തുരന്നത് കോണ്‍ക്രീറ്റ് സ്ളാബിലെ സ്റ്റെപ്പിന് മുകളില്‍ വന്നത്
5. അണ്ടര്‍ ഗ്രൗണ്ടിലെ രഹസ്യ അറ പൊളിക്കാതെ തുറന്നത്