88 ഭീകര സംഘടനകൾക്ക് പാകിസ്താൻ ഉപരോധം ഏർപ്പെടുത്തി
ഇസ്ലാമാബാദ്
താലിബാനും അല്‍ ഖായ്ദയും ഐഎസും ഇന്ത്യാവിരുദ്ധ സംഘങ്ങളുമടക്കം 88 ഭീകരസംഘടനയ്ക്കും അവയുടെ നേതാക്കള്‍ക്കും പാകിസ്ഥാന്‍ സാമ്ബത്തിക ഉപരോധം ഏര്‍പ്പെടുത്തി. ജമാഅത്ത് ദുവാ, അതിന്റെ നേതാവ് ഹാഫിസ് സയീദ്, ജയ്ഷെ മുഹമ്മദ്, അതിന്റെ തലവന്‍ മസൂദ് അസര്‍, 1993ലെ മുംബൈ സ്ഫോടനങ്ങളെത്തുടര്‍ന്ന് ഇന്ത്യയുടെ നോട്ടപ്പുള്ളിയായ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം തുടങ്ങിയവര്‍ ഉപരോധം നേരിടുന്നവരിലുണ്ട്. യുഎന്‍ രക്ഷാസമിതി പുറത്തുവിട്ട പട്ടികയിലെ സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമാണ് ഉപരോധം. ദാവൂദിന്റെ കറാച്ചി വിലാസമാണ് വിജ്ഞാപനത്തിലുള്ളത്. ആദ്യമായാണ് ദാവൂദ് പാകിസ്ഥാനിലുള്ളതായി പാക് അധികൃതര്‍ സമ്മതിക്കുന്നത്.
പാരീസ് കേന്ദ്രമായ ധന നടപടി ദൗത്യ സേനയുടെ(എഫ്‌എടിഎഫ്) കരിമ്ബട്ടികയില്‍ വരുന്നത് ഒഴിവാക്കാനും നിലവിലുള്ള ‘ചാര’ പട്ടികയില്‍നിന്ന് പുറത്തുവരാനുമാണ് പാകിസ്ഥാന്റെ നടപടി.
ചാരപ്പട്ടികയില്‍ തുടരുന്നത് പാകിസ്ഥാന് ലോകബാങ്ക്, ഐഎംഎഫ്, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയവയുടെ വായ്പകളും സഹായവും ലഭിക്കാന്‍ തടസ്സമാണ്. കള്ളപ്പണം വെളുപ്പിക്കലും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണമൊഴുക്കുന്നതും തടയുന്നതിനുള്ള അന്താരാഷ്ട്ര സംവിധാനമാണ് എഫ്‌എടിഎഫ്. ജൂണില്‍ വെര്‍ച്വലായി ചേര്‍ന്ന മൂന്നാമത്തെയും അവസാനത്തെയും പ്നീനറിയില്‍ പാകിസ്ഥാനെ ചാരപ്പട്ടികയില്‍ നിലനിര്‍ത്താന്‍ എഫ്‌എടിഎഫ് തീരുമാനിച്ചിരുന്നു. നിലവില്‍ ചൈനയുടെ ഷിയാങ്മിന്‍ ലിയുവാണ് ഇതിന്റെ തലവന്‍.
ഉപരോധം സംബന്ധിച്ച് 18നാണ് പാകിസ്ഥാന്‍ രണ്ട് വിജ്ഞാപനം ഇറക്കിയത്. ഉപരോധം ഏര്‍പ്പെടുത്തപ്പെട്ട നേതാക്കളുടെയും സംഘടനകളുടെയും പാകിസ്ഥാനിലെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ടു. ഇവരുടെ പാക് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും.
ഇവര്‍ ധനസ്ഥാപനങ്ങള്‍വഴി പണമയക്കുന്നതും ആയുധം വാങ്ങുന്നതും വിദേശത്ത് പോകുന്നതും വിലക്കി. അഫ്ഗാനിസ്ഥാനിലെ മുന്‍ സോഷ്യലിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ 1980കളുടെ തുടക്കത്തില്‍ അമേരിക്കന്‍ സഹായത്തോടെ പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ താലിബാന്‍ നേതാക്കള്‍ക്ക് ഇവിടെ വലിയ ബിസിനസുകളുണ്ട്. അമേരിക്കയും താലിബാനുമായി ഫ്രെബുവരിയില്‍ സമാധാന കരാറില്‍ എത്തിയതിന്റെ തുടര്‍ച്ചയില്‍ താലിബാനും അഫ്ഗാന്‍ അധികൃതരും തമ്മില്‍ അനുരഞ്ജന ചര്‍ച്ച നടക്കുകയാണ്. ഇപ്പോള്‍ നിര്‍ജീവമായ പാക് താലിബാന്‍ എന്ന തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്റെ (ടിടിപി) നേതാക്കള്‍ക്കും അംഗങ്ങള്‍ക്കുമുള്ള സമ്ബൂര്‍ണ നിരോധനം ശരിവച്ചിട്ടുണ്ട്.
2018 ജൂണിലാണ് പാകിസ്ഥാന്‍ എഫ്‌എടിഎഫിന്റെ ചാരപ്പട്ടികയിലായത്. ഒക്ടോബറിനകം എഫ്‌എടിഎഫ് നിര്‍ദേശങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ കരിമ്ബട്ടികയിലാകുമെന്ന ഭീഷണി നേരിടുകയാണ്. അതിനിടെ പാക് സര്‍ക്കാരും പ്രതിപക്ഷവും സമവായത്തില്‍ എത്തിയതിന്റെ അടിസ്ഥാനത്തില്‍ 12ന് പാര്‍ലമെന്റിന്റെ അധോസഭ എഫ്‌എടിഎഫിന്റെ കര്‍ക്കശ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് നാല് ബില്‍ പാസാക്കിയിരുന്നു. ഇറാനും ഉത്തര കൊറിയയുമാണ് എഫ്‌എടിഎഫിന്റെ കരിമ്ബട്ടികയില്‍ ഉള്ള രാജ്യങ്ങള്‍.